കിഴക്കന്‍ യുക്രെയ്നില്‍ വ്യാജ വിജയങ്ങള്‍ അറിയിച്ചു; സീനിയര്‍ കമാന്‍ഡറെ റഷ്യ പുറത്താക്കി

കിഴക്കന്‍ യുക്രെയ്നില്‍ വ്യാജ വിജയങ്ങള്‍ അറിയിച്ചു; സീനിയര്‍ കമാന്‍ഡറെ റഷ്യ പുറത്താക്കി


മോസ്‌കോ: കിഴക്കന്‍ യുക്രെയ്നിലെ യുദ്ധ പുരോഗതിയെ കുറിച്ച് വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച  മുതിര്‍ന്ന കമാന്‍ഡറെ റഷ്യ പുറത്താക്കിയതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രദേശമായ ഡൊനെറ്റ്സ്‌കിലെ സിവര്‍സ്‌ക് സെറ്റില്‍മെന്റില്‍ റഷ്യയുടെ സ്ഥാനം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിന് സൗത്ത് ഫോഴ്സ് ഗ്രൂപ്പിന്റെ കമാന്‍ഡറായ കേണല്‍ ജനറല്‍ ജെന്നഡി അനഷ്‌കിനെ പുറത്താക്കിയതെന്ന് യുക്രെയ്‌നിയന്‍ സൈനിക ബ്ലോഗര്‍മാര്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് റഷ്യ ആസ്ഥാനമായുള്ള ഔട്ട്ലെറ്റ് ആര്‍ബിസിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

നിരവധി സെറ്റില്‍മെന്റുകള്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അനഷ്‌കിന്‍ തന്റെ സീനിയര്‍മാരോട് തെറ്റായി അവതരണം നടത്തിയതായി യുക്രെയ്‌നിയന്‍ സൈനിക ബ്ലോഗര്‍മാര്‍ അവകാശപ്പെട്ടു. ഇത്തരത്തില്‍ എത്ര വിജയങ്ങള്‍ നുണകളുടേയും അന്യായമായ നഷ്ടങ്ങളുടേയും പര്യായമായി റിപ്പോര്‍ട്ടു ചെയ്തുവെന്ന് പ്രമുഖ റഷ്യന്‍ സൈനിക ബ്ലോഗുകളിലൊന്നായ റൈബര്‍ ചോദ്യമുന്നയിച്ചു. 

അനഷ്‌കിന്റെ ആരോപണവിധേയമായ വ്യാജ പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കാന്‍ റഷ്യന്‍ അധികാരികള്‍ വളരെ വൈകിയെന്ന് റൈബര്‍ അവകാശപ്പെട്ടു. അവിടെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് മടിയന്മാര്‍ എഴുതിയില്ലെന്നും റൈബര്‍ കുറ്റപ്പെടുത്തി. 

സ്വന്തം കമാന്‍ഡര്‍മാരില്‍ നിന്ന് വരുന്ന വളച്ചൊടിച്ച വിവരങ്ങള്‍ റഷ്യയ്ക്ക് വലിയ നഷ്ടം വരുത്തി, ഇത് ചില മേഖലകളില്‍ കനത്ത ജീവന്‍ നഷ്ടത്തിലേക്ക് നയിച്ചുവെന്ന് മറ്റ് ബ്ലോഗര്‍മാര്‍ അവകാശപ്പെട്ടു.

യുക്രെയ്‌നിയന്‍ സൈനിക മേധാവിയുടെ അഭിപ്രായത്തില്‍ മുന്‍നിരയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം അദ്ദേഹത്തിന്റെ സൈനികര്‍ 'ഏറ്റവും ശക്തമായ റഷ്യന്‍ ആക്രമണങ്ങളിലൊന്ന്' നേരിടുന്നുണ്ട്. എങ്കിലും, കഴിഞ്ഞ ഏതാനും ആഴ്ചകളായി റഷ്യന്‍ സൈനികരുടെ പടിഞ്ഞാറന്‍ മുന്നേറ്റം ഗണ്യമായി കുറഞ്ഞുവെന്നും കീവ് ചായയുള്ള ബ്ലോഗര്‍മാര്‍ അവകാശപ്പെട്ടു.

അതിനിടെ, പുതിയ സൈനിക റിക്രൂട്ട്മെന്റുകള്‍ക്ക് കടാശ്വാസം വാഗ്ദാനം ചെയ്യുന്ന നിയമത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒപ്പുവച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

സൈന്യത്തില്‍ ഒരു വര്‍ഷത്തെ കരാറില്‍ സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് 10 ദശലക്ഷം റൂബിള്‍ (96,000 ഡോളര്‍) വരെ കടാശ്വാസം ലഭിക്കുമെന്ന് പുതിയ നിയമം പറയുന്നു.

പാശ്ചാത്യ മാധ്യമ സ്രോതസ്സുകള്‍ അവകാശപ്പെടുന്നതുപോലെ, സൈനികരുടെ കുറവ് അുഭവപ്പെടുന്നുണ്ടെങ്കിലും യുക്രെയ്‌നിനുള്ളിലെ സംഘര്‍ഷ മേഖലകളില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ട്. 2022 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച അത്തരമൊരു മുന്‍ ഉത്തരവ് ആയിരക്കണക്കിന് റഷ്യന്‍ പുരുഷന്മാരുടെ പലായനത്തിന് കാരണമായിരുന്നു. 

യെമനില്‍ നിന്ന് നൂറുകണക്കിന് പോരാളികളെ യുക്രെയ്‌നില്‍ യുദ്ധം ചെയ്യാന്‍ റഷ്യ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകരം മോസ്‌കോ ഉയര്‍ന്ന ശമ്പളവും റഷ്യന്‍ പൗരത്വവും വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു.