ന്യൂയോര്‍ക്ക്: അമേരിക്കയിലെ നിയമപരമായ കുടിയേറ്റ പ്രക്രിയ 'പരിഹാസ്യമാംവിധം മന്ദഗതിയിലുള്ളതും ബുദ്ധിമുട്ടുള്ളതും' ആണെന്ന് ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും ഉടമയും പ്രമുഖ സംരംഭകനുമായ എലോണ്‍ മസ്‌ക്. ഗ്രീന്‍ കാര്‍ഡ് നേടുന്നതിലും വാക്‌സിനേഷന്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിലും ഉള്ള ബുദ്ധിമുട്ടുകളും തന്റെ നിരാശയും പ്രകടിപ്പിച്ച് കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റും മുന്‍ എന്‍. സി. എ. എ നീന്തല്‍താരവുമായ റിലേ ഗെയിന്‍സ് രംഗത്തുവന്നതോടെയാണ് അദ്ദേഹത്തെ പിന്തുണച്ച് മസ്‌ക് പരസ്യ പരാമര്‍ശം നടത്തിയത്.
തന്റെ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട്, റിലേ ഗെയിന്‍സിനുള്ള തന്റെ പിന്തുണ പ്രകടിപ്പിച്ച ഇലോണ്‍ മസ്‌ക് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന്, പ്രത്യേകിച്ച് അമേരിക്കയില്‍ അവസരങ്ങള്‍ തേടുന്ന വിദഗ്ധരും കഴിവുള്ളവരുമായ വ്യക്തികളുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു.
'അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റം പരിഹാസ്യമാംവിധം മന്ദഗതിയിലുള്ളതും ബുദ്ധിമുട്ടുള്ളതുമാണ്, സൂപ്പര്‍ കഴിവുള്ള ആളുകള്‍ക്ക് പോലും ഈ ബുദ്ധുമുട്ടുകളുണ്ട്. അത് ശരിയാക്കണം.
തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) നവംബര്‍ 20 ന് മസ്‌ക് എഴുതി.
യുഎസ് ഇമിഗ്രേഷന്‍ ചട്ടക്കൂടിലെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളാണ് ഇലോണ്‍ മസ്‌കിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ആഗോള പ്രതിഭകളെ ഫലപ്രദമായി ആകര്‍ഷിക്കുന്നതിന് നയപരമായ പരിഷ്‌കാരങ്ങളുടെ ആവശ്യകത എടുത്തു പറഞ്ഞ മസ്‌ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് കുടിയേറ്റം ലളിതമാക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. മസ്‌കിന്റെ പരസ്യ അഭിപ്രായപ്രകടനം വ്യാപകമായ ചര്‍ച്ചകള്‍ക്ക് കാരണമായി.
അമേരിക്കയിലെ നിയമപരമായ കുടിയേറ്റ പ്രക്രിയ ഇഴഞ്ഞുനീങ്ങുന്നതും ബുദ്ധിമുട്ടുനിറഞ്ഞതുമെന്ന് ഇലോണ്‍ മസ്‌ക്