ഒട്ടാവ: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ പിന്തുണച്ച് കാനഡയും രംഗത്തുവന്നു. രാജ്യത്ത് കാലുകുത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റുചെയ്ത് ഐസിസിക്ക് കൈമാറുമെന്നുമാണ് കാനഡയുടെ പ്രഖ്യാപനം. നേരത്തെ ഇതേ നിലപാടുമായി ബ്രിട്ടന്‍ രംഗത്തുവന്നിരുന്നു.
അമേരിക്കയും ഇസ്രയേലും അംഗീകരിക്കുന്നില്ലെങ്കിലും ഐസിസി പുറപ്പെടുവിച്ച വാറണ്ടിനെ പിന്തുണച്ച് കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരുന്നത് നെതന്യാഹുവിന് കുരുക്കാവുകയാണ്. നെതന്യാഹു രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഐസിസി നിയമം പാലിക്കുമെന്നുമാണ് കാനഡ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിയമത്തിന് വേണ്ടി നിലകൊള്ളുമെന്നും അന്താരാഷ്ട്ര കോടതിയുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.
നേരത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു ബ്രിട്ടനിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ബ്രിട്ടന്‍ സൂചന നല്‍കിയത്. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേയും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു
'നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂട്ടറുടെ തിടുക്കത്തിലും ഈ തീരുമാനത്തിലേക്ക് നയിച്ച പ്രശ്നകരമായ പ്രക്രിയയിലെ പിശകുകളിലും വളരെയധികം ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ വിഷയം ഐസിസിയുടെ അധികാരപരിധിയില്‍ പെട്ടതല്ല എന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു.
നെതന്യാഹുവിനൊപ്പം ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ഡീഫിനെതിരെ ഐ. സി. സി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെക്കുറിച്ച് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പരാമര്‍ശമില്ല.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൈക്ക് വാള്‍ട്ട്സും ഐസിസി നടപടിക്കെതിരെ പ്രതികരിച്ചു. ഇസ്രായേലിനെ ന്യായീകരിച്ച വാള്‍ട്ട്സ് 'ഐസിസിയുടെയും യുഎന്നിന്റെയും യഹൂദവിരുദ്ധ പക്ഷപാതത്തിന് ജനുവരിയില്‍ ശക്തമായ പ്രതികരണം ഉണ്ടാകും' എന്ന് മുന്നറിയിപ്പു നല്‍കി.
'ഐസിസിയ്ക്ക് വിശ്വാസ്യതയില്ലെന്നും ഈ ആരോപണങ്ങള്‍ യുഎസ് സര്‍ക്കാര്‍ നിഷേധിച്ചിട്ടുള്ളതാണെന്നും, വാള്‍ട്ട്സ് പറഞ്ഞു.
വാള്‍ട്ട്സിന്റെ അഭിപ്രായങ്ങള്‍ ഐസിസിക്കെതിരെ റിപ്പബ്ലിക്കന്‍മാര്‍ക്കിടയിലുള്ള ശക്തമായ പ്രതിഷേധത്തെയാണ് പ്രതിഫലിപ്പിച്ചത്. വ്യക്തികള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുന്ന 124 അംഗ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഐസിസിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചിലര്‍ യുഎസ് സെനറ്റിനോട് ആവശ്യപ്പെട്ടു.
ഐ. സി. സിയില്‍ അംഗമല്ലാത്ത അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെയുള്ള ഒരു നടപടിയും ഐസിസിയുടെ അധികാരപരിധിയില്‍പെട്ടതല്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
മനുഷ്യരാശിക്കെതിരെ 2023 ഒക്ടോബര്‍ 8 മുതല്‍ 2024 മെയ് 20 വരെ നടന്ന കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും കാരണക്കാരായ നെതന്യാഹുവിനും ഗാലന്റിനുമെതിരെ വ്യാഴാഴ്ചയാണ് ഹേഗ് ആസ്ഥാനമായുള്ള കോടതി അറസ്റ്റ് വാറണ്ട്് പുറപ്പെടുവിച്ചത്.
ജൂലൈയില്‍ ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ട ഹമാസ് നേതാവ് മുഹമ്മദ് ഡീഫിനെതിരെയും ഐസിസി വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഹമാസ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ല.
'നെതന്യാഹുവിനെ അറസ്റ്റുചെയ്യും'-ഐസിസി വാറണ്ടില്‍ നിലപാട് പ്രഖ്യാപിച്ച ബ്രിട്ടനു പിന്നാലെ കാനഡയും