അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച 10,000 അപേക്ഷകളില്‍ വ്യാജ പ്രവേശന കത്തുകള്‍; പരിശോധന കടുപ്പിച്ച് കാനഡ

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച 10,000 അപേക്ഷകളില്‍ വ്യാജ പ്രവേശന കത്തുകള്‍; പരിശോധന കടുപ്പിച്ച് കാനഡ


ഒട്ടാവ: കാനഡയില്‍ പഠിക്കാനെത്തിയ പതിനായിരത്തോളം വിദേശ വിദ്യാര്‍ഥികള്‍ വ്യാജ രേഖ ചമച്ചാണ് അഡ്മിഷന്‍ എടുത്തതെന്ന് റിപ്പോര്‍ട്ട്. കോളേജുകളിലെ അഡ്മിഷന്‍ ലെറ്ററിലാണ് തിരിമറി നടത്തിയിരിക്കുന്നത്. ഇതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി.

ഐആര്‍സിസിയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ബ്രോണ്‍വിന്‍ മെയ് ആണ് ഒരു പാര്‍ലമെന്ററി കമ്മിറ്റിമുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവേശന കത്തുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം 500,000 അപേക്ഷകളില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രേഖകള്‍ കണ്ടെത്തുകയും ചെയ്തു.
93% കത്തുകള്‍ യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിച്ചപ്പോള്‍, 2% വ്യാജമാണെന്ന് തിരിച്ചറിഞ്ഞു, 1% കത്തുകള്‍ റദ്ദാക്കിയ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ടതാണ്. പല കേസുകളിലും കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കത്തുകളുടെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളായി കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ചിലര്‍ അവരുടെ വിസ അപേക്ഷകള്‍ക്കൊപ്പം കനേഡിയന്‍ കോളേജുകളില്‍നിന്ന് ലഭിച്ചു എന്നു പറയുന്ന വ്യാജ അഡ്മിഷന്‍ ലെറ്ററാണ് ഹാജരാക്കിയിരിക്കുന്നത്. കനേഡിയന്‍ കോളേജിലോ സര്‍വ്വകലാശാലയിലോ പഠിക്കാന്‍ അവര്‍ക്ക് അഡ്മിഷന്‍ ലഭിച്ചു എന്നു കാണിക്കുന്നതാണ് ലെറ്റര്‍. കാനഡയുടെ ഇമിഗ്രേഷന്‍ ഓഫീസ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തിന് പിന്നാലെ വിസ അപ്ലിക്കേഷനുകളില്‍ സൂഷ്മ പരിശോധന നടത്താന്‍ ഇമിഗ്രേഷന്‍ വിഭാഗം തീരുമാനിച്ചിരിക്കുകയാണ്. സിസ്റ്റത്തെ കബളിപ്പിച്ച് കാനഡയിലേക്ക് കടക്കുന്നതിന് ധാരാളം ആളുകള്‍ ഇത്തരത്തിലുള്ള വ്യാജ കത്തുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.

2023ല്‍ ഒരു കൂട്ടം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ലൈസന്‍സില്ലാത്ത ഒരു കണ്‍സള്‍ട്ടന്റ് വ്യാജ പ്രവേശന കത്തുകള്‍ നല്‍കിയതിനെ തുടര്‍ന്ന് നാടുകടത്തല്‍ നേരിട്ട സംഭവത്തെ തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.

ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അംഗീകാര കത്തുകള്‍ ആധികാരികമായി സമര്‍പ്പിക്കാനാണ് അപേക്ഷകരോട് സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. കാനഡയ്ക്കകത്തും പുറത്തും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ഈ സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.


അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.  വഞ്ചിതരായ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളെ 'അങ്ങേയറ്റം ആശങ്കാജനകം' എന്നാണ്
കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇമിഗ്രേഷന്‍ വിമര്‍ശകയായ ജെന്നി ക്വാന്‍
വിശേഷിപ്പിച്ചത്.  തട്ടിപ്പുകാരായ ഇടനിലക്കാരെയും അതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള  പങ്കാളിത്തത്തെയും അഭിസംബോധന ചെയ്യണമെന്ന് സര്‍ക്കാരിനോട് ജെന്നി ക്വാന്‍ ആവശ്യപ്പെട്ടു. 'വഞ്ചിക്കപ്പെട്ട അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കാനഡയുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ ഗ്ലോബ് ആന്‍ഡ് മെയിലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതികരണവും തുടര്‍നടപടികളും

ഇന്ത്യ, ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട 2,000 സംശയാസ്പദമായ കേസുകളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച അന്വേഷണം ഉള്‍പ്പെടെ ഐആര്‍സിസി പരിശോധനകള്‍ ശക്തമാക്കി. ഇതില്‍ 1,485 ഓളം വിദ്യാര്‍ത്ഥികള്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തി. വ്യാജരേഖകള്‍ പലര്‍ക്കും പ്രവേശനം നിഷേധിക്കപ്പെടുന്നതിനോ നാടുകടത്തപ്പെടുന്നതിനോ  കാരണമായി.

പരിശോധന പ്രക്രിയ യഥാര്‍ത്ഥ അപേക്ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പം തട്ടിപ്പുകളെ തടയുന്നുമെന്ന് ഐആര്‍സിസി വക്താവ് ജെഫ്രി മക്‌ഡൊണാള്‍ഡ് പറഞ്ഞു. നിയമാനുസൃത വിദ്യാര്‍ത്ഥികളാണെന്ന് കണ്ടെത്തിയവര്‍ക്ക് താല്‍ക്കാലിക റസിഡന്റ് പെര്‍മിറ്റുകള്‍ ലഭിക്കും. അപേക്ഷ സമര്‍പ്പണത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലും പിഴയില്ലാതെ കാനഡയില്‍ താമസിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നാണ് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. മതിയായ മേല്‍നോട്ടമോ അനന്തരഫലങ്ങള്‍ ശ്രദ്ധിക്കുകയോ ചെയ്യാതെ വിദ്യാര്‍ത്ഥി വിസ നല്‍കിയതിന് കണ്‍സര്‍വേറ്റീവ് നേതാവ് ടോം കിമിക്, ട്രൂഡോ സര്‍ക്കാരിനെ വിമര്‍ശിച്ചു.


അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച 10,000 അപേക്ഷകളില്‍ വ്യാജ പ്രവേശന കത്തുകള്‍; പരിശോധന കടുപ്പിച്ച് കാനഡ