ഒട്ടാവ: കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യൻ വംശജയായ അനിത ആനന്ദിനെ പ്രധാനമന്ത്രി മാർക്ക് കാർണി നിയമിച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് മെലാനി ജോളിക്ക് പകരക്കാരിയായി അനിത ആനന്ദിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചത്. മുൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭ പോലെ കാർണി മന്ത്രിസഭയുടെ പകുതിയും സ്ത്രീകളാണ്. ഇന്ത്യൻ വംശജരായ 22 സ്ഥാനാർഥികൾ ഏപ്രിൽ 28നു നടന്ന കനേഡിയൻ ഫെഡറൽ ഇലക്ഷനിൽ വിജയിച്ചിരുന്നു. ഇതിൽ നാലുപേർ മാർക്ക് കാർണി മന്ത്രിസഭാംഗങ്ങളുമാണ്.
നിലവിൽ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന അനിത ആനന്ദ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിതയും കാബിനറ്റ് മന്ത്രിയായ ആദ്യ ഹിന്ദുവുമാണ്. കനേഡിയൻ പ്രവിശ്യയായ നോവ സ്‌കോട്ടിയയിലെ കെന്റ് വില്ലയിൽ ജനിച്ച അനിത 2019ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഓക്‌വില്ലെയിൽനിന്ന് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2019 മുതൽ 2021 വരെ പൊതുസേവന, സംഭരണ മന്ത്രിയായി സേവനമനുഷ്ഠിച്ച അനിത ട്രഷറി ബോർഡിന്റെ പ്രസിഡന്റായും പ്രതിരോധമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. കോവിഡ് കാലത്ത് കാനഡയിൽ വാക്‌സിൻ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അനിതയായിരുന്നു.
അനിതയുടെ മാതാവ് സരോജ് ഡി.റാമും പിതാവ് എസ്.വി. ആനന്ദും ഡോക്ടർമാരാണ്. ഗാന്ധിയന്മാരാണ് ഇരുവരും. ഗീതയും സോണിയയുമാണ് അനിതയുടെ സഹോദരങ്ങൾ. ക്വീൻസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ, ഓക്‌സ്ഫഡ് സർവകലാശാലയിൽ നിന്ന് നിയമബിരുദം, ഡൽഹൗസി സർവകലാശാലയി ൽനിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽനിന്ന് നിയമത്തിൽ മാസ്റ്റേഴ്‌സ് എന്നിവ നേടിയ അനിത ടൊറന്റോ സർവകലാശാലയിലെ നിയമ പഠനവകുപ്പിൽ പ്രഫസറായിരുന്നു.
