അമേരിക്ക ആവശ്യപ്പെട്ടാല്‍ അദാനിയെയും കൂട്ടരെയും കൈമാറേണ്ടിവരുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര

അമേരിക്ക ആവശ്യപ്പെട്ടാല്‍ അദാനിയെയും കൂട്ടരെയും കൈമാറേണ്ടിവരുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര


ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടതി കൈക്കൂലി കേസില്‍ പ്രതിയാക്കിയ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയെയും കൂട്ടുപ്രതികളായ മറ്റ് ഏഴ് പേരെയും അമേരിക്ക ആവശ്യപ്പെട്ടാല്‍ കൈമാറേണ്ടി വരുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര. അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസിന് അധികാരമുണ്ട്. ഇവര്‍ താമസിക്കുന്നത് എവിടെയാണോ അവിടെ അറസ്റ്റ് വാറന്റ് നല്‍കുന്നതിനും യുഎസ് അറ്റോര്‍ണിക്ക് കഴിയുമെന്നും രവി ബത്ര പറഞ്ഞു.  അമേരിക്കയില്‍ വന്‍കിട ഊര്‍ജ്ജകരാറുകള്‍ ലഭിക്കുന്നതിനായി 250 കോടി ഡോളര്‍ വരുന്ന തുക ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കിയ കേസിലാണ് അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ കോടതി കേസെടുത്തത്.  

കേസില്‍ അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റ് ജോ ബൈഡന്റെ അറിവോടെയെന്നും അദാനിക്കെതിരായ വാറണ്ടിനെക്കുറിച്ച് അറിയാമെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ കെട്ടുറപ്പിനെ അദാനി കേസ് ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടി തുടരുമെന്ന് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചെയ്ഞ്ച് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, അദാനിയെ കൈമാറാന്‍ അമേരിക്ക ആവശ്യപ്പെട്ടാലും അത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

അദാനിയുടെ അറസ്റ്റ് എത്രയും വേഗം വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മോഡി സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. അമേരിക്കയുടെ കുറ്റപത്രത്തെ അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ടെങ്കിലും കേസിനെ തുടര്‍ന്ന്  തുടര്‍ച്ചയായ രണ്ടാം ദിവസവും അദാനി ഓഹരി വിലകള്‍ ഇടിഞ്ഞു.