ഇസ്രായേലി-മോള്‍ഡോവന്‍ റബ്ബി യു എ ഇയില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

ഇസ്രായേലി-മോള്‍ഡോവന്‍ റബ്ബി യു എ ഇയില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍


ടെല്‍അവീവ്: ഇസ്രായേലി- മോള്‍ഡോവന്‍ റബ്ബി സ്വി കോഗന്‍ യുണൈറ്റഡ് അറബ് എമിറേറ്റില്‍ (യു എ ഇ) കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു.

''നവംബര്‍ 21 വ്യാഴാഴ്ച മുതല്‍ കാണാതായ സ്വി കോഗന്റെ മൃതദേഹം യുഎഇയിലെ രഹസ്യാന്വേഷണ, സുരക്ഷാ അധികാരികള്‍ കണ്ടെത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കോഗന്റെ കൊലപാതകം ഹീനമായ സെമിറ്റിക് വിരുദ്ധ ഭീകരതയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. 28കാരനായ കോഗന്‍ ദുബായില്‍ റിമോന്‍ കോഷര്‍ ഗ്രോസറി ഷോപ്പ് നടത്തിയിരുന്നു

ന്യൂയോര്‍ക്ക് സിറ്റിക്ക് സമീപം ബ്രൂക്ലിന്‍ ക്രൗണ്‍ ഹൈറ്റ്സില്‍ ജൂതന്മാരിലെ കടുത്ത യാഥാസ്ഥിതികരായ ചബാദ് ലുബാവിച്ച് പ്രസ്ഥാനത്തിന്റെ ദൂതനായിരുന്നു അദ്ദേഹം.

ഇസ്രയേല്‍- ഹമാസ് യുദ്ധവും പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെ മറ്റ് സംഘര്‍ഷങ്ങളും ആരംഭിച്ചതുമുതല്‍ റിമോണ്‍ മാര്‍ക്കറ്റിന് നേരെ ഓണ്‍ലൈന്‍ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

നേരത്തെ യുഎഇ സ്റ്റേറ്റ് മീഡിയ കോഗന്റെ തിരോധാനം അംഗീകരിച്ചെങ്കിലും അദ്ദേഹത്തിന് ഇസ്രായേല്‍ പൗരത്വമുണ്ടെന്ന് അംഗീകരിച്ചില്ല. അതേസമയം, എമിറാത്തി ആഭ്യന്തര മന്ത്രാലയം കോഗനെ കാണാതായെന്നും ബന്ധപ്പെടാനാവുന്നില്ലെന്നും അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പ്രത്യേക സംഘം തിരച്ചിലും അന്വേഷണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് കൊലപാതകത്തെ അപലപിക്കുകയും 'വേഗത്തിലുള്ള നടപടി'ക്ക് എമിറാത്തി അധികാരികള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

നീതി ഉറപ്പാക്കാനും കോഗന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും ഇസ്രായേല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇസ്രായേലി പിഎംഒയും വിദേശകാര്യ മന്ത്രാലയവും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

2020ലെ അബ്രഹാം ഉടമ്പടിയില്‍ യു എ ഇയും ഇസ്രായേലും നയതന്ത്രബന്ധം സ്ഥാപിച്ചതു മുതല്‍ വാണിജ്യത്തിനും വിനോദസഞ്ചാരത്തിനുമായി ഇസ്രായേലികള്‍ യുഎഇയില്‍ ഒഴുകിയെത്തിയിരുന്നു. 

ഫലസ്തീനും ലെബനനുമെതിരായ ഇസ്രായേല്‍ ആക്രമണം എമിറാത്തികള്‍, അറബ് പൗരന്മാര്‍, യുഎഇയില്‍ താമസിക്കുന്ന മറ്റുള്ളവര്‍ എന്നിവരില്‍ രോഷം വര്‍ധിപ്പിച്ചിരുന്നു.