ഇന്ത്യയും പാകിസ്താനും ഒരുമിച്ചിരുന്ന് നല്ലൊരു അത്താഴം കഴിക്കട്ടെ; അതു നന്നാവില്ലേ? -ട്രംപ്

ഇന്ത്യയും പാകിസ്താനും ഒരുമിച്ചിരുന്ന് നല്ലൊരു അത്താഴം കഴിക്കട്ടെ; അതു നന്നാവില്ലേ? -ട്രംപ്


റിയാദ്: ഇന്ത്യയും പാകിസ്താനും ഒരുമിച്ച് നല്ലൊരു അത്താഴം കഴിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ഒരു നല്ല സമാധാന സ്ഥാപകനാണെന്നും ട്രംപ് സ്വയം വിശേഷിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലാന്‍ സാധ്യതയുള്ള ആണവയുദ്ധം ഒഴിവാക്കാന്‍ തന്റെ ഭരണകൂടം മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ട്രംപ് ആവര്‍ത്തിച്ചു.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ പങ്കെടുത്ത യുഎസ്‌സൗദി നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെയും വിദേശകാര്യ സെക്രട്ടറി റൂബിയോയുടെയും ഇടപെടലാണ് സമാധാനം സാധ്യമാക്കിയതെന്ന് ട്രംപ് പറഞ്ഞു. അവര്‍ ഇപ്പോള്‍ പരസ്പരം ബന്ധപ്പെടുന്നുണ്ട്. ഇനിയവര്‍ ഒരുമിച്ചിരുന്ന് നല്ലൊരു അത്താഴം കഴിക്കട്ടേ, നന്നാവില്ലേ റുബിയോയോട് ട്രംപ് ചോദിച്ചു.

അതേസമയം ഇന്ത്യ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ അസന്നിഗ്ധമായി നിരസിക്കുകയും പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നേരിട്ടുള്ള ചര്‍ച്ചകളുടെ ഫലമാണെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. വെടിനിര്‍ത്തലിന് അമേരിക്ക ഇടപെട്ടെന്നും വ്യാപാരം അവസാനിപ്പിക്കുമെന്ന ഭീഷണിക്ക് ഇരുരാജ്യങ്ങളും വഴങ്ങിയെന്നുമടക്കം ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

''കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ തടയാന്‍ എന്റെ ഭരണകൂടത്തിന് വെടിനിര്‍ത്തല്‍ കൊണ്ടു വരാന്‍ സാധിച്ചു. അതിനായി ഞാന്‍ ഉപയോഗിച്ചത് വ്യാപാരത്തെയാണ്. ആണവ മിസൈലുകളല്ല നമ്മള്‍ വ്യാപാരം ചെയ്യേണ്ടത്. നിങ്ങള്‍ വളരെ മനോഹരമായി നിര്‍മിക്കുന്ന വസ്തുക്കള്‍ നമുക്ക് വ്യാപാരം ചെയ്യാം. '', ട്രംപ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ ഈ നിര്‍ദേശം നിരസിക്കുകയാണുണ്ടായത്.