തിരുവനന്തപുരം: കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കരയിലെ തിളങ്ങുന്ന വിജയം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരണവിരുദ്ധ വികാരം എന്ന പ്രചരണം ലവലേശം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല. പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
''കുപ്രചരണങ്ങളെയും കടന്നാക്രമങ്ങളെയും ജനം മുഖവിലയ്‌ക്കെടുത്തില്ല. സര്‍ക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതല്‍ ദൃഢമാക്കുന്നതാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലം. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്ക്കെടുക്കാതെയാണ് ജനങ്ങള്‍ ചേലക്കരയില്‍ എല്‍ഡിഎഫിന് തിളങ്ങുന്ന വിജയം നല്‍കിയത്.''
''പാലക്കാട്ട് മുന്‍ തിരഞ്ഞെടുപ്പില്‍ എന്നതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ എല്‍ഡി എഫിനൊപ്പം അണിനിരന്നു. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വര്‍ധിച്ച ഊര്‍ജ്ജം നല്‍കുന്നതാണ് ഈ ജനവിധി. താല്‍ക്കാലിക നേട്ടങ്ങള്‍ അല്ലാതെ ബിജെപിക്ക് കേരളത്തില്‍ ശാശ്വതമായ ചലനം ഉണ്ടാക്കാന്‍ സാധിക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃശൂര്‍ വിജയം ചൂണ്ടിക്കാട്ടി മുഴക്കിയ ബിജെപിയുടെ അവകാശവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരസ്‌കരിച്ചു.'' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി