അമേരിക്കയുടെ മറ്റൊരു മഠയത്തരം

അമേരിക്കയുടെ മറ്റൊരു മഠയത്തരം


മുന്‍ ഹസീന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബംഗ്ലാദേശിലെ ചൈനീസ് അംബാസഡര്‍ അഭിനന്ദിച്ചുവെന്ന വാർത്ത എത്രപേർ ശ്രദ്ധിച്ചുവെന്നറിയില്ല. പക്ഷെ, ആ വാർത്തയിൽ ഇന്ത്യയെയും അമേരിക്കയെയും സംബന്ധിച്ചിടത്തോളം അപകടകരമായ ഒരു സൂചനയുണ്ട്: ബംഗ്ലാദേശിന് മേൽ ചൈനയുടെ സ്വാധീനം വരും ദിവസങ്ങളിൽ നിർണ്ണായകമായി വർദ്ധിക്കാൻ പോകുന്നുവെന്ന സൂചനയാണത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് അവരുടെ 'ധൈര്യത്തെയും വിവേകത്തെയും' ബംഗ്ലാദേശിലെ ചൈനീസ് അംബാസഡര്‍ യാവോ വെന്‍ പ്രശംസിച്ചത്. ഹസീന സർക്കാരിൻറെ പതനത്തിലേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭം അത്ര നിർദ്ദോഷമായിരുന്നില്ലെന്ന ഇന്ത്യയുടെ ആശങ്കയാണ് ഇതിലൂടെ സാധൂകരിക്കപ്പെടുന്നത്.

ചൈനീസ് എംബസിയുടെ പ്രസ്താവന ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് (എസ്‌സിഎംപി) റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തിന്റെ ഐക്യം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയുടെ 'ശരിയായ പാതയിലേക്ക്' മടങ്ങാന്‍ സംഭാവന നല്‍കുന്നതിന് ബംഗ്ലാദേശിലെ യുവാക്കളോട് യാവോ ആഹ്വനം ചെയ്തുവത്രേ. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ബീജിംഗ് അടിയന്തര മെഡിക്കല്‍ റെസ്‌ക്യൂ ടീമിനെ അയച്ചത് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ യോഗത്തില്‍ ചൈനയോട് നന്ദി അറിയിച്ചുവെന്നും ധാക്ക-ബെയ്ജിങ് ബന്ധം നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധത വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആവര്‍ത്തിച്ചുവെന്നും ഈ റിപ്പോർട്ട് പറയുന്നുണ്ട്.

ജൂലൈയില്‍ പൊതുമേഖലാ തൊഴില്‍ ക്വാട്ടകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിവെച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടന്ന സംഘര്‍ഷങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ സ്വതന്ത്ര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടമായിരുന്നു ഈ പ്രക്ഷോഭകാലം. ഈ അസ്വസ്ഥത ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഓഗസ്റ്റ് ആദ്യം രാജ്യം വിടുന്നതിലേക്ക് നയിച്ചു. ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് സമാധാന നോബല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു.

വിദ്യാര്‍ത്ഥി പ്രതിഷേധ നേതാക്കളായ നഹിദ് ഇസ്ലാം, ആസിഫ് മഹ്മൂദ് എന്നിവരെ ഓഗസ്റ്റില്‍ രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരില്‍ ഉൾപ്പെടുത്തുകയും ചെയ്തു. ബംഗ്ലാദേശ് ജനത തിരഞ്ഞെടുത്ത 'സ്വതന്ത്ര വികസന പാത' യോടുള്ള തന്റെ രാജ്യത്തിന്റെ ആദരവ് വിദ്യാർത്ഥികളുമായുള്ള ചർച്ചയിൽ ചൈനീസ് അംബാസഡർ അടിവരയിട്ട് പറഞ്ഞപ്പോൾ അതിലെ മുള്ളും മുനയും നീളുന്നത് ഇന്ത്യയുടെ നേർക്കാണ്.

ബംഗ്ഗ്ലാദേശിന്റെ സ്വാതന്ത്ര്യവും വികസനവുമെല്ലാം ഷെയ്ഖ് ഹസീന ഇന്ത്യക്ക് അടിയറ വയ്ക്കുകയായിരുന്നുവെന്നാണ് ഈ പറഞ്ഞതിന്റെ വ്യംഗ്യം. പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യ പടുത്തുയർത്തിയ ബന്ധം വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ തകർക്കുന്നതിൽ ചൈന വിജയിച്ചതിന്റെ ആഹ്‌ളാദം നാമിവിടെ കാണണം. ചൈനീസ് നീക്കങ്ങളെ കുറിച്ച് അവർ അറിയാഞ്ഞിട്ടോ ഇന്ത്യ അതേക്കുറിച്ച് നിരന്തരമായി മുന്നറിയിപ്പ് നൽകാഞ്ഞിട്ടോ അല്ല ബൈഡൻ ഭരണകൂടം ഇക്കാര്യത്തിൽ നിസംഗമായ നിലപാട് സ്വീകരിച്ചതെന്നതാണ് ദുഃഖകരം. ഇത്തരമൊരു സാധ്യതയെക്കുറിച്ച് ഇന്ത്യ ആവർത്തിച്ച് അമേരിക്കൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ബൈഡൻ ഭരണകൂടം അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ബംഗ്ലാദേശിന്റെ അധികാരപരിധിയിലുള്ള സെയ്ൻറ് മാർട്ടിൻ ദ്വീപിൽ തങ്ങളുടെ നാവികത്താവളം സ്ഥാപിക്കാൻ നടത്തിയ നീക്കം ഹസീന സർക്കാരിൻറെ എതിർപ്പുമൂലം നടക്കാതെ പോയതാണ് അമേരിക്ക ബംഗ്ലാദേശിലെ ചൈനയുടെ നീക്കങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനുള്ള കാരണമായാതെന്ന് പകൽ പോലെ വ്യക്തമാണ്.

ഷെയ്ഖ് ഹസീന ഏകാധിപത്യമാണ് ബംഗ്ലാദേശിൽ നടപ്പാക്കുന്നതെന്ന വാദമാണ് തങ്ങളുടെ നിലപാട് ന്യായീകരിക്കുന്നതിന് ബൈഡൻ ഭരണകൂടം മുന്നോട്ടുവച്ചത്. അതിൽ ഒരു പരിധി വരെ ശരിയുമുണ്ട്. പക്ഷെ, ഷെയ്ഖ് ഹസീനയുടെ ഭരണത്തിൻ കീഴിൽ ബംഗ്ലാദേശ് ഏറെ തുറന്ന സമൂഹമായിരുന്നുവെന്ന് വേണം നാമിന്ന് മനസിലാക്കാൻ. ഇപ്പോൾ അവിടെയെന്താണ് നടക്കുന്നതെന്ന് നോക്കുക. ബംഗ്ലാദേശിലെ പുതിയ ഭാണകൂടത്തിന് മേൽ നിർണ്ണായക സ്വാധീനമുള്ളത് മുസ്ലിം മതമൗലികവാദികൾക്കാണ്. രാജ്യത്താകമാനം മുസ്ലിം മൗലികവാദത്തിന് പ്രോത്സാഹനം നൽകുന്ന നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. അതിൻറെ ഫലമായാണ് ബംഗ്ലാദേശിലെമ്പാടും ഹിന്ദു ന്യൂനപക്ഷത്തിനെതിരെ കടുത്ത ആക്രമണങ്ങൾ ഇപ്പോൾ അരങ്ങേറുന്നത്. ഉയിഗൂർ മുസ്ലിം ജനതയെ നിഷ്ക്കരുണം അടിച്ചമർത്തുന്ന ചൈനയുമാണ് തങ്ങളുടെ ചങ്ങാത്തമെന്നത് ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തെ ഒട്ടും വിഷമിപ്പിക്കുന്നുമില്ല.

ഏതായാലും പാകിസ്ഥാനൊപ്പം ബംഗ്ലാദേശിനെ കൂടെ തങ്ങളുടെ പക്ഷത്തേക്ക് കിട്ടിയെന്നതിൽ ചൈനക്ക് സന്തോഷിക്കാം. കഴിഞ്ഞ വര്‍ഷം 23.8 ബില്യണ്‍ ഡോളര്‍ ഉഭയകക്ഷി വ്യാപാരമാണ് ചൈനയും ബംഗ്ലാദേശും തമ്മിലുണ്ടായിരുന്നത്‌. ചൈന ഇന്ന് ബംഗ്ലാദേശിന്റെ  ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ചൈനയുടെ നേതൃത്വത്തിലുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ ചേർന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ രാജ്യവുമാണ് ബംഗ്ലാദേശ്. ഇതെല്ലാം ഭാവിയിൽ ദക്ഷിണേഷ്യയിലെ ഉയർത്താവുന്ന വെല്ലുവിളി മുൻകൂട്ടി  കാണുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് തന്നെ പറയേണ്ടി വരും.