വിമാനയാത്രക്കാരെയും അധികാരികളെയും കുഴക്കി വ്യാജ ബോംബ് ഭീഷണികൾ

വിമാനയാത്രക്കാരെയും അധികാരികളെയും കുഴക്കി വ്യാജ ബോംബ് ഭീഷണികൾ


കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ ഇരുപതോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങൾക്കെതിരെ വ്യാജ ബോംബ് ഭീഷണിയുണ്ടായി. ഇൻറർനെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുറപ്പെടുവിക്കപ്പെടുന്ന ഈ ഭീഷണികൾക്ക് പിന്നിൽ ആരെന്നും അവരുടെ ലക്ഷ്യമെന്തെന്നുമുള്ള ചോദ്യങ്ങൾ അധികാരികളെ കുഴക്കുകയാണ്.

ഇക്കഴിഞ്ഞയാഴ്ച്ച ആവർത്തിച്ച് വന്ന ബോംബ് ഭീഷണികൾ ലണ്ടനിലും ജർമനിയിലും നിന്നാണ് പുറപ്പെടുവിക്കപ്പെട്ടതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഐപി അഡ്രസുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരെന്നോ അവരുടെ ലക്ഷ്യമെന്തെന്നോ ഇപ്പോഴും വെളിവായിട്ടില്ല.

തിങ്കളാഴ്ച്ച മൂന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ ലക്‌ഷ്യം വച്ചാണ് ബോംബ് ഭീഷണി വന്നതെങ്കിൽ ചൊവ്വാഴ്ച്ച10 വിമാന സർവീസുകളെ ലക്‌ഷ്യം വച്ച് സമാനമായ ഭീഷണികൾ വന്നു. തൊട്ടടുത്ത ദിവസം ആറ് വിമാനങ്ങൾക്ക് ഭീഷണിയുണ്ടായി. ഓരോ സന്ദർഭത്തിലും ഏറെ ക്ലേശിച്ചും സമയം ചിലവഴിച്ചുമാണ് ഈ ഭീഷണികളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ലൂടെയാണ് ഇവയിൽ പലതും വന്നതെന്നതിനാൽ ഇന്ത്യൻ അധികാരികൾ അവരുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഐപി അഡ്രസുകൾ ശേഖരിക്കുകയും ആ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീഷണികളുടെ ഉത്ഭവം ലണ്ടനിലും ജർമനിയിലും നിന്നാണെന്ന് വ്യക്തമായത്.

രണ്ട് വ്യത്യസ്ത ഐപി അഡ്രസുകളുള്ള മൂന്ന് ഹാൻഡിലുകളിൽ നിന്ന് വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സംവിധാനമുപയോഗിച്ചാണ് അവ പുറപ്പെടുവിച്ചതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.ബന്ധപ്പെട്ട ഐപി അഡ്രസ് ഉടമകൾ ആരെന്ന് അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു 17 വയസുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വാർത്തയുണ്ടെങ്കിലും അതിനുപറത്തേക്ക് നീളുന്ന കണ്ണികൾ ഇതിന് പിന്നിലുണ്ടോ എന്നാണ് അന്വേഷണ ഏജൻസികൾ തിരയുന്നത്.

വ്യാജബോംബ് ഭീഷണികൾക്ക് ഉത്തരവാദികളെ ഇന്ത്യൻ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുന്നതടക്കമുള്ള നടപടികളാണ് അധികാരികൾ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ആഭ്യമന്ത്രാലയവുമായി ചർച്ചയിലാണ്.