ന്യൂയോര്‍ക്ക് : യുഎസ് സൈന്യം നടത്തിയ നാടകീയ സൈനിക നീക്കത്തിനൊടുവില്‍ പിടികൂടിയ വെനിസ്വേലയിലെ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ അധികൃതര്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വെനിസ്വേലന്‍ തലസ്ഥാനമായ കരക്കാസില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും യുഎസ് സൈന്യത്തിന്റെ പിടിയിലായത്.
അറസ്റ്റിനു മണിക്കൂറുകള്‍ക്കകം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെനിസ്വേലയിലെ അധികാരം താല്‍ക്കാലികമായി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സമ്പന്നമായ എണ്ണസമ്പത്ത് മറ്റ് രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഒരു രാജ്യത്ത് ഭരണം മാറ്റാനുള്ള യുഎസിന്റെ ഏറ്റവും ശക്തമായ ഇടപെടലാണിതെന്ന് വിലയിരുത്തപ്പെടുന്നു.
അര്‍ദ്ധരാത്രിയില്‍ നടന്ന സൈനിക നടപടിയില്‍ മഡൂറോയും ഭാര്യയെയും കിടപ്പുമുറിയില്‍ നിന്ന് പിടികൂടി യുഎസ് യുദ്ധക്കപ്പലിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് ഇരുവരെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട നാര്‍ക്കോ-ടെററിസം ഗൂഢാലോചന കേസുകളിലാണ് മഡൂറോയെ വിചാരണയ്ക്ക് ഹാജരാക്കുന്നത്.
ഈ നീക്കത്തെ യുഎസ് ഭരണകൂടം ന്യായീകരിച്ചത് മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടിയുടെ ഭാഗമായാണെന്നാണ്. കരീബിയന്‍ കടലില്‍ നടന്ന ചില കപ്പല്‍ ആക്രമണങ്ങളും ഇതിന്റെ ഭാഗമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ യുഎസ് നടപടികളുടെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ന്നതായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
മഡൂറോക്കെതിരായ നടപടി മാസങ്ങളായി ആസൂത്രണം ചെയ്തതാണെന്ന് യുഎസ് സൈനിക നേതൃത്വം വെളിപ്പെടുത്തി. മഡൂറോ എവിടെയാണു താമസിക്കുന്നതെന്നും ദൈനംദിന ശീലങ്ങളെയും കുറിച്ചുവരെ വിശദമായി പഠിച്ച ശേഷമാണ് ദൗത്യം നടപ്പാക്കിയതെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു. മഡൂറോയെ പിടികൂടാനുള്ള പരിശീലനം അതേ മാതൃകയിലുള്ള കെട്ടിടത്തില്‍ നടത്തിയിരുന്നുവെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
വെനിസ്വേലയിലെ ഭരണം ആരാകും കൈകാര്യം ചെയ്യുക എന്ന ചോദ്യത്തിന്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള യുഎസ് ഉദ്യോഗസ്ഥരാണ് താല്‍ക്കാലികമായി ഭരണചുമതല വഹിക്കുകയെന്ന സൂചന ട്രംപ് നല്‍കി. ഇതോടെ ലാറ്റിന്‍ അമേരിക്കയിലും അന്താരാഷ്ട്ര തലത്തിലും വലിയ രാഷ്ട്രീയ പ്രതിസന്ധിക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
അതേസമയം വെനിസ്വേലയിലെ യുഎസ് സൈനിക നടപടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ശക്തമായ മഴയെയും അവഗണിച്ച് ലോസ് ആഞ്ചലസ് നഗരമധ്യത്തില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
മഴക്കോട്ടുകളും കുടകളും ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ 'വെനിസ്വേലയിലെ ബോംബാക്രമണം നിര്‍ത്തൂ', 'എണ്ണയ്ക്കായി രക്തം വേണ്ട' എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രകടനം നടത്തിയത്. 'യുദ്ധം വേണ്ട, അരുതേ ട്രംപ് ' എന്ന കൈയെഴുത്ത് ബോര്‍ഡും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
പ്രസംഗങ്ങള്‍ കേട്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധം നീണ്ടു. വെനിസ്വേലയിലെ ഇടപെടല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും അമേരിക്ക യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇതേസമയം, ലാസ് വെഗാസിലും യുഎസ് നടപടിക്കെതിരെ പ്രതിഷേധം നടന്നു. ഏകദേശം 50ഓളം പേര്‍ പങ്കെടുത്ത ചെറിയ പ്രകടനമാണ് അവിടെ നടന്നത്.
