ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ വലിയ രാഷ്ട്രീയ അട്ടിമറിക്ക് വഴിതുറന്ന വിമത എം.പിമാർ പുതിയ ലയന നീക്കവുമായി രംഗത്ത്. തങ്ങൾ എൻ.ഡി.എ മുന്നണിയിലുള്ള നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ലയിക്കുകയാണെന്ന് വിമത വിഭാഗം സ്ഥിരീകരിച്ചു. ഇതോടെ, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന മുൻപത്തെ വാദം വിമതർ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. അയോഗ്യത ഭീഷണി പൂർണ്ണമായി ഒഴിവാക്കാനാണ് ഈ പുതിയ നീക്കം.
എൻ.സി.പി.ഐയിൽ ലയിച്ച ശേഷം ഇവർ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ലോക്സഭയിലെ ഒരു പ്രത്യേക ബ്ലോക്കായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുമെന്നും വിമത എം.പിമാരിൽ ഒരാളായ കകോലി ഘോഷ് ദസ്തിദാർ പറഞ്ഞു. ത്രിപുര, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൃത്യമായ ശാഖകളുള്ള രാഷ്ട്രീയ പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ.
തങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ലയിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ വിമതർ ലോക്സഭാ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. ലോക്സഭയിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത് സമർപ്പിച്ചിരിക്കുന്നത്. ലോക്സഭയിൽ 28 എംപിമാരുള്ള ടി.എം.സിയിൽ 20 പേരാണ് വിമത ഗ്രൂപ്പിലുള്ളത്. എംപിമാരുടെയും എം.എൽ.എമാരുടെയും ഭൂരിപക്ഷമുണ്ടെങ്കിലും തങ്ങളാണ് തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദം വലിയ നിയമപ്രശ്നത്തിലേക്ക് കടക്കുമെന്നതിനാലാണ് അയോഗ്യത ഒഴിവാക്കാനുള്ള ലയന നീക്കം. ഈ നിർണ്ണായക നീക്കം ബംഗാൾ രാഷ്ട്രീയത്തിലും ദേശീയ തലത്തിലും വലിയ ചലനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
തൃണമൂൽ വിമതർ നാഷണലിസ്റ്റ് സിറ്റിസണസ് പാർട്ടിയിൽ ലയിക്കും; പുതിയ നീക്കം അയോഗ്യത ഒഴിവാക്കാൻ
