കാരക്കസ്: യു എസ് ലക്ഷ്യമിട്ടത് കരാക്കാസിലെയും മറ്റ് പ്രധാന പ്രദേശങ്ങളിലെയും നിര്‍ണായക സൈനിക കേന്ദ്രങ്ങളെ.
കരാക്കാസിന് സമീപം ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പും വെനിസ്വേല നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വെനിസ്വേലയെ ലക്ഷ്യമിട്ട് അമേരിക്ക വ്യാപകമായ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ കുറിപ്പില്‍, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും 'പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി' എന്നാണ് ട്രംപ് അവകാശപ്പെട്ടത്.
'വെനിസ്വേലയ്ക്കും അവിടുത്തെ നേതാവിനുമെതിരെ അമേരിക്ക വിജയകരമായി വലിയ തോതിലുള്ള ആക്രമണം നടത്തി,' ട്രംപ് കുറിച്ചു.
ഇതിന് മുമ്പ്, മദുറോ സര്‍ക്കാരിനെതിരായ സമ്മര്‍ദ്ദനയത്തിന്റെ ഭാഗമായാണ് ശനിയാഴ്ച പുലര്‍ച്ചെ വെനിസ്വേലയിലെ സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ഈ സൈനിക നടപടികള്‍ക്കൊടുവില്‍, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും എലിറ്റ് ഡെല്‍റ്റ ഫോഴ്സ് സേന പിടികൂടി രാജ്യത്തിന് പുറത്തേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, മദുറോയും ഭാര്യയും ജീവനോടെയുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ട് വെനിസ്വേലന്‍ ഉപരാഷ്ട്രപതി ഡെല്‍സി റോഡ്രിഗസ് രംഗത്തെത്തി. ഇവര്‍ എവിടെയാണെന്നതിനെക്കുറിച്ചും അവര്‍ സംശയം പ്രകടിപ്പിച്ചു.
അമേരിക്കന്‍ മാധ്യമങ്ങളായ സി ബി എസ് ന്യൂസും ഫോക്‌സ് ന്യൂസും ട്രംപ് ഭരണകൂടത്തിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ സൈനിക നടപടികളില്‍ അമേരിക്കന്‍ സേന പങ്കെടുത്തതായി റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ഏകദേശം 2 മണിയോടെ കരാക്കാസില്‍ സ്‌ഫോടന ശബ്ദങ്ങളും താഴ്ന്ന് പറക്കുന്ന വിമാനങ്ങളും കണ്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ പൂര്‍ണ വ്യാപ്തി സ്ഥിരീകരിച്ചുവരികയാണ്.
സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടല്ല, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുകയാണ് നടപടികളുടെ ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.
കരീബിയന്‍ മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം. നാവികസേന, വ്യോമസേന, മയക്കുമരുന്ന് കടത്തിനെതിരായ മുന്‍ നടപടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച, മയക്കുമരുന്ന് കടത്തിനെതിരായ സഹകരണത്തിനായി അമേരിക്കയുമായി കരാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വെനിസ്വേല അറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍, നഗരത്തിലെ പല ഭാഗങ്ങളില്‍ നിന്നും കനത്ത പുക ഉയരുന്നതും വ്യോമാക്രമണ സൈറണ്‍ മുഴങ്ങുന്നതും കാണാം.
ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ, കരാക്കാസിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
നഗരമധ്യത്തിലുള്ള ലാ കാര്‍ലോട്ട സൈനിക വിമാനത്താവളത്തിലും മദുറോ താമസിക്കുന്നതായി കരുതപ്പെടുന്ന ഫുവേര്‍ട്ടെ തിയൂന സൈനിക താവളത്തിലും നിന്നാണ് പുക ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഏകദേശം 30 മിനിറ്റോളം സ്‌ഫോടനങ്ങള്‍ തുടര്‍ന്നു. ചില പ്രദേശങ്ങളില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍, മറ്റുചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടതും കേട്ടതും പങ്കുവച്ചു.
രണ്ട് മണിക്കൂറുകള്‍ക്കുശേഷവും നഗരത്തിലെ ചില ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങിയിരുന്നെങ്കിലും വാഹന ഗതാഗതം തുടരുകയായിരുന്നു.
പ്രസിഡന്റ് മദുറോയുടെ സര്‍ക്കാര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. അമേരിക്ക നടത്തിയതെന്ന് ആരോപിക്കുന്ന ഈ നടപടി 'അതീവ ഗുരുതരമായ സൈനിക ആക്രമണം' ആണെന്നും ഭരണകൂടം മാറ്റാന്‍ വാഷിങ്ടണ്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ദേശവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിരോധം ശക്തമാക്കാനും രാഷ്ട്രീയ- സാമൂഹിക ശക്തികളെ സജ്ജമാക്കാനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തു.
വെനിസ്വേലന്‍ ഭൂപ്രദേശത്തെയും ജനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ അതീവ ഗുരുതരമായ സൈനിക ആക്രമണത്തെ തങ്ങള്‍ ശക്തമായി നിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍, ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ 'തുറന്ന ലംഘനം' എന്നാണ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇത് അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും, ലക്ഷക്കണക്കിന് ജീവനുകള്‍ അപകടത്തിലാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിരാണ്ട, അരാഗ്വ, ലാ ഗൈ്വറ സംസ്ഥാനങ്ങളിലെയും കരാക്കാസിലെയും സിവിലിയന്‍- സൈനിക കേന്ദ്രങ്ങളാണ് ആക്രമണ ലക്ഷ്യമെന്ന് ഗില്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ എണ്ണയും ഖനിജങ്ങളും ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിഭവങ്ങള്‍ പിടിച്ചെടുക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ സ്വാതന്ത്ര്യം തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. 'അവര്‍ വിജയിക്കില്ല,' അദ്ദേഹം പറഞ്ഞു.
വെനിസ്വേലയുടെ ദേശീയ പരമാധികാരത്തെയും ഭൗമ ഐക്യത്തെയും ലംഘിച്ച അമേരിക്കന്‍ ആക്രമണത്തെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
ക്യൂബയുടെയും കൊളംബിയയുടെയും നേതാക്കള്‍ അമേരിക്കന്‍ സൈനിക നടപടികള്‍ക്കെതിരെ രംഗത്തെത്തി.
വെനിസ്വേലയെതിരായ കുറ്റകരമായ അമേരിക്കന്‍ ആക്രമണത്തിനെതിരെ അടിയന്തരമായി അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ദിയാസ്-കാനല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇത് വെനിസ്വേലന്‍ ജനങ്ങളോടും നമ്മുടെ അമേരിക്കയോടുമുള്ള ീകരത ആണെന്നും അദ്ദേഹം പറഞ്ഞു.
കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ വെനിസ്വേലയിലെ സ്‌ഫോടനങ്ങളും അസാധാരണമായ വ്യോമ പ്രവര്‍ത്തനങ്ങളും ആശങ്കാജനകമാണെന്ന് വ്യക്തമാക്കി. സാധാരണ ജനങ്ങളെ അപകടത്തിലാക്കുന്ന ഏകപക്ഷീയ സൈനിക നടപടികള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
