വാഷിങ്ടൺ: വെനസ്വേല ആസ്ഥാനമായ കുപ്രസിദ്ധ കുറ്റകൃത്യസംഘടനയായ ട്രെൻ ഡി അറഗ്വയുടെ നേതാവ് ഹെക്ടർ റസ്റ്റൻഫോർഡ് ഗുറേറോ ഫ്ളോറസ് അഥവാ നിനോ ഗുറേറോ അമേരിക്കൻ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് സതേൺ കമാൻഡ് നടത്തിയ 'വേഗമേറിയതും മാരകവുമായ' ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് ട്രംപിന്റെ അവകാശവാദം.
സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും ക്രൂരമായ ഭീകരസംഘടനകളിലൊന്നിന്റെ തലവനെയാണ് ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം വെനസ്വേലയിലെ സുഹൃദ് ശക്തികളുമായി സഹകരിച്ചാണ് നടത്തിയതെന്നും ട്രംപ് അവകാശപ്പെട്ടു.
ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും ട്രംപ് പങ്കുവെച്ചു. ഒരു കെട്ടിടത്തിൽ മിസൈൽ പതിച്ച് പുകയും അവശിഷ്ടങ്ങളും ഉയരുന്ന ദൃശ്യങ്ങളാണ് അതിലുള്ളത്. എന്നാൽ വീഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
വെനസ്വേലയിലെ ജയിലുകളിൽ നിന്ന് വളർന്നുവന്ന ട്രെൻ ഡി അറഗ്വ ഇന്ന് ലാറ്റിൻ അമേരിക്കയിലെ ഏറ്റവും അപകടകാരികളായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്. മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ സംഘത്തിന് പങ്കുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
ഗുറേറോയ്ക്കെതിരെ ഭീകരസംഘടനകൾക്ക് പിന്തുണ നൽകിയതും സംഘടിത കുറ്റകൃത്യ ഗൂഢാലോചനയും ഉൾപ്പെടെയുള്ള കേസുകൾ അമേരിക്കൻ അധികൃതർ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ വിശദമായ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.
ട്രെൻ ഡി അറഗ്വ തലവൻ നിനോ ഗുറേറോ കൊല്ലപ്പെട്ടതായി ട്രംപ്; 'രക്തദാഹികളായ ഭീകരസംഘടനയുടെ നേതാവിനെ ഇല്ലാതാക്കി'
