രണ്ടാം ലോക മഹായുദ്ധത്തില്‍ നഷ്ടമായ ഡിസ്‌ട്രോയര്‍ പുന:ര്‍നിര്‍മാണം തുടങ്ങി കാനഡ

രണ്ടാം ലോക മഹായുദ്ധത്തില്‍ നഷ്ടമായ ഡിസ്‌ട്രോയര്‍ പുന:ര്‍നിര്‍മാണം തുടങ്ങി കാനഡ


ഹാലിഫാക്‌സ്: രണ്ടാം ലോകമഹായുദ്ധകാലത്ത് ദുരന്തത്തില്‍ നഷ്ടമായ എച്ച് എം സി എസ് ഫ്രേസറിന്റെ പാരമ്പര്യം തുടര്‍ന്നുകൊണ്ട് കാനഡയുടെ ആദ്യ റിവര്‍ ക്ലാസ് ഡിസ്‌ട്രോയറായ പുതിയ എച്ച് എം സി എസ് ഫ്രേസറിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. ഹാലിഫാക്‌സില്‍ നടന്ന കപ്പലിന്റെ കീല്‍ സ്ഥാപിക്കല്‍ ചടങ്ങിലാണ് കാനഡ നാവികസേനയുടെ വൈസ് അഡ്മിറല്‍ ആംഗസ് ടോപ്ഷി ചരിത്രപ്രാധാന്യമുള്ള ഈ സന്ദേശം നല്‍കിയത്.

ചെറിയ കപ്പലുകള്‍ ഉപയോഗിച്ച് വലിയ ദൗത്യങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തും നിര്‍വഹിക്കാന്‍ കഴിയുന്ന ഡിസ്‌ട്രോയര്‍ നാവികസേനയാണ് കാനഡയുടേതെന്ന് അദ്ദേഹം പറഞ്ഞു.

1940-ല്‍ മുങ്ങിത്താഴുന്നതിന് തൊട്ടുമുമ്പ് ആദ്യ എച്ച് എം സി എസ് ഫ്രേസര്‍, ജര്‍മ്മന്‍ സൈന്യം ഫ്രാന്‍സിനെ അതിവേഗം കീഴടക്കിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ്, സഖ്യസേനാംഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഇത് അതീവ ശ്രദ്ധേയമായ ചരിത്രമാണെന്ന് ഒട്ടാവയിലെ കനേഡിയന്‍ വാര്‍ മ്യൂസിയത്തിലെ രണ്ടാം ലോകമഹായുദ്ധ ചരിത്രകാരനായ ജെഫ് നോക്‌സ് പറഞ്ഞു.

1920-കളില്‍ പ്രതിരോധ ചെലവുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കനേഡിയന്‍ നാവികസേനയ്ക്ക് വളരെ കുറച്ച് കപ്പലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. 1930-കളില്‍ പുനഃസായുധവല്‍ക്കരണം അനിവാര്യമായി മാറി. എന്നാല്‍ മഹാമാന്ദ്യത്തിന്റെ കാലഘട്ടമായതിനാല്‍ സാമ്പത്തിക പരിമിതികളും വലിയ വെല്ലുവിളിയായിരുന്നു.

പുതിയതും ഉപയോഗിച്ചതുമായ കപ്പലുകള്‍ ഘട്ടംഘട്ടമായി സ്വന്തമാക്കിയാണ് കാനഡ നാവികസേനയെ ശക്തിപ്പെടുത്തിയത്. 1936-ല്‍ ബ്രിട്ടീഷ് നാവികസേനയുടെ എച്ച് എം എസ് ക്രസന്റ് കാനഡയ്ക്ക് കൈമാറുകയും അത് എച്ച് എം സി എസ് ഫ്രേസര്‍ എന്ന പേരില്‍ സേവനമാരംഭിക്കുകയും ചെയ്തു.

ആദ്യകാലത്ത് കാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് സേവനമനുഷ്ഠിച്ച ഫ്രേസര്‍ 1939-ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് ഹാലിഫാക്‌സിലേക്ക് മാറ്റി. ചരക്കുകപ്പലുകള്‍ക്ക് സുരക്ഷാ അകമ്പടി നല്‍കല്‍, തീരദേശ പട്രോളിംഗ് എന്നിവയില്‍ പങ്കെടുത്ത കപ്പല്‍, 1940 മെയ് മാസം ജര്‍മ്മനി പടിഞ്ഞാറന്‍ യൂറോപ്പിനെ ആക്രമിച്ചതോടെ ബ്രിട്ടന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി യു കെയിലേക്ക് അയച്ച ആധുനിക കനേഡിയന്‍ ഡിസ്‌ട്രോയറുകളില്‍ ഒന്നായി.

1940 ജൂണില്‍ ഫ്രാന്‍സ് കീഴടങ്ങലിന്റെ വക്കിലെത്തിയപ്പോള്‍ ഡങ്കര്‍ക്കില്‍ മാത്രമല്ല, ഫ്രാന്‍സിന്റെ വിവിധ തീരപ്രദേശങ്ങളില്‍ നിന്നായി സഖ്യസേനാംഗങ്ങളെ ഒഴിപ്പിക്കുന്ന ദൗത്യങ്ങള്‍ നടന്നു. ജൂണ്‍ 21ന് സ്പാനിഷ് അതിര്‍ത്തിക്കടുത്തുള്ള ഫ്രാന്‍സിലെ സെയ്ന്റ്-ജീന്‍-ഡി-ലൂസില്‍ എച്ച് എം സി എസ് ഫ്രേസറും മറ്റൊരു കനേഡിയന്‍ ഡിസ്‌ട്രോയറായ എച്ച് എം സി എസ് റെസ്റ്റിഗൂഷും ബ്രിട്ടീഷ് കപ്പലുകളും നിലയുറപ്പിച്ചിരുന്നു.

ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ ജര്‍മ്മന്‍ അന്തര്‍വാഹിനികളില്‍ നിന്നോ മറ്റ് ആക്രമണങ്ങളില്‍ നിന്നോ സംരക്ഷണം നല്‍കുന്നതായിരുന്നു ഇവയുടെ പ്രധാന ചുമതല.

ജൂണ്‍ 25ന് ഫ്രേസറും റെസ്റ്റിഗൂഷും ബ്രിട്ടീഷ് കപ്പലായ എച്ച് എം എസ് കല്‍ക്കട്ടയും ഫ്രഞ്ച് തീരത്ത് നിന്ന് വടക്കോട്ട് സഞ്ചരിക്കുകയായിരുന്നു. അന്ന് വൈകുന്നേരം കപ്പലുകളുടെ യാത്രാ ക്രമീകരണത്തില്‍ മാറ്റം വരുത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ നാവികര്‍ ദിവസങ്ങളോളം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്് നോക്‌സ് പറഞ്ഞു.

യാത്രാ ക്രമീകരണത്തിനിടയില്‍ എച്ച് എം എസ് കല്‍ക്കട്ട ഫ്രേസറിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ഫ്രേസറിന്റെ മുന്‍ഭാഗം വേര്‍പെട്ട് ജിറോണ്ട് നദീമുഖത്ത് മുങ്ങി.

ഈ അപകടത്തില്‍ ഫ്രേസറിലുണ്ടായിരുന്ന 47 പേര്‍ മരിച്ചതായി നോക്‌സ് പറഞ്ഞു. ഇവരില്‍ പലരും കനേഡിയന്‍ നാവികരായിരുന്നു. ചിലരെ കപ്പലിന്റെ മുങ്ങാതിരുന്ന ഭാഗത്ത് നിന്ന് രക്ഷപ്പെടുത്തുകയും മറ്റു ചിലരെ കടലില്‍ നിന്ന് കരകയറ്റുകയും ചെയ്തു.

ഫ്രേസറിന്റെ നിയന്ത്രണ മുറിയുടെ ഒരു ഭാഗം കല്‍ക്കട്ടയുടെ മുന്‍ഭാഗത്ത് കുടുങ്ങിയതിനാല്‍ അഞ്ച് പേര്‍ക്ക് അതുവഴി സുരക്ഷിതമായി കല്‍ക്കട്ടയിലേക്ക് മാറാനായതും ചരിത്രത്തിലെ ശ്രദ്ധേയ സംഭവങ്ങളിലൊന്നാണ്.

രണ്ടാം ലോകമഹായുദ്ധത്തില്‍ കാനഡയ്ക്ക് നഷ്ടമായ ആദ്യ യുദ്ധക്കപ്പല്‍ ശത്രുക്കളുടെ ആക്രമണത്താല്‍ അല്ല, അപകടത്തിലൂടെയാണ് മുങ്ങിയതെന്ന് നോക്‌സ് പറഞ്ഞു.

ഫ്രേസറില്‍ നിന്ന് രക്ഷപ്പെട്ട പല നാവികരെയും പിന്നീട് പകരം സേവനത്തിനായി നിയോഗിച്ച എച്ച് എം സി എസ് മാര്‍ഗരിയിലേക്ക് മാറ്റി. എന്നാല്‍ 1940 ഒക്ടോബറില്‍ മറ്റൊരു കടല്‍ക്കപ്പല്‍ അപകടത്തില്‍ മാര്‍ഗരിയും നഷ്ടമായി.

ഫ്രേസറില്‍ സേവനമനുഷ്ഠിച്ച സിഡ് ക്രോസ്ലിയുടെ മകന്‍ ഫ്രാങ്ക് ക്രോസ്ലി പറയുന്നതനുസരിച്ച്, ഈ ദുരന്താനുഭവങ്ങള്‍ തന്റെ പിതാവിന്റെ ജീവിതത്തെ ആഴത്തില്‍ ബാധിച്ചിരുന്നു. ഫ്രേസറില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്റെ നിരവധി സഹപ്രവര്‍ത്തകര്‍ പിന്നീട് മാര്‍ഗരിയുടെ ദുരന്തത്തില്‍ കൊല്ലപ്പെട്ടതും മാനസിക ആഘാതം വര്‍ധിപ്പിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ എച്ച് എം സി എസ് ഫ്രേസര്‍ ഏകദേശം നാല് പതിറ്റാണ്ടോളം കാനഡയെ സേവിച്ചശേഷം 1997-ല്‍ ഫ്േളാട്ടിംഗ് മ്യൂസിയമാക്കി മാറ്റിയിരുന്നു. പിന്നീട് അത് വീണ്ടും സൈന്യം ഏറ്റെടുത്ത് പൊളിച്ചുനീക്കി.

ഹാലിഫാക്‌സില്‍ നടന്ന പുതിയ ഫ്രേസറിന്റെ കീല്‍ സ്ഥാപിക്കല്‍ ചടങ്ങില്‍ പാരമ്പര്യത്തിന്റെ ഭാഗമായി ഭാഗ്യചിഹ്നമായി ഒരു നാണയം കപ്പലിന്റെ അടിത്തറയില്‍ വെല്‍ഡ് ചെയ്യുകയും ചെയ്തു.

നാവികചരിത്രകാരനായ റോജര്‍ ലിറ്റ്വില്ലറുടെ അഭിപ്രായത്തില്‍ പഴയ കപ്പലുകളുടെ പേരുകള്‍ പുതിയ കപ്പലുകള്‍ക്ക് നല്‍കുന്നത് നാവികസേനയിലെ പതിവാണ്.