പോപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന ലോകനേതാക്കള്‍ ആരൊക്കെ ?

പോപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന ലോകനേതാക്കള്‍ ആരൊക്കെ ?


ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ലോകനേതാക്കള്‍, കത്തോലിക്കാ സഭാ നേതാക്കള്‍, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖാര്‍ത്തരായിട്ടുള്ള ലോകമെമ്പാടുമുള്ള വിശ്വാസികള്‍ എന്നിവരടക്കം ലക്ഷക്കണക്കിനുപേര്‍ പങ്കെടുക്കും.

ബ്രിട്ടനിലെ വില്യം രാജകുമാരന്‍ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്‌പെയിനിലെ രാജാവ് ഫിലിപ്പ് ആറാമന്‍, രാജ്ഞി ലെറ്റിസിയ, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രത്തലവന്മാരും രാജകുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം ലോക നേതാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഒത്തുചേരലായ ചടങ്ങില്‍ ആഗോളതലത്തിലുള്ള രാഷ്ട്രീയ നേതൃത്വം വലിയതോതില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദമുഖരിതമായ അഭിപ്രായങ്ങള്‍ ഇടയ്ക്കിടെ നേതാക്കളുടെ എതിര്‍പ്പിന് കാരണമായിരുന്നുവെങ്കിലും അവരില്‍ ചിലരും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ബസിലിക്കയ്ക്ക് അഭിമുഖമായി സ്‌ക്വയറിന്റെ വലതുവശത്ത്  അര്‍ജന്റീനയുടെയും ഇറ്റലിയുടെയും രാഷ്ട്രത്തലവന്മാര്‍ മുന്‍ സീറ്റുകളില്‍ ഇരിക്കും.

പിന്നാലെ ഭരിക്കുന്ന പരമാധികാരികളും തുടര്‍ന്ന് രാഷ്ട്രത്തലവന്മാരും ഫ്രഞ്ച് ഭാഷ അക്ഷരമാലാക്രമത്തില്‍ ഇരിക്കും.

യുകെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറും വെയില്‍സ് രാജകുമാരനും ചടങ്ങില്‍ പങ്കെടുക്കും

സ്റ്റാര്‍മര്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണശേഷം സാറ്റാര്‍മര്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെ 'ധീരമായത് ' എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം 'ദരിദ്രര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, മറന്നുപോയവര്‍ക്കും' വേണ്ടിയുള്ള ഒരു മാര്‍പ്പാപ്പയാണെന്ന് അനുസ്മരിക്കുകയും ചെയ്തു.

സമീപകാല പാരമ്പര്യമനുസരിച്ച്, വില്യം രാജകുമാരന്‍ തന്റെ പിതാവായ ചാള്‍സ് മൂന്നാമന്‍ രാജാവിന് വേണ്ടി ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. വെയില്‍സ് രാജകുമാരനായിരുന്നപ്പോള്‍, 2005ല്‍ എലിസബത്ത് II രാജ്ഞിയുടെ പേരില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങില്‍ രാജാവ് പങ്കെടുത്തിരുന്നു

ഈ മാസം ആദ്യം ഇറ്റലിയിലേക്കുള്ള രാജകീയ സന്ദര്‍ശന വേളയില്‍ ചാള്‍സ് രാജാവും രാജ്ഞി കാമിലയും പോപ്പിനെ അദ്ദേഹത്തിന്റെ വസതിയായ കാസ സാന്താ മാര്‍ട്ടയില്‍ കണ്ടുമുട്ടിയിരുന്നു. പോപ്പിനെ അവസാനമായി കണ്ട് സംസാരിച്ച ഉന്നത വ്യക്തികളില്‍ ഇരുവരും ഉള്‍പ്പെടുന്നു.

പോപ്പുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്ന ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വലുലയും പ്രഥമ വനിത ജാന്‍ജ ലുല ഡ സില്‍വയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീല്‍, 100 ദശലക്ഷത്തിലധികം കത്തോലിക്കരാണ് രാജ്യത്തുള്ളത്. തിങ്കളാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവാര്‍ത്തയെത്തുടര്‍ന്ന്, ലുല ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റായി രണ്ടാം തവണ അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്.

പോപ്പിന്റെ മരണവാര്‍ത്ത പുറത്തുവന്നതിനുശേഷം, അന്തരിച്ച പോപ്പിന്റെ ബഹുമാനാര്‍ത്ഥം എല്ലാ ഫെഡറല്‍, സംസ്ഥാന പതാകകളും പകുതി താഴ്ത്തിക്കെട്ടാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ഫ്രാന്‍സിസ് പോപ്പിനെ 'ലോകത്തെ സ്‌നേഹിച്ച' 'വളരെ നല്ല മനുഷ്യന്‍' എന്നും 'ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകളെ സ്‌നേഹിച്ചിരുന്നയാള്‍ എന്നും ട്രംപ് വിശേഷിപ്പിച്ചു.

മുമ്പ് മെക്‌സിക്കോ മതില്‍ നിര്‍മിക്കാനുള്ള ട്രംപിന്റെ നീക്കവുമായി ബന്ധപ്പെട്ട് മാര്‍പാപ്പയും ട്രംപും വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. 2016ല്‍, യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തെ ഫ്രാന്‍സിസ് പോപ്പ് വിമര്‍ശിച്ചു, 'മതിലുകള്‍ പണിയുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന', 'പാലങ്ങള്‍ പണിയാത്ത' ഒരാള്‍ ക്രിസ്ത്യാനിയല്ല എന്നാണ് ട്രംപിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്.

'ഒരു മതനേതാവ് ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് അപമാനകരമാണ്.' എന്ന് ട്രംപ് തിരിച്ചടിച്ചു.

2017ല്‍ വത്തിക്കാനിലേക്കുള്ള ഒരു യാത്രയ്ക്കിടെ പോപ്പിനെ കണ്ടതിനുശേഷം, 'അദ്ദേഹം എന്തോ ഒന്നാണ്, അദ്ദേഹം ശരിക്കും നല്ലവനാണ്. ഞങ്ങള്‍ക്ക് ഒരു മികച്ച കൂടിക്കാഴ്ച ഉണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു:

ഫെബ്രുവരിയില്‍, ട്രംപിന്റെ കൂട്ട നാടുകടത്തലിനെ 'വലിയ പ്രതിസന്ധി' എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്.


ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍

ശനിയാഴ്ച സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ്  മാര്‍ക്കോസ് ജൂനിയര്‍ ഫ്രാന്‍സിസിനെ 'എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പോപ്പ് ' എന്നാണ് വിശേഷിപ്പിച്ചത്.

'അഗാധമായ വിശ്വാസവും വിനയവും ഉള്ള വ്യക്തിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജ്ഞാനത്തോടെ മാത്രമല്ല, എല്ലാവരോടും, പ്രത്യേകിച്ച് ദരിദ്രരോടും മറക്കപ്പെട്ടവരോടും തുറന്ന ഹൃദയത്തോടെയാണ് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും കത്തോലിക്കാ രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പീന്‍സ്, ഏകദേശം 80% ഫിലിപ്പീന്‍സും റോമന്‍ കത്തോലിക്കരാണ്.

2015ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അവസാനത്തെ രാജ്യ സന്ദര്‍ശനത്തില്‍ തലസ്ഥാന നഗരമായ മനിലയില്‍ നടന്ന ഒരു തുറസ്സായ ദിവ്യബലിയില്‍ ആറ് ദശലക്ഷം ആളുകള്‍ പങ്കെടുത്തിരുന്നു. ഇത് ഒരു മാര്‍പ്പാപ്പ പങ്കെടുക്കുന്ന പരിപാടിയുടെ റെക്കോര്‍ഡാണ്.

അടുത്ത പോപ്പാകാനുള്ള ഓട്ടത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ഗോക്കിം ടാഗിള്‍ ഉള്‍പ്പെടുന്നു. സാമൂഹിക പ്രശ്‌നങ്ങളോടുള്ള സമര്‍പ്പണവും കുടിയേറ്റക്കാരോടുള്ള സഹാനുഭൂതിയും കാരണം കര്‍ദ്ദിനാള്‍ ടാഗിള്‍ 'ഏഷ്യന്‍ ഫ്രാന്‍സിസ് ' എന്നാണ് അറിയപ്പെടുന്നത്.

യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി


യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പ്രഥമ വനിത ഒലീന സെലെന്‍സ്‌കയോടൊപ്പം ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ വ്യാഴാഴ്ച കൈവില്‍ നടന്ന ഒരു ആക്രമണത്തെതുടര്‍ന്ന് നിരവധി സൈനിക യോഗങ്ങള്‍ കാരണം തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് വെള്ളിയാഴ്ച അദ്ദേഹം പറഞ്ഞു.

പ്രഥമ വനിതയും വിദേശകാര്യ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'യുക്രെയ്‌നിലും ഉക്രേനിയക്കാര്‍ക്കും വേണ്ടി ഫ്രാന്‍സിസ് പോപ്പ്  പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് സെലന്‍സ്‌കി പറഞ്ഞു.  

2022ല്‍ റഷ്യ ഉക്രെയ്‌നിനെ ആക്രമിച്ചതിനെത്തുടര്‍ന്ന്, ഫ്രാന്‍സിസ് സമാധാനത്തിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ആവര്‍ത്തിച്ചുള്ള ആഹ്വാനം നടത്തി. കഴിഞ്ഞ ഒക്ടോബറില്‍, ഇരു നേതാക്കളും വത്തിക്കാനില്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആ കൂടിക്കാഴ്ചയ്ക്ക് ശേഷം, 'എല്ലാ രാജ്യങ്ങള്‍ക്കും സമാധാനത്തിലും സുരക്ഷയിലും നിലനില്‍ക്കാന്‍ അവകാശമുണ്ട്. അവരുടെ പ്രദേശങ്ങള്‍ ആക്രമിക്കപ്പെടരുത്, അവരുടെ പരമാധികാരം ബഹുമാനിക്കപ്പെടുകയും സമാധാനത്തിലൂടെയും സംഭാഷണത്തിലൂടെയും ഉറപ്പുനല്‍കുകയും വേണം.' - ഫ്രാന്‍സിസ് മാര്‍പാപ്പ എക്‌സില്‍ എഴുതി:

2024ന്റെ തുടക്കത്തില്‍, യുദ്ധം അവസാനിപ്പിക്കാന്‍ കൈവ് ചര്‍ച്ച നടത്തണമെന്നും 'വെള്ളക്കൊടി ഉയര്‍ത്താന്‍ ധൈര്യം കാണിക്കണമെന്നും' പോപ്പ് നടത്തിയ ആഹ്വാനത്തെ യുക്രെയ്ന്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നു.


പോപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റ് രാഷ്ട്രീയ വ്യക്തികളും രാജകുടുംബാംഗങ്ങളും ഇവരാണ്:

പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെജ് ഡുഡ

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മാതൃരാജ്യമായ അര്‍ജന്റീനയുടെ പ്രസിഡന്റ് ജാവിയര്‍ മിലി

ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല

ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രസിഡന്റ് ലൂയിസ് അബിനാഡര്‍
ബെല്‍ജിയം രാജാവ് ഫിലിപ്പും രാജ്ഞി മതില്‍ഡെയും

ക്രൊയേഷ്യ പ്രസിഡന്റ് സോറന്‍ മിലനോവിച്ച്
ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ
അയര്‍ലന്‍ഡ് താവോസീച്ച് (പ്രധാനമന്ത്രി) മൈക്കല്‍ മാര്‍ട്ടിന്‍
മോള്‍ഡോവ പ്രസിഡന്റ് മായ സാന്‍ഡു
നോര്‍വേ കിരീടാവകാശി ഹാക്കോണും കിരീടാവകാശി മെറ്റ്മാരിറ്റും
ലാത്വിയ പ്രസിഡന്റ് എഡ്ഗാര്‍സ് റിങ്കെവിക്‌സ്
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍
സ്വീഡന്‍ രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫും രാജ്ഞി സില്‍വിയയും
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്‌