ഫ്‌ളോറിഡയിലെ മലയാളി നഴ്‌സിനോടുള്ള ആക്രമണം: ഒരു നഴ്‌സിന്റെ ശിഥില ചിന്തകള്‍

ഫ്‌ളോറിഡയിലെ മലയാളി നഴ്‌സിനോടുള്ള ആക്രമണം: ഒരു നഴ്‌സിന്റെ ശിഥില ചിന്തകള്‍

Photo Caption


വളരെ വിഷമത്തോടെയും സങ്കടത്തോടെയും ആശയക്കുഴപ്പത്തോടെയുമായിരുന്നു ഫ്ളോറിഡയില്‍ മലയാളി നഴ്‌സ് ഒരു രോഗിയുടെ നിഷ്ഠൂരവും മൃഗീയവുമായ ശാരീരികാക്രമണത്തിനു വിധേയയായി ജീവനു വേണ്ടി മല്ലിടുന്നുവെന്ന ടെലിവിഷന്‍ 'ബ്രേക്കിംഗ് ന്യൂസ്' ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക് വഴി അറിഞ്ഞത്. നഴ്‌സിനെ ഹെലികോപ്റ്ററില്‍ അടുത്ത ട്രൗമാ സെന്ററിലേക്ക് പെട്ടെന്ന് മാറ്റിയെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. അവരുടെ മുഖത്തെ എല്ലാ എല്ലുകളും ഒടിഞ്ഞുവെന്നാണ് വാര്‍ത്തകളില്‍ കേള്‍ക്കുന്നത്. രണ്ടുകണ്ണുകളുടെയും കാഴ്ചശക്തി  നഷ്ടപ്പെട്ടേക്കാം. പ്രിയപ്പെട്ട ആ നഴ്‌സിന്റെ   ആരോഗ്യനില അതിവേഗം തിരിച്ചുവരുവാന്‍ പ്രാര്‍ഥിക്കുന്നു. അവരെ സഹായിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റു സ്റ്റാഫിനും വിജയം നേരുന്നു.  

അക്രമിയെ അറസ്റ്റ് ചെയ്തുവെന്നും രണ്ടാം ഡിഗ്രി  കൊലപാതകശ്രമക്കുറ്റവും ഹേറ്റ് ക്രൈമും ചുമത്തിയെന്നും അറിയുന്നു. 

 ഒരു നഴ്‌സിനെ ആക്രമിക്കുന്നത് ആരും നിസ്സാരമായി കാണുന്നില്ല. അമേരിക്കയിലെ നാല് ദശലക്ഷം വരുന്ന നഴ്‌സിംഗ് കമ്മ്യൂണിറ്റിയും മെഡിക്കല്‍ കമ്മ്യൂണിറ്റിയും നീതിന്യായ സംവിധാനവും നിയമനിര്‍മാതാക്കളും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അക്രമത്തെ അതിഗൗരവമായി മാത്രമേ കാണുന്നുള്ളൂ എന്ന് തീര്‍ച്ച. എന്നിരുന്നാലും നിയമം ഈ സംഭവത്തെ ഒരു ഏക സംഭവമായി മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ. സ്റ്റീഫന്‍ സ്‌കാന്‍ഡെല്‍ബറി എന്ന അക്രമിക്കെതിരെ നീതിന്യായ സംവിധാനം എങ്ങനെ നടപടി എടുക്കുമെന്ന് കണ്ടറിയണം. 

അത്യാക്രമണത്തിനിരയായ നഴ്‌സ് നീണ്ട വര്‍ഷങ്ങളിലെ ശുശ്രൂഷാ സേവനത്തിനു ശേഷം വിശ്രമ ജീവിതം പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അവരുടെ പ്രായത്തില്‍ നിന്ന് അനുമാനിക്കുന്നത്. വ്യക്തിജീവിതത്തിലെ നല്ല സമയത്തിലെ വലിയൊരു ഭാഗം മറ്റുള്ളവരുടെ ആശ്വാസത്തിനും വേദന അകറ്റാനും രോഗികളെ അവരുടെ ആരോഗ്യനില വീണ്ടെടുക്കുന്നതിന് സഹായിച്ചും ശരീരം കൊണ്ടും മനസ്സുകൊണ്ടും ത്യാഗം  ചെയ്ത് പരോപകാരപ്രദമായ ജീവിതത്തിന്റെ ചാരിതാര്‍ഥ്യം നല്‍കുന്ന ഓര്‍മ്മകളുമായാണ് ഒരു നഴ്‌സ് പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്. മാനസികാഘാതവും അംഗക്ഷതവും അനുഭവിച്ച് തീരാത്ത വേദനയുമായി ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങേണ്ട അവസ്ഥയാണെങ്കിലോ? 

ഇതെഴുതുന്നയാള്‍ ഒരു സൈക്യാട്രിക് നഴ്‌സ് ആണ്. അനേക വര്‍ഷങ്ങള്‍ സൈക്യാട്രിക് എമര്‍ജന്‍സിയിലും തുടര്‍ന്ന് രോഗികളെ ചികില്‍സിച്ചു സുഖപ്പെടുത്തി അല്ലെങ്കില്‍ സുരക്ഷയ്ക്കു ഭംഗം വരുത്താവുന്ന രോഗലക്ഷണങ്ങളെ നിയന്ത്രിച്ച് അവരെ സമൂഹത്തിലേക്ക് തിരിച്ചു വിടുന്ന ഇന്‍പേഷ്യന്റ് യൂണിറ്റുകളിലും ജോലി ചെയ്ത ഒരു നഴ്‌സ്. മെഡിക്കല്‍, സര്‍ജിക്കല്‍, ഇന്റെന്‍സീവ് കെയര്‍ തുടങ്ങിയ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു സൈക്യാട്രിക് യൂണിറ്റിലെ നഴ്‌സുമാര്‍ കുറച്ചു കൂടി തിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് എന്റെ അനുഭവം. പക്ഷെ മറുവശത്ത് സൈക്യാട്രിയില്‍ ജോലി ചെയ്യുന്ന ഓരോ നഴ്‌സും 'ഈ ദിനം സുരക്ഷിതമായിരിക്കണേ; സുരക്ഷിതമായി തിരിച്ചെത്തണെ' എന്ന പ്രാര്‍ഥനയോടെ മാത്രമേ ജോലിക്കു പുറപ്പെടുകയുള്ളൂ. ഓരോരുത്തര്‍ക്കും അവരവരുടേതായ സങ്കീര്‍ണ്ണതകള്‍ ജോലിസ്ഥലത്തുണ്ട്. അക്രമവും പരിക്കിനുള്ള സാധ്യതയും സൈക്യാട്രിയില്‍ കൂടുതലാണ്.

സൈക്യാട്രിക് യൂണിറ്റുകള്‍ നിയന്ത്രണങ്ങള്‍ എത്രത്തോളം ഒഴിവാക്കാമോ അത്രത്തോളം ഒഴിവാക്കണം എന്ന വാദം പൊതുവെ സ്വീകാര്യമായി വരുന്ന സമയമാണ്. ഒക്ക്യൂപേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത് അഡ്മിനിസ്‌ട്രേഷന്‍, ജോയിന്റ് കമ്മീഷന്‍ തുടങ്ങിയ നിയന്ത്രണ ഏജന്‍സികള്‍ ചികിത്സാ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന നിഷ്‌കര്‍ഷകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യതയുള്ള രോഗികളോട് മാനുഷികമായി പെരുമാറുകയും സുരക്ഷ നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ രണ്ട് ലക്ഷ്യങ്ങളും എങ്ങനെ നേടാം എന്നതാണ് വെല്ലുവിളി. 

മാനസിക രോഗമുള്ളവരെയെല്ലാം ആരോഗ്യപരമായി വിശാലമായ ഒരു കാറ്റഗറിയില്‍ ലോകം പെടുത്തിയിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തവും വ്യതിരിക്തവുമായ ഡയഗ്‌നോസിസുകളും വ്യത്യസ്തമായ രോഗലക്ഷണങ്ങളും അവരെ വിവേചിതരാക്കുന്നു. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും പലരെയും ക്ലേശങ്ങളിലേക്കും ആശങ്കകളിലേക്കും നയിക്കുമ്പോള്‍ പലര്‍ക്കും ജീവിതത്തോടുള്ള സമീപനം മാറുകയും വിഷാദരോഗത്തിനടിമയാക്കുകയും ചെയ്യാറുണ്ട്.  ചിലര്‍ക്ക് ജീവിതത്തിന് അര്‍ഥമില്ലാത്തതും മൂല്യമില്ലാത്തതും പ്രതീക്ഷയില്ലാത്തതുമായ നിസ്സഹായാവസ്ഥയില്‍ എത്തുമ്പോള്‍ ചിലര്‍  ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഗൗരവപൂര്‍വ്വം ചിന്തിക്കുകയോ പ്ലാന്‍ ഇടുകയോ ചെയ്യും. മറ്റു ചിലര്‍ ജനിതകമായോ പാരമ്പര്യമായോ വിട്ടുമാറാത്ത വിഷാദ രോഗം ബാധിച്ച് ജീവിതവും ആത്മഹത്യയുമായി മല്ലിടുന്നവര്‍. ഇവരെല്ലാവരും, വ്യക്തിപരമായ ദുര്‍സ്വഭാവക്കാര്‍ ഒഴികെ, മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നില്ല. അവര്‍ക്കാവശ്യം സ്വീകാര്യതയും സ്വാഗതം നല്‍കുന്ന പോസിറ്റീവ് അന്തരീക്ഷവും പിന്തുണയുമാണ്. മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണി അല്ലാത്ത അവരെ ഭീകരമായ മാനസികരോഗ ലക്ഷണങ്ങളുള്ളവരുമായി ഒരു സ്ഥലത്തു ചികില്‌സിക്കുന്നത് ആരോഗ്യകരമല്ല. 

യാഥാര്‍ത്ഥമല്ലാത്ത കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക, മറ്റുള്ളവരെല്ലാം തനിക്കെതിരാണെന്നും സ്വന്തം സുരക്ഷിതത്വത്തിന് ചിലര്‍ ഭീഷണിയാണെന്നും ഭ്രമണാല്‍മകതയില്‍ നിന്നുള്ള, കാരണമില്ലാതെ, അടിസ്ഥാനമില്ലാത്ത സംശയങ്ങളും പല മാനസിക രോഗികളെയും മറ്റുള്ളവര്‍ക്ക് ഭീഷണിയാക്കി മാറ്റുന്നു. അവരുടെ രോഗശാന്തിക്കും സുഖപ്രാപ്തിക്കും അതിനനുസരിച്ചുള്ള ചികിത്സാപരമായ (തെറാപ്യൂട്ടിക്) അന്തരീക്ഷമാണ് വേണ്ടത്. സെക്യൂരിറ്റി, പോലീസ് യൂണിഫോമുകള്‍ സംശയരോഗികളെ കൂടുതല്‍ സംശയാലുക്കളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അവരെ രോഗികളുടെ സമീപത്തു നിന്ന് മാറ്റണം എന്ന പ്രവണതയാണ് വര്‍ധിക്കുന്നത്. സംശയാലുക്കളും ഭീകരരുമായ രോഗികളുമായി വിശ്വാസം സ്ഥാപിച്ച് അവരുമായി ക്രിയാത്മകമായി ഇടപഴകുന്നതിന് പരിശീലനം നേടിയ സ്റ്റാഫ് പല സ്ഥാപനങ്ങളിലും അക്രമം കുറയ്ക്കുന്നതിന് സഹായമാകുന്നുണ്ട്. പക്ഷെ, കഠിനമായ ഭ്രമാല്‍കതയുള്ളവരും സാമൂഹ്യവിരുദ്ധതയുള്ളവരും നഴ്‌സുമാരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പേടിസ്വപ്‌നമായി തുടരുന്നു. 

ആരോഗ്യപ്രവര്‍ത്തകര്‍ ജോലി സ്ഥലത്തു അനുഭവിക്കുന്ന ശാരീരിക അക്രമവും ആക്രമണങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അക്രമം തടയുന്നതിനുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ ശ്രമങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമ്പോളും അക്രമ സംഭവങ്ങളുടെ നിരക്കില്‍ അതിനേക്കാള്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാല്‍പ്പത്തിനാല് ശതമാനത്തില്‍ അധികം നഴ്‌സുമാര്‍ ശാരീരികാക്രമണത്തിനു വിധേയമായിട്ടുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അറുപത്തിയേഴു ശതമാനം നഴ്‌സുമാര്‍ വിവിധ തരത്തിലുള്ള അധിക്ഷേപം അനുഭവിച്ചവരാണ്. പലരും അവരുടെ അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. വിശാലമനസ്‌കതയും രോഗികളോടുള്ള സഹാനുഭൂതിയും ചേര്‍ന്ന് 'അവര്‍ രോഗികളല്ലേ', 'അവര്‍ മനസ്സറിഞ്ഞു ചെയ്യുന്നതല്ല', തുടങ്ങിയ  കമന്റുകളില്‍ ആക്രമണത്തിന് ഇരയായ പല നഴ്‌സുമാരും അവരുടെ വിഷമത്തെ സാധൂകരിക്കുന്നത്  ഈ ലേഖകന്‍ കേട്ടിട്ടുണ്ട്. ശാരീരികമായി ആക്രമിക്കപ്പെട്ട് എമര്‍ജന്‍സി റൂമില്‍ ചികിത്സ തേടേണ്ടി വന്ന പല നഴ്‌സുമാരും കേസെടുക്കാന്‍ വന്ന പോലീസ് ഓഫീസര്‍മാരെ 'ഐ ഡോണ്ട് വാണ്ട് ടു പ്രെസ്സ് ചാര്‍ജസ്' എന്നു പറഞ്ഞു തിരിച്ചയച്ചത് എനിക്ക് നേരിട്ടറിയാം.

നഴ്‌സുമാരെ കയ്യേറ്റത്തില്‍ നിന്നും അധിക്ഷേപത്തില്‍ നിന്നും സംരക്ഷിക്കാന്‍ മാനേജ്മന്റ് വേണ്ടത്ര നടപടികള്‍ എടുക്കുന്നില്ലായെന്ന ആരോപണങ്ങളെ മിശ്രിതമായ കാഴ്ചപ്പാടോടെ മാത്രമേ കാണാനാകൂ. നഴ്‌സ് പേഷ്യന്റ് അനുപാതം വര്‍ധിപ്പിക്കുക, കൂടുതല്‍ ഹോസ്പിറ്റല്‍ പോലീസിനെ യൂണിറ്റുകളില്‍ നിയോഗിക്കുക, ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികള്‍ക്ക് ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള യൂണിറ്റുകളില്‍ ചികിത്സ നല്‍കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും കേള്‍ക്കുക. പലയിടങ്ങളിലും ഇവ പ്രാവര്‍ത്തികമാക്കിിട്ടുണ്ടെങ്കിലും സംഭവങ്ങളില്‍ സാരമായ കുറവ് ഉണ്ടായതായി തെളിവുകളില്ല.  

ഈ ലേഖകന്റെ രണ്ടു മൂന്നനുഭവങ്ങള്‍ വായനക്കാരുമായി പങ്കിടട്ടെ. 

ന്യൂ യോര്‍ക്ക് സിറ്റിയുടെ സ്‌പെഷ്യലൈസ്ഡ്  ഹൈ സ്‌കൂളുകളിലൊന്നായ ബ്രോങ്ക്‌സ് സയന്‍സ് ഹൈ സ്‌കൂളിലെ അതിസമര്‍ഥനായ ഒരു വിദ്യാര്‍ഥി ആയിരുന്നു ആന്‍ഡ്രൂ ഗോള്‍ഡ്സ്റ്റീന്‍. പഠിച്ചു കൊണ്ടിരിക്കെ മനോരോഗം ബാധിച്ചു.  ഹാലൂസിനേഷന്‍ (യാഥാര്‍ഥമല്ലാത്തത് കാണുക; കേള്‍ക്കുക; മണക്കുക; രുചിക്കുക എന്നീ അനുഭവങ്ങള്‍) അറിയാത്തവര്‍ പോലും തന്നെ ആക്രമിക്കാന്‍ വരുന്നു എന്ന തോന്നല്‍ അവനെ പീഡിപ്പിക്കാന്‍ തുടങ്ങി. പിന്നെ ചികിത്സ തുടങ്ങി.  ഞാന്‍ ജോലി ചെയ്ത സൈക്യാട്രിക് എമര്‍ജന്‍സി റൂമില്‍ അവന്‍ പലപ്പോഴും ഒറ്റയ്ക്ക് സഹായം തേടി വരുമായിരുന്നു. വളരെ സൗമ്യനും സഹകരിക്കുന്നവനുമായ പേഷ്യന്റ്. ആന്റി സൈക്കോട്ടിക് മരുന്ന് കൊടുത്ത് ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷിച്ചു സൈക്യാട്രിസ്റ്റ് വീണ്ടും ഇവാല്യൂവേറ്റ് ചെയ്ത് സുരക്ഷിതമെന്നുറപ്പുവരുത്തി ഔട്ട് പേഷ്യന്റ് ക്ലിനിക്കില്‍ അപ്പോയ്ന്റ്‌മെന്റ് കൊടുത്ത് അയാളെ ഡിസ്ചാര്‍ജ് ചെയ്യും. ഏതാനും ആഴ്ചകള്‍ക്കു ശേഷം അയാളെ വീണ്ടും എമര്‍ജന്‍സി റൂമില്‍ കാണും, അതെ കംപ്ലയിന്റുകളോടെ. ഒരു ദിവസം അയാള്‍ ഔട്‌പേഷ്യന്റ ക്ലിനിക്കിലെ അപ്പോയ്ട്‌മെന്റനുസരിച്ച് വെയ്റ്റിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഓരോ പേഷ്യന്റിനെയും വളരെ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ട് സെക്യുരിറ്റി ഓഫീസര്‍ മുറിയില്‍ തന്നെയുണ്ടായിരുന്നു. സൈക്യാട്രിസ്റ്റ് ഡോ. എസ് തന്റെ ഡ്യൂട്ടിക്കായി മുറിയിലേക്കു കയറിവന്ന് എല്ലാവര്‍ക്കും 'ഗുഡ് മോര്‍ണിംഗ്' പറഞ്ഞു. അടുത്ത നിമിഷത്തില്‍ നടന്നത് എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. ആന്‍ഡ്രൂ തന്റെ സീറ്റില്‍ നിന്നു ചാടിയെഴുന്നേറ്റ് ഡോ. എസിനെ പൊക്കിയെടുത്ത് മതിലിലേക്കെറിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ സെക്യുരിറ്റി ഓഫീസര്‍ ആന്‍ഡ്രൂവിനെ തളച്ചു. മറ്റു സെക്യുരിറ്റി ഒഫീസര്‍്മാരെത്തി അയാളെ പൊക്കി എമര്‍ജന്‍സി റൂമില്‍ എത്തിച്ചു. നഴ്‌സിംഗ് അസസ്‌മെന്റ്  ചെയ്യവേ ആന്‍ഡ്രൂ പറഞ്ഞു. 'എന്നെ എന്തിനാണിവിടെ കൊണ്ടുവന്നതെന്ന് എനിക്കറിയില്ല. ഞാന്‍ എന്തു ചെയ്തെന്ന് എനിക്കറിയില്ല.' അയാള്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ അയാളോടു വിശദീകരിച്ചപ്പോള്‍ അയാളുടെ മുഖത്തു ആത്മാര്‍ഥമായ കുറ്റബോധവും സങ്കടവും കാണാമായിരുന്നു. സൈക്യാട്രിസ്റ്റ് അയാളെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ബെഡിനു വേണ്ടി ഒരു ദിവസം കാത്തിരിക്കേണ്ടി വന്നു. ആ സമയമെല്ലാം ആന്‍ഡ്രൂ ശാന്തനും സൗമ്യനും ആയി തുടര്‍ന്നു. പിറ്റേന്ന് റൂട്ടീന്‍ അസെസ്‌മെന്റിനു സമീപിച്ച എന്നോട് അയാള്‍ പറഞ്ഞു 'ഇതിനു മുന്‍പും ഞാന്‍ മറ്റുള്ളവരെ അക്രമിച്ചിട്ടുണ്ട്; പല പ്രാവശ്യം. ഞാന്‍ അറിഞ്ഞുകൊണ്ടല്ല അത് ചെയ്തിട്ടുള്ളത്. മാനസിക രോഗം എന്നെ പീഡിപ്പിക്കുകയാണ്. എനിക്കു തോന്നുന്നത് മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ഏതെങ്കിലും ലോങ്ങ് ടെര്‍മ് ഹോസ്പിറ്റലില്‍ ചികിത്സ വേണമെന്നാണ്.' ആന്‍ഡ്രൂവിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഓര്‍ഡര്‍ ചെയ്ത മരുന്നുകളെ കുറിച്ച് അറിയുകയും സമയാസമയം എടുക്കുകയും ഹോസ്പിറ്റലിലെ തെറാപ്പി സെഷനുകളില്‍ പങ്കെടുക്കുകയും ചെയ്ത ഒരു മോഡല്‍ പേഷ്യന്റ് ആയിരുന്നു ആന്‍ഡ്രൂ. വീണ്ടും ഔട്‌പേഷ്യന്റ് അപ്പോയ്ന്റ്‌മെന്റോടെ അയാളെ ഡിസ്ചാര്‍ജ് ചെയ്തു. അധികം വൈകാതെ അയാളെ ഞാന്‍ മെഡിക്കല്‍ എമെര്‍ജന്‍സി റൂമില്‍ കണ്ടുമുട്ടി. ഒരു  നഴ്‌സിനോടുള്ള സ്‌നേഹബഹുമാനം നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു 'അയാം ഡൂയിങ് വെല്‍. എന്റെ കാലിനു വേദനയായിട്ടു വന്നതാണ്.' 'സ്റ്റേ വെല്‍ ആന്‍ഡ്രൂ' എന്നാശംസിച്ചുകൊണ്ട് ഞാന്‍ നടന്നു നീങ്ങി. രണ്ടു ദിവസം കഴിഞ്ഞു. ന്യൂസ് കേള്‍ക്കാനായി ടി വി ഓണ്‍ ചെയ്ത ഞാന്‍ ആദ്യം  ടി വി സ്‌ക്രീനില്‍ കണ്ടത് ആന്‍ഡ്രൂവിനെയാണ്.  കറുത്ത ലെതര്‍ ജാക്കറ്റിട്ട കയ്യാമത്തിലിട്ട  ആന്‍ഡ്രൂവിനെ പൊലീസ് എസ്‌കോര്‍ട്ട് ചെയ്യുന്ന കാഴ്ച. കേന്ദ്ര വെബ്‌ഡെയ്ല്‍ എന്ന ഒരു യുവതിയെ ഓടി വന്ന സബ്വേ ട്രെയിനിന്റെ മുന്നിലേക്ക് തള്ളിയിട്ടത്രേ! ട്രെയ്ന്‍ കാത്തു നിന്ന കേന്ദ്രയുടെ അടുത്തു ചെന്ന് ആന്‍ഡ്രൂ സമയം ചോദിച്ചു. കേന്ദ്ര സമയം പറഞ്ഞു. അടുത്ത നിമിഷത്തില്‍ ഓടിവന്ന ട്രെയിനിനടിയില്‍ കേന്ദ്ര എന്ന യുവതി ഇല്ലാതായി. ആന്‍ഡ്രൂ നീണ്ട ജയില്‍ വാസത്തിനു വിധിക്കപ്പെട്ടു. അപകടകാരികളായ മാനസിക രോഗികളെ നിര്‍ബന്ധമായി ചികിത്സയ്ക്ക് വിധേയമാക്കണമെന്ന്  ന്യൂ യോര്‍ക്ക് സ്റ്റേറ്റ്  നിയമ നിര്‍മ്മാണ സഭ   'കേന്ദ്രാസ് ലോ' എന്ന നിയമമുണ്ടാക്കി.  

മറ്റൊരു ദിവസം: പൊലീസും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്മാരും ചേര്‍ന്ന് ചാര്‍ളി (പേഷ്യന്റിന്റെ പേര് സ്വകാര്യതയ്ക്കു വേണ്ടി മാറ്റി ഉപയോഗിക്കുന്നു) എന്ന യുവാവിനെ കയ്യാമം വെച്ച് എമര്‍ജന്‍സി റൂമില്‍ കൊണ്ടു വരുന്നു. ദിവസങ്ങളായി സ്വന്തം മുറിയില്‍ മതിലിലേക്കു മാത്രം നോക്കി നില്‍ക്കുന്നു എന്നതായിരുന്നു കംപ്ലൈന്റ്. ഒരിക്കലും ആരെയും ഉപദ്രവിച്ചിട്ടില്ല; ഭക്ഷണമോ പാനീയമോ ഇല്ല. ഒരൊറ്റ നില്‍പ്പു മാത്രം. മാതാപിതാക്കന്മാര്‍ 911 വിളിച്ചു. സൈക്യാട്രിക് എമര്‍ജന്‍സി റൂമില്‍ എത്തിച്ചു. ഡ്യൂട്ടി നഴ്സുമാരില്‍ ഒരാളായ എന്നോട് എമര്‍ജന്‍സി റൂമിലെ രോഗികള്‍ പരാതിപ്പെട്ടു, അവര്‍ക്കു ബാത്‌റൂം ഉപയോഗിക്കാനാകുന്നില്ല കാരണം ചാര്‍ളി ബാത്ത് റൂമില്‍ നിന്ന് പുറത്തു വരുന്നില്ല. ഞാന്‍ പതുക്കെ ബാത്ത് റൂം വാതിലിലില്‍ മുട്ടി. മറുപടിയില്ല. ഒരിക്കല്‍ കൂടി മുട്ടി. മറുപടിയില്ല. സാവധാനം ഞാന്‍ വാതില്‍ തുറന്നു. ചാര്‍ളി ബാത്ത് റൂമിന്റെ മൂലയ്ക്ക് മതിലിലേക്കു തുറിച്ചു നോക്കി നില്‍ക്കുന്നു. ഞാന്‍ പേര് വിളിച്ചു. അയാള്‍ ശ്രദ്ധിച്ചില്ല. ഞാന്‍ മയത്തോടെ ആവശ്യപ്പെട്ടു: 'ചാര്‍ളി, നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണോ? ബാത്ത് റൂം ഉപയോഗിച്ചു കഴിഞ്ഞെങ്കില്‍ വെളിയിലേക്കു വരാമോ? മറ്റു പേഷ്യന്റ്സിന് ബാത്ത് റൂം ഉപയോഗിക്കണം.' ചാര്‍ളി ഞാന്‍ പറഞ്ഞത് കേട്ടെന്നോ ശ്രദ്ധിച്ചെന്നോ തോന്നിയില്ല. ഞാന്‍ ഒന്നു കൂടി മയം വിടാതെ അല്‍പ്പം ദൃഢമായി വീണ്ടും ആവശ്യപ്പെട്ടു. ചാര്‍ലിയില്‍ നിന്ന് പ്രതികരണമില്ല. എന്റെ അനുമാനത്തില്‍ അടുത്ത പടി മറ്റുള്ളവരുടെ സഹായം തേടുക എന്നതായിരുന്നു. പ്ലെക്‌സി ഗ്ലാസ്  മതിലിനപ്പുറത്തെ നഴ്‌സസ് സ്റ്റേഷനില്‍ മറ്റു നഴ്‌സുമാരും സൈക്യാട്രിസ്റ്റും എമര്‍ജന്‍സി റൂമില്‍ തന്നെ സെക്യുരിറ്റിയും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റിയുടെ അടുത്തേക്ക് നീങ്ങാന്‍ തിരിഞ്ഞ ഞാന്‍ തലയ്ക്കടിയേറ്റ് തറയിലേക്ക് വീഴുകയായിരുന്നു.  മറ്റൊരു അടി വരുന്നതിനു മുന്‍പ് ചാര്‍ളി സ്റ്റാഫിന്റേയും സെക്യുരിറ്റിയുടെയും കൈകളിലായിക്കഴിഞ്ഞിരുന്നു. പക്ഷെ വൈകിപ്പോയി. എന്നോടുള്ള ആക്രമണം ഒഴിവാക്കാനായില്ല.   ഭാഗ്യവശാല്‍ താത്ക്കാലികമായ മാനസിക ക്ഷതമല്ലാതെ ഒന്നും സംഭവിച്ചില്ല. തലയുടെ സി ടി സ്‌കാന്‍ അപാകതകളൊന്നും സൂചിപ്പിച്ചില്ല.  നിര്‍ബന്ധമായി മരുന്ന് ഇന്‍ജെക്ഷന്‍ ആയി കിട്ടിയ ചാര്‍ളി രണ്ടു ദിവസം കഴിഞ്ഞ എന്നെ സമീപിച്ചു: 'എന്നോട് ക്ഷമിക്കണം. ഞാന്‍ ചെയ്തതെന്താണെന്ന് എനിക്കറിയില്ലായിരുന്നു.'

എമര്‍ജന്‍സി റൂമില്‍ നിന്ന് ഇന്‍പേഷ്യന്റ് യൂണിറ്റില്‍ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യപ്പെട്ട ജോ എന്ന പേഷ്യന്റ് മുന്നില്‍ കാണുന്നവരെല്ലാം ദുര്‍ഭൂതങ്ങളായിരുന്നു. അയാളെ ആക്രമിക്കാന്‍ വരുന്ന ദുര്‍ഭൂതങ്ങള്‍! എമര്‍ജന്‍സി റൂമില്‍ അയാള്‍ മറ്റുള്ളവരെ ഇടിച്ചു; അവര്‍ ദുര്‍ഭൂതങ്ങളാണെന്നും അയാളെ ആക്രമിക്കാന്‍ വരുകയാണെന്നുമുള്ള കാരണത്താല്‍. അവിടെ വെച്ചുതന്നെ അയാള്‍ക്ക് ആന്റി സൈക്കോട്ടിക് മരുന്നു കൊടുത്തത് താത്ക്കാലികാശ്വാസമായി. ഇന്‍പേഷ്യന്റ് യൂണിറ്റില്‍ എത്തിയപ്പോള്‍ തന്നെ അയാളുടെ അത്യപകട സ്ഥിതിയില്‍ ചെറിയ അയവു വന്നിരുന്നു. എങ്കിലും അയാള്‍ സേഫ് അല്ലാത്തതുകൊണ്ട് ഒരു നഴ്‌സിംഗ് സ്റ്റാഫിന്റേയും ഒരു സെക്യുരിറ്റിയുടെയും അകമ്പടിയോടെ ആയിരുന്നു അയാളെ ചികില്‍സിച്ചത്. അത്യാവശ്യത്തിനല്ലാതെ മുറിയില്‍ നിന്ന് പുറത്തു വരില്ലായെന്ന് അയാള്‍ സമ്മതിച്ചിരുന്നു. ഒറ്റയ്ക്ക് അയാളുടെ അടുത്തു ചെല്ലരുതെന്ന് എല്ലാ സ്റ്റാഫിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. റൂട്ടീന്‍ അസസ്്‌മെന്റില്‍ അയാള്‍ പറഞ്ഞു കൂടെയുള്ള സെക്യുരിറ്റിയും സ്റ്റാഫും ദുര്‍ഭൂതങ്ങളല്ലായെന്ന്. ചിലപ്പോള്‍ അവരെ ദുര്‍ഭൂതങ്ങളായി കാണാറുണ്ടെന്നും അപ്പോളെല്ലാം അയാള്‍ സ്വയം ഓര്‍മ്മപ്പെടുത്തും തന്നെ സഹായിക്കുന്ന സ്റ്റാഫാണെന്ന്. അയാള്‍ ഇടനാഴിയിലെത്തുമ്പോള്‍ അയാളുടെ കൂടെയുള്ള സ്റ്റാഫ് മറ്റു പേഷ്യന്റുമാരെ ദൂരേയ്ക്ക് മാറാന്‍ പറയാറുണ്ടായിരുന്നു. എന്നിട്ടും ഒരു പേഷ്യന്റിനെ ഭീകരമായി മര്‍ദിച്ചു സ്റ്റാഫിനു നിയന്ത്രിക്കാന്‍ കഴിയും മുന്‍പ്. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അയാള്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചു വന്നു. ചുറ്റുമുള്ളവരെ മനുഷ്യരായി കാണാന്‍ അയാള്‍ക്ക് കഴിഞ്ഞു. ചുരുക്കമായി മാത്രം ഭ്രമാല്‍മകത നൈമിഷികമായി  ബാധിക്കുമായിരുന്നു. സ്റ്റാഫിനെയും സെക്യുരിറ്റിയെയും പിന്‍വലിച്ചു.  അയാള്‍ മറ്റുള്ളവരുമായി ഇടപഴകിത്തുടങ്ങി. ഒരു ദിവസം ഞാന്‍ ഇടനാഴിയില്‍ നില്‍ക്കുമ്പോള്‍ ജോ മുറിയില്‍ നിന്നു പുറത്തിറങ്ങി ഡൈനിങ് റൂമിലേക്ക് നടക്കുകയായിരുന്നു. ഓരോ അടി വയ്ക്കുമ്പോളും എന്നോടുള്ള അകല്‍ച്ച കുറഞ്ഞു വന്നു. അയാളെ ശ്രദ്ധിച്ച ഞാന്‍ കണ്ടത് എന്നെ ഭീഭത്സതയോടെ തുറിച്ചു നോക്കി രണ്ടു കൈമുഷ്ടികളും ഇറുക്കിപ്പിടിക്കുന്നതായിരുന്നു. ഓടി രക്ഷപ്പെടുക എന്നതായിരുന്നു അടുത്ത നിമിഷത്തില്‍ ഞാന്‍ ചെയ്യേണ്ടത്. എന്നെക്കാള്‍ ചെറുപ്പവും ആരോഗ്യവാനായ അയാള്‍ക്ക് എന്നെക്കാള്‍ വേഗത്തില്‍ ഓടി എന്റെ അടുത്തെത്താന്‍ കഴിയുമെന്ന് തീര്‍ച്ച. ഓടി രക്ഷപ്പെടുവാനുള്ള സാധ്യത കുറവാണ്. നല്ല  ദൃഢഗാത്രനായ അയാളുടെ ഒരു ഇടി താങ്ങുവാനുള്ള ശക്തി എനിക്കില്ല. എങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ വിളിച്ചു- 'ജോ'. പെട്ടെന്ന് അയാളുടെ മുഖം മാറി; കണ്ണുകള്‍ സാധാരണമായി; അയാളുടെ ചുണ്ടില്‍ നേരിയ പുഞ്ചിരി വന്നു. എന്നെ തിരിച്ചറിഞ്ഞതിന്റെ സൂചന. എന്നെ കടന്നു പോയ അയാളെ ഞാന്‍ വീണ്ടും വിളിച്ചു 'നിങ്ങള്‍ എന്നെ  ഞാനല്ലാതെ കണ്ടോ?' അയാള്‍ പറഞ്ഞു 'അതേ. നിങ്ങളെ ഞാന്‍ ഭൂതമായി കണ്ടു. നിങ്ങളെ ഇടിച്ചിടാന്‍ ഞാന്‍ തയ്യാറാവുകയായിരുന്നു.  നിങ്ങള്‍ എന്നെ വിളിച്ചപ്പോള്‍, നിങ്ങളുടെ സ്വരം തിരിച്ചറിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ മുന്നില്‍ ഭൂതമല്ലായെന്ന്.'

ഈ ലേഖകന്റെ അനുഭവങ്ങള്‍ ഇവിടെ വിവരിക്കാന്‍ ചില കാരണങ്ങളുണ്ട്. മാനസിക രോഗികള്‍ എല്ലാവരും അക്രമികള്‍ അല്ല. മാനസികരോഗം ബാധിച്ചവരില്‍ അക്രമം പലപ്പോഴും രോഗലക്ഷണമായാണ് പ്രകടമാകുന്നത്. ചികിത്സ ഫലപ്രദമായാല്‍ രോഗികളുടെ രോഗലക്ഷണങ്ങളും അപ്രത്യക്ഷമാകും. അക്രമം രോഗലക്ഷണമാണെന്നു തിരിച്ചറിഞ്ഞു സെക്യുരിറ്റി പോലുള്ള നടപടികള്‍ എടുത്താലും നിയമങ്ങള്‍ നിര്‍മ്മിച്ചാലും, പലപ്പോഴും അക്രമങ്ങള്‍ ഒഴിവാക്കാന്‍ പരാജയപ്പെട്ടേക്കും. 

ശാരീരിക കാരണങ്ങള്‍ കൊണ്ടും രോഗികള്‍ ആക്രമണാല്‍മകത പ്രകടിപ്പിക്കാം. ഇന്‍ഫെക്ഷന്‍, ഡീഹൈഡ്രേഷന്‍, ബ്ലഡ് ഷുഗര്‍ അമിതമാകുകയോ കുറയുകയോ ചെയ്യുക, തലച്ചോറിലുള്ള ബ്ലീഡിങ്, ചില മരുന്നുകളുടെ പ്രതികൂല ഫലങ്ങള്‍ തുടങ്ങിയ അനേക കാരണങ്ങള്‍ പലരിലും മാനസിക ഭ്രമം ഉണ്ടാക്കുകയും കയ്യേറ്റം നടത്തുന്ന പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ഡിമെന്‍ഷ്യ എന്ന അവസ്ഥയും ചിലരില്‍ അക്രമാവസ്ഥ ഉണ്ടാക്കാറുണ്ട്. രോഗാവസ്ഥയില്‍ ക്ലേശിക്കുന്ന ഈ നിസ്സഹായര്‍ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നതിനിടയില്‍ നഴ്‌സുമാര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പലരും ഒരു പുഞ്ചിരിയോടെ അവഗണിക്കുന്നത് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു!

പക്ഷെ, നഴ്‌സുമാരെയും മറ്റു ആരോഗ്യപ്രവര്‍ത്തകരെയും മനഃപൂര്‍വ്വം കയ്യേറ്റം ചെയ്യുന്ന സോഷ്യോപാത്തുകളോടും സാമൂഹ്യവിരുദ്ധരോടും ദുഷ്ടഹൃദയരോടും സമൂഹമോ നിയമമോ ഒട്ടും തന്നെ വിട്ടുവീഴ്ച കാണിക്കാന്‍ പാടില്ല. 

ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ ആക്രമിച്ച സ്റ്റീഫന്‍ സ്‌കാന്‍ടെല്‍ബറിയുടെ മാനസിക രോഗ ലക്ഷണങ്ങളാണ് സംഭവത്തിനു കാരണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് അയാളുടെ ഡിഫെന്‍സ് അറ്റോര്‍ണിമാര്‍ ചെയ്യുന്നതെന്നറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ കാലം നമ്മെ അറിയിക്കും.