ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലും സ്‌ഫോടനത്തിലും ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ നാല് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവം അപകടമല്ലെന്നും ആസൂത്രിത തീവെപ്പാണെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ കെട്ടിടത്തിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന് തീകൊളുത്തിയതെന്നും ഇതാണ് വന്‍ തീപിടിത്തത്തിനും സ്‌ഫോടനത്തിനും കാരണമായതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
സ്‌ഫോടനത്തിന് തൊട്ടുമുമ്പ് മുഖം മറച്ച നിലയില്‍ പെണ്‍കുട്ടി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയും സംഭവത്തിന് പിന്നാലെ പുറത്തുപോകുകയും ചെയ്തതായി സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചന, മനഃപൂര്‍വമല്ലാത്ത നരഹത്യ, നരഹത്യാശ്രമം, തീ ഉപയോഗിച്ച് സ്വത്ത് നശിപ്പിക്കല്‍, രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്.
സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെയും മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തം ആകസ്മികമല്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.
ആദ്യം പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് ഗോവിന്ദ്പുരിയിലെ ഗിരിനഗര്‍ സ്വദേശിനിയായ 27കാരി സരിതയിലേക്ക് അന്വേഷണം എത്തിയത്. അഞ്ചാം നിലയില്‍ താമസിക്കുന്ന ദീപക് എന്നയാളുമായുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്‌കൂട്ടറിന് തീകൊളുത്താന്‍ സരിതയാണ് പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. ഇതിനായി പെട്രോളും തീപ്പെട്ടിയും സരിത കൈമാറിയതായും പെണ്‍കുട്ടി മൊഴിനല്‍കിയതായി തെക്കുകിഴക്കന്‍ ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഹേമന്ത് തിവാരി പറഞ്ഞു.
സരിതയെ ചോദ്യം ചെയ്തതോടെയാണ് ഗോവിന്ദ്പുരിയിലെ നവജീവന്‍ ക്യാമ്പ് സ്വദേശികളായ നിരഞ്ജന്‍ (33), സഹോദരന്‍ രാജ്കുമാര്‍ (27) എന്നിവരുടെ പങ്കും പുറത്തുവന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇവരുടെ നിര്‍ദേശപ്രകാരം ഗൂഢാലോചന നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ മരിച്ചത് പങ്കജ് (28), സഹോദരി സോണി (20), മുത്തശ്ശി സുശീലാ ദേവി (70) എന്നിവരാണ്. കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങളായ ഗുഡ്ഡി (50), മോനി (18) എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്.
