കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്

കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്


എഡ്മണ്ടന്‍: കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു.  എഡ്മണ്ടനിലെ ബിഎപിഎസ് സ്വാമിനാരായണ മന്ദിറിലാണ് ഇന്ത്യാ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ ചുവരെഴുത്തുകള്‍ കണ്ടത്. 

ഹിന്ദു- കനേഡിയന്‍ കമ്മ്യൂണിറ്റികളില്‍ വിദ്വേഷം ആളിക്കത്തിക്കുന്ന അക്രമ സംഭവങ്ങളില്‍ നേപ്പിയന്‍ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ ഉത്കണ്ഠ രേഖപ്പെടുത്തി.

ഇന്ത്യന്‍ വംശജനായ കനേഡിയന്‍ എം പി ചന്ദ്ര ആര്യയെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കടന്നാക്രമിക്കുന്നതായിരുന്നു ചുവരെഴുത്ത്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രേറ്റര്‍ ടൊറന്റോ ഏരിയ, ബ്രിട്ടീഷ് കൊളംബിയ, കാനഡയിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ വിദ്വേഷകരമായ ചുവരെഴുത്ത് നടത്തുന്നതായി ആര്യ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വിന്‍ഡ്സറിലെ ഒരു ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ ഉപയോഗിച്ച് വികൃതമാക്കപ്പെട്ടിരുന്നു. സമാനമായ സംഭവങ്ങള്‍ മിസിസാഗയിലും ബ്രാംപ്ടണിലുമുണ്ടായി. 

കാനഡ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗമായ റാന്‍ഡി ബോയ്സോണോള്‍ട്ട് ഈ ഭീഷണികളെ നേരിടാനും കാനഡയിലെ എല്ലാ മതവിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും മുന്‍കൈയെടുക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ കനേഡിയന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളോട് ആവശ്യപ്പെട്ടു.

കാനഡയിലെ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള ഭീഷണിക്കെതിരെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും തീവ്രവാദ പ്രചാരണത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു.

അതിനിടെ കാനഡയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി അനുഭാവികളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന ആശങ്കകളാണ് നിരവധി ആഗോള റിപ്പോര്‍ട്ടുകളില്‍ ഉയരുന്നത്. 

ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയാണെന്ന പരാമര്‍ശം ട്രൂഡോ നടത്തിയിരുന്നു. ഇത് ഇന്ത്യ നിരസിച്ചിരുന്നു. 

മെയ് മാസത്തില്‍ ടൊറന്റോയില്‍ നടന്ന ഖാലിസ്ഥാന്‍ പ്രസ്ഥാനത്തോട് അനുഭാവമുള്ള വ്യക്തികള്‍ പങ്കെടുത്ത ഖല്‍സ ദിന പരിപാടിയില്‍ ട്രൂഡോ പങ്കെടുത്തത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ട്രൂഡോയും മറ്റ് പ്രമുഖരും പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതില്‍ ശക്തമായ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തുകയും ചെയ്തു.

കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്