ബെയ്‌റൂട്ടിലെ ഇസ്രയേല്‍ ആക്രമണം: സമാധാന കരാര്‍ നടപ്പാക്കാന്‍ അമേരിക്കയ്ക്ക് ഇച്ഛാശക്തിയോ ശേഷിയോ ഇല്ലെന്ന് ഇറാന്‍ സ്പീക്കര്‍

ബെയ്‌റൂട്ടിലെ ഇസ്രയേല്‍ ആക്രമണം: സമാധാന കരാര്‍ നടപ്പാക്കാന്‍ അമേരിക്കയ്ക്ക് ഇച്ഛാശക്തിയോ ശേഷിയോ ഇല്ലെന്ന് ഇറാന്‍ സ്പീക്കര്‍


ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഞായറാഴ്ച വ്യോമാക്രമണം നടത്തി. ആക്രമണത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുക ഉയരുന്നത് ദൃശ്യമായിരുന്നു. ഹിസ്ബുല്ല ഇസ്രയേല്‍ പ്രദേശത്തേക്ക് ആക്രമണം നടത്തിയെന്ന അവകാശവാദത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഘോബെയ്‌റി മേഖലയിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ആറു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് സമാധാന കരാര്‍ നടപ്പാക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.

ദാഹിയേയ്ക്കുനേരെയുള്ള സയണിസ്റ്റ് ആക്രമണം, അമേരിക്കയ്ക്ക് തങ്ങളുടെ പ്രതിബദ്ധതകള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയോ അതിനുള്ള കഴിവോ ഇല്ലെന്ന കാര്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഖാലിബാഫ് എക്സില്‍ കുറിച്ചു.

തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ സമാധാന ചര്‍ച്ചകള്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിബദ്ധതകള്‍ നിറവേറ്റാനുള്ള ഇച്ഛാശക്തിയോ കഴിവോ ഇല്ലെങ്കില്‍ ഈ വഴിയിലൂടെ മുന്നോട്ടുപോകുന്നതിനെക്കുറിച്ച് സംസാരിക്കുന്നതില്‍ യാതൊരു പ്രസക്തിയുമില്ലെന്ന് ഖാലിബാഫ് വ്യക്തമാക്കി.

ഏപ്രില്‍ 7-ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷം ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണിത്. കഴിഞ്ഞ ആഴ്ചയും ഇസ്രയേല്‍ ബെയ്‌റൂട്ടിന് സമീപം ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രയേലിന് നേരെ ആക്രമണം നടത്തിയതായും തുടര്‍ന്ന് ഇസ്രയേല്‍ തെഹ്‌റാനെ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിലവില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു പ്രാദേശിക ധാരണയും ഈ മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലേക്ക് നയിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍, വിവിധ മുന്നണികളിലെ സുരക്ഷാ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം പ്രവര്‍ത്തനം തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷാ നയത്തില്‍ മാറ്റമുണ്ടാകില്ലെന്നും കാറ്റ്‌സ് പറഞ്ഞു.