തിരുവനന്തപുരം: ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്ത സംഭവം കോളിളക്കമാക്കി ഭരണപക്ഷവും ബി.ജെ.പിയും. വിഷയം ഗൗരവമായി കാണുന്നെന്നും ഗുരുതരമായ വീഴ്ചയാണ് വി.സിമാർക്കുണ്ടായതെന്നും പ്രതികരിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ, മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. വി.സിമാരുടെ നടപടി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും റോണി എം.ജോണും അഭിപ്രായപ്പെട്ടു.
എന്നാൽ, തികച്ചും വ്യത്യസ്തമായ പ്രതികരണവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ രംഗത്തെത്തി. വി ഡി സതീശന്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് കേരളത്തിലെ ബാക്കി വരുന്ന എല്ലാ വിസിമാരും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തുമെന്ന് വെല്ലുവിളിച്ച സുരേന്ദ്രന്‍, വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കള്‍ക്കും വരാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു,
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത് ഉദ്ഘാടകനായി തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ നടത്തിയ പരിപാടിയിൽ കേരള, എം,ജി, മലയാളം സർവകലാശാല വൈസ് ചാൻസലർമാരാണ് പങ്കെടുത്തത്. പ്രത്യേക ക്ഷണിതാക്കൾ മാത്രം പങ്കെടുത്ത പരിപാടിയിൽ മാധ്യമങ്ങൾക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. ഇക്കാര്യം പുറത്തുവന്നതോടെയാണ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത് മൂന്ന് വി.സിമാർ; മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വെല്ലുവിളിച്ച് സുരേന്ദ്രൻ
