കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. ഈ മാസം 12ന് രാത്രി വാട്‌സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്.
കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണി സന്ദേശത്തിലുണ്ട്. കേസില്‍ സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും മലേഷ്യന്‍ നമ്പറില്‍ നിന്നു വന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നു.
സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 ഒക്ടോബര്‍ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എട്ട് പേരാണ് മരിച്ചത്.
സ്‌ഫോടനത്തില്‍ രണ്ടു പേര്‍ സംഭവസ്ഥലത്തും ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. കേസില്‍ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ ആണ് ഏക പ്രതി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ്, 3578 പേജുള്ള കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി
