കേരളം രാജ്യത്തിന്റെ ശാസ്ത്ര തലസ്ഥാനമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്

കേരളം രാജ്യത്തിന്റെ ശാസ്ത്ര തലസ്ഥാനമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്


തിരുവനന്തപുരം: ശാസ്ത്രജ്ഞരുടെ ഇഷ്ടകേന്ദ്രമായി മാറിയ കേരളം രാജ്യത്തിന്റെ ശാസ്ത്ര തലസ്ഥാനമായി മാറുകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ്.

ഇവിടെ ലഭ്യമായ വിഭവങ്ങളും തലമുറകള്‍ പഴക്കമുള്ള ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും പാരമ്പര്യവും കാരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന് അപാരമായ ശാസ്ത്ര-ഗവേഷണ സാധ്യതകളുണ്ടെന്ന് ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്തെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി) ആയുര്‍വേദ ഗവേഷണത്തിലെ മികവിന്റെ കേന്ദ്രത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

 പ്രധാന ആയുര്‍വേദ ചികില്‍സാ കേന്ദ്രവും ആയൂര്‍വേദ ചികിത്സതേടിയെത്തുന്ന വിനോദസഞ്ചാരികളുടെ  പ്രധാന ലക്ഷ്യസ്ഥാനവുമായ കേരളത്തിന് സെന്റര്‍ തുറക്കുന്നതോടെ ഏറെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

'ആയുര്‍വേദ മരുന്നുകളിലെ ഹെര്‍ബല്‍ ഘടകങ്ങളുടെ നിലവാരം പുലര്‍ത്തുന്നതിനായി കൂടുതല്‍ ഫലപ്രദവും മനുഷ്യശരീരത്തിന് ദോഷകരമാക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കിയും കേന്ദ്രം പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കും,  'പുതിയ സാങ്കേതികവിദ്യകളിലൂടെ ആയുര്‍വേദ ഔഷധങ്ങളുടെ ശാസ്ത്രീയ സാധൂകരണം ആഗോളതലത്തില്‍ ആയുര്‍വേദത്തിന് വലിയ സ്വീകാര്യത നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളായി ആയുര്‍വേദം രാജ്യത്ത് ഉപയോഗത്തിലുണ്ടെങ്കിലും, നൂതന ഗവേഷണവും രോഗനിര്‍ണയത്തില്‍ ശാസ്ത്രീയ ഉപകരണങ്ങളുടെ ഉപയോഗവും ഈ മേഖല ഇപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആയുര്‍വേദത്തെ കൂടുതല്‍ ശാസ്ത്രീയമായി സ്വീകാര്യമാക്കാനും ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണി സൃഷ്ടിക്കാനുമാണ് ആയുര്‍വേദ മികവിന്റെ കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ കൗണ്‍സിലിന്റെ ട്രൈബല്‍ സയന്‍സ് ഹെറിറ്റേജ് പ്രോജക്റ്റ്- രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (BRIC-RGCB), സ്വദേശി സയന്‍സ് മൂവ്മെന്റ്-കേരളം (SSM-K) എന്നിവ സംയുക്തമായി പ്രമോട്ട് ചെയ്യുന്ന കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കമ്മ്യൂണിറ്റി സംരംഭങ്ങളും സിംഗ് ഉദ്ഘാടനം ചെയ്തു.