ന്യൂഡല്‍ഹി: യു.പിയിലെ സംഭാല്‍ ജില്ലയില്‍ പള്ളിയുടെ സര്‍വേയ്ക്കിടെ സംഘര്‍ഷം. ഷാഹി ജുമുഅ മസ്ജിദിന്റെ സര്‍വേയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ മേല്‍നോട്ടത്തിലാണ് സര്‍വേയ്ക്കായി പ്രത്യേക സംഘം എത്തിയത്. എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി, തഹസില്‍ദാര്‍ രവി സോന്‍കര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സര്‍വേയുടെ ഭാഗമായി എത്തിയിരുന്നു.
മസ്ജിദ് പണിയുന്നതിനായി ക്ഷേത്രം തകര്‍ത്തുവെന്ന പരാതിയില്‍ സര്‍വ്വേയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു. സര്‍വേ സംഘം എത്തിയതോടെ ഷാഹി ജുമാമസ്ജിദിനു സമീപം നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. കനത്ത പോലീസ് വിന്യാസത്തിന്റെ അകമ്പടിയോടെ എത്തിയ സര്‍വേ സംഘത്തിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞതോടെ രംഗം അക്രമാസക്തമാവുകയായിരുന്നു.
പൊലീസിന്റേയും റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സിന്റേയും നിരവധി സംഘങ്ങളും സര്‍വേയ്‌ക്കെത്തിയിരുന്നു. സര്‍വേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സര്‍വേ നടത്താനെത്തിയവര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് ആരോപണം. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേല ദേവി ക്ഷേത്ര കമ്മിറ്റിയുടെ അംഗങ്ങള്‍ നവംബര്‍ 19ന് കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് പള്ളിയുടെ സര്‍വേക്ക് കളമൊരുങ്ങിയത്. ചാന്‍ഡൗസിയിലെ സിവില്‍ സീനിയര്‍ ഡിവഷന്‍ കോടതിയിലാണ് ഇവര്‍ ഹരജി സമര്‍പ്പിച്ചത്. ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹര്‍ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്.
ബാബറിന്റെ ഭരണകാലത്ത് 1529ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സര്‍വേക്ക് ഉത്തരവിടുകയും ഇതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത് സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് അന്ന് വൈകുന്നേരം തന്നെ സര്‍വേ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ന് വിശദമായ സര്‍വേ നടന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായതിനാല്‍ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യു.പിയിലെ ഷാഹി ജുമുഅ മസ്ജിദിന്റെ സര്‍വേയ്ക്കിടെ സംഘര്‍ഷം; കല്ലേറ്