ഹമാസ് നേതാവ് സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം

ഹമാസ് നേതാവ് സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം


ജറുസലേം: മൂന്ന് തീവ്രവാദികളെ ലക്ഷ്യമിട്ട് ഗാസ മുനമ്പില്‍ നടത്തിയ ഓപ്പറേഷനില്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടോ എന്നതിന്റെ സാധ്യത പരിശോധിക്കുന്നതായി ഇസ്രായേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു.

ആക്രമണത്തില്‍ ഭീകരര്‍ ആരൊക്കെയെന്ന് ഈ ഘട്ടത്തില്‍ സ്ഥിരീകരിക്കാനാകില്ലെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു.
മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ട കെട്ടിടത്തില്‍ ഇസ്രയേലി ബന്ദികളുണ്ടായിരുന്നതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസില്‍ നിന്ന് ഉടന്‍ പ്രതികരണമൊന്നും ഉണ്ടായില്ല.

സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ചാല്‍, അത് ഇസ്രായേല്‍ സൈന്യത്തിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും യുദ്ധത്തില്‍ ലഭിക്കുന്ന വലിയ ഉത്തേജനമാകും.

ഗാസ യുദ്ധത്തിന് തുടക്കമിട്ട 2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ ശില്പിയായ സിന്‍വാര്‍, അന്നുമുതല്‍ ഇസ്രായേലിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. പക്ഷേ, കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഗാസയ്ക്ക് കീഴില്‍ ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങളിലൊന്നില്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ ജീവനോടെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല..

മുമ്പ് ഗാസ മുനമ്പിലെ ഹമാസിന്റെ നേതാവായിരുന്നു സിന്‍വാര്‍. ഓഗസ്റ്റില്‍ ടെഹ്റാനില്‍ വെച്ച് മുന്‍ രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് തീവ്രവാദ സംഘടനയുടെ മൊത്തത്തിലുള്ള നേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ നേതാവ് ഹസന്‍ നസ്റല്ലയെയും കഴിഞ്ഞ മാസം ബെയ്റൂട്ടില്‍ വെച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു.

2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ നേതൃത്വത്തിലുള്ള തോക്കുധാരികള്‍ ഇസ്രായേല്‍ ആക്രമിച്ച് 1,200 ഓളം പേരെ കൊല്ലുകയും 250 ലധികം പേരെ ഗാസയില്‍ ബന്ദികളാക്കുകയും ചെയ്തു. പ്രതികരണമായി ഇസ്രായേല്‍ നടത്തിയ കാമ്പെയ്നില്‍ 42,000-ലധികം ആളുകള്‍ കൊല്ലപ്പെട്ടു, ഗാസയുടെ ഭൂരിഭാഗവും അവശിഷ്ടങ്ങളാക്കി മാറ്റുകയും ജനസംഖ്യയില്‍ ഭൂരിഭാഗവും പലായനം ചെയ്യുകയും ചെയ്തു.