ന്യൂഡല്‍ഹി: പാകിസ്താനിലുടനീളമുള്ള ഒരു ഡസനിലധികം സൈനിക താവളങ്ങളില്‍ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണത്തില്‍ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച വെളിപ്പെടുത്തി.
ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലും സിവിലിയന്‍ പ്രദേശങ്ങളിലും സായുധ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പാകിസ്താന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി, അവരുടെ പ്രധാന വെടിമരുന്ന് ഡിപ്പോകളെയും പിഎഎഫിന്റെ എഫ് 16, ജെ 17 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിരുന്ന സര്‍ഗോധ, ബൊളാരി പോലുള്ള വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊളാരി വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ ഉസ്മാന്‍ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉള്‍പ്പെടെ 50 ലധികം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂരിനിടെയുണ്ടായ പ്രതികാര ആക്രമണങ്ങളുടെ ഭാഗമായി, ഇന്ത്യ സൈനിക കേന്ദ്രങ്ങളെയും ചക്ലാലയിലെ നൂര്‍ ഖാന്‍, ഷോര്‍കോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂര്‍, സിയാല്‍കോട്ട്, പാസ്രൂര്‍, ചുനിയന്‍, സര്‍ഗോധ, സ്‌കാര്‍ഡു, ബൊളാരി, ജേക്കബാബാദ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളെയും ലക്ഷ്യം വച്ചു.
ജേക്കബാബാദിലെ ഷഹബാസ് വ്യോമതാവളത്തിലെ നാശത്തിന്റെ വ്യാപ്തി കാണിക്കുന്നതാണ് ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍
നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ നിരവധി തീവ്രവാദ ബങ്കറുകളും പാകിസ്താന്‍ സൈനിക സ്ഥാനങ്ങളും തകര്‍ന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കനത്ത ക്രോസ്ഫയറില്‍ പാകിസ്താന്‍ സൈന്യത്തിന് നിയന്ത്രണരേഖയില്‍ 35നും 40നും ഇടയില്‍ സൈനികരെ നഷ്ടപ്പെട്ടുവെന്നും പിഎഎഫിന് 'ഏതാനും' വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഇന്ത്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു.
തിങ്കളാഴ്ച, പാകിസ്താന്‍ വ്യോമതാവളങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞ് നശിപ്പിച്ച വിവിധ പാകിസ്താന്‍ ഡ്രോണുകളുടെയും മിസൈലുകളുടെയും കണ്ടെടുത്ത തെളിവുകള്‍ സായുധ സേന പുറത്തുവിട്ടു.
ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ ഡി എസ് റാണ, ചൊവ്വാഴ്ച, 70 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ചു.
സ്ഥിരീകരിച്ച ഭീകര ബന്ധങ്ങളുള്ള ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ആസൂത്രണ പ്രക്രിയയെക്കുറിച്ച് ലെഫ്റ്റനന്റ് ജനറല്‍ റാണ വിശദീകരിച്ചുവെന്നും, തീവ്രമായ മള്‍ട്ടിഡൊമെയ്ന്‍ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കിയ സൈനിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഇന്ത്യന്‍ സായുധ സേനകളുടെ സംയോജിതവും കൃത്യവും വേഗത്തിലുള്ളതുമായ പ്രതികരണം എടുത്തുകാണിച്ചുവെന്നും ഹെഡ്ക്വാര്‍ട്ടര്‍ ഐഡിഎസ് ഒരു എക്‌സ് പോസ്റ്റില്‍, പറഞ്ഞു.
പാകിസ്താന്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ വ്യാജ പ്രചാരണത്തെക്കുറിച്ചും പ്രാദേശിക സമാധാനത്തിലും സ്ഥിരതയിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ലെഫ്റ്റനന്റ് ജനറല്‍ റാണ സംസാരിച്ചു.
'തെറ്റായ വിവരണത്തെ ഫലപ്രദമായും വേഗത്തിലും പ്രതിരോധിക്കാനും വസ്തുതകള്‍ ബോധ്യപ്പെടുത്തുവാനും ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും ഐഡിഎസ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍: പിഎഎഫ് അടിസ്ഥാനസൗകര്യങ്ങളുടെ 20%, നിരവധി യുദ്ധവിമാനങ്ങള്‍, ഓഫീസര്‍ ഉള്‍പ്പെടെ 50 പേരുടെ ജീവന്‍; പാകിസ്താന്റെ നഷ്ടക്കണക്കുകള്‍ പുറത്ത്
