കാല്‍ഗറി ജലപ്രതിസന്ധി മുന്നറിയിപ്പാണ്; കാനഡയിലെ മറ്റു നഗരങ്ങള്‍ക്ക്

കാല്‍ഗറി ജലപ്രതിസന്ധി മുന്നറിയിപ്പാണ്; കാനഡയിലെ മറ്റു നഗരങ്ങള്‍ക്ക്


ടൊറന്റോ: കാല്‍ഗറിയിലെ ജലപ്രതിസന്ധി കാനഡയിലെ എല്ലാ നഗരങ്ങള്‍ക്കും തിരിച്ചറിവുണ്ടാക്കണമെന്ന് അടിസ്ഥാന സൗകര്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാല്‍ഗറിയില്‍ 1.6 ദശലക്ഷം പേരാണ് താമസിക്കുന്നത്. ഇവിടെ ജൂണ്‍ അഞ്ചുമുതല്‍ ജലവിതരണത്തില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാല്‍ഗറിയിലെ ജലവിതരണത്തിന്റെ പകുതിയിലധികമാണ് ഇതിനകം വിച്ഛേദിക്കപ്പെട്ടത്. 

ജലവിതരണ തടസ്സം നഗരത്തില്‍ ജല അടിയന്തരാവസ്ഥയാണ് സംജാതമാക്കിയത്. ജല പ്രതിസന്ധി ജൂലായ് അഞ്ചു വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ജല ഉപയോഗത്തില്‍ കടുത്ത നിയന്ത്രണമാണ് തുടരുന്നത്. 

പുറത്തുള്ള നനയ്ക്കലുകളെല്ലാം ഇതിനകം നിരോധിച്ചിട്ടുണ്ട്. ടോയ്ലറ്റ് ഫ്‌ളഷുകള്‍ കുറയ്ക്കാനും കുളിക്കുന്ന സമയം കുറക്കാനും അലക്കുന്നതിലും പാത്രങ്ങള്‍ കഴുകുന്നതിലും ജലത്തിന്റെ അളവില്‍ കുറവ് വരുത്താനും ഇതിനകം അധികൃതര്‍ ആളുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മാത്രമല്ല ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മേയര്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഓഫിസിലേക്ക് പോകുന്നത് ഒഴിവാക്കിയാല്‍ രാവിലെ കുളിക്കുന്നത് ഒഴിവാകുമെന്നും മേയര്‍ വിശദമാക്കി.

ചില സ്‌കൂളുകള്‍ ജലധാരകളുടെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. തോട്ടക്കാര്‍ മഴവെള്ളം ശേഖരിക്കുകയും നഗരത്തിലെ ജീവനക്കാര്‍ നീന്തല്‍ക്കുളങ്ങള്‍ വറ്റിച്ച് ആ വെള്ളം അവിടുത്തെ പാലങ്ങള്‍ വൃത്തിയാക്കാനും മറ്റ് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുകയും ചെയ്യുന്നു. 

നിരാശാജനകവും ഭീഷണിയുമാണ് ജലപ്രതിസന്ധിയെന്ന് മേയര്‍ ജ്യോതി ഗോണ്ടെക്ക് പറഞ്ഞു. സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ വിദഗ്ധരും പറയുന്നത് കാല്‍ഗറിയില്‍ ഇത് സംഭവിക്കുകയാണെങ്കില്‍ എവിടെയും സംഭവിക്കാമെന്നാണ്. 

കാനഡയിലുടനീളം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാലപ്പഴക്കം സംഭവിക്കുന്നുണ്ട്. ഭൂഗര്‍ഭ പൈപ്പുകളുടെ വലിയ ശൃംഖല കൈകാര്യം ചെയ്യാന്‍   നഗരങ്ങള്‍ 'നല്ല ജോലി' ചെയ്യുന്നുണ്ടെങ്കിലും അവ നന്നാക്കാനും മാറ്റിസ്ഥാപിക്കാനും ആവശ്യമായ വിഭവങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ലെന്നാണ് കാല്‍ഗറി സര്‍വകലാശാലയിലെ സിവില്‍ എന്‍ജിനിയറിംഗ് അസോസിയേറ്റ് പ്രൊഫസര്‍ കെറി ബ്ലാക്കിനെ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ കുറവാണ് അനുഭവിക്കുന്നതെന്നും എല്ലാ നഗരത്തിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ അളവില്‍ കുറവായതുകൊണ്ടാണ് കാര്യമായി ബാധിക്കാത്തതെന്നും സംയോജിത വിജ്ഞാനം, എഞ്ചിനീയറിംഗ്, സുസ്ഥിര കമ്മ്യൂണിറ്റീസ് കാനഡ റിസര്‍ച്ച് ചെയര്‍ കൂടിയായ ബ്ലാക്ക് പറഞ്ഞു.

കാല്‍ഗറിയിലെ കാര്യങ്ങള്‍ മറ്റെല്ലാ നഗരങ്ങളും മനസ്സിലാക്കിയതായി താന്‍ കരുതുന്നുവെന്നും എങ്കിലും അപകട സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

2019-ല്‍, കാനഡയിലെ നിരവധി എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍, മുനിസിപ്പാലിറ്റി അസോസിയേഷനുകള്‍ സമാഹരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം കാനഡയിലെ ജല അടിസ്ഥാന സൗകര്യങ്ങളുടെ 30 ശതമാനവും മോശമോ വളരെ മോശമോ ആയ അവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. കാനഡക്കാര്‍ ദിവസവും ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും 20 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ 2022ലെ റിപ്പോര്‍ട്ട് പ്രകാരം ജലവിതരണത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാന ഭാഗം 2020 ആയപ്പോഴേക്കും 50 വര്‍ഷത്തിലധികം പഴക്കമുള്ളതായി മാറിയിരുന്നു. 1970ന് മുമ്പ് നിര്‍മ്മിച്ച ജലം, മലിനജലം, മഴവെള്ള പൈപ്പുകള്‍ എന്നിവയുടെ അഞ്ചിലൊന്ന് ഭാഗവും അവയുടെ ഉപയോഗപ്രദമായ കാലഘട്ടത്തിന്റെ അവസാനത്തില്‍ എത്തിയതായി ഏജന്‍സി പറഞ്ഞു. ഇവയില്‍ പലതും ഭൂമിക്കടിയില്‍ മറഞ്ഞിരിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് വെല്ലുവിളിയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വിലയിരുത്തിയത്. കാനഡയിലെ പൈപ്പുകളുടെ നീളത്തിന്റെ 12 ശതമാനം 2020ല്‍ 'അജ്ഞാത' അവസ്ഥയിലാണെന്നും അതില്‍ പറയുന്നു.

1960കളിലെയും 70കളിലെയും 'സുവര്‍ണ്ണ കാലഘട്ടം' എന്ന് വിളിക്കപ്പെടുന്ന കാലത്താണ് കാനഡയിലെ ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.

കാല്‍ഗറി ജലപ്രതിസന്ധി മുന്നറിയിപ്പാണ്; കാനഡയിലെ മറ്റു നഗരങ്ങള്‍ക്ക്