അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ്: എസ്ഇസിയുടെ അന്വേഷണ ചുമതല ഇന്ത്യന്‍ വംശജനായ സഞ്ജയ് വാധ്വയ്ക്ക്

അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ്: എസ്ഇസിയുടെ അന്വേഷണ ചുമതല  ഇന്ത്യന്‍ വംശജനായ സഞ്ജയ് വാധ്വയ്ക്ക്


ന്യൂയോര്‍ക്ക്: കോടീശ്വരനായ വ്യവസായി ഗൗതം അദാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനിയും അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികളിലെ എക്‌സിക്യൂട്ടീവുകളും ഉള്‍പ്പെട്ട കൈക്കൂലി, തട്ടിപ്പ് ആരോപണങ്ങളില്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) നടത്തുന്ന അന്വേഷണങ്ങളുടെ ചുമതല ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ എസ്ഇസിയുടെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ആക്ടിംഗ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സഞ്ജയ് വാധ്വയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കോര്‍പ്പറേറ്റ് നേതാക്കളുടെ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനനടപടികളെടുക്കുന്ന ഉദ്യോഗസ്ഥരില്‍ മുന്‍പന്തിയിലുള്ളയാളാണ് വാധ്വ. സെക്യൂരിറ്റീസ് നിയമം ലംഘിച്ചതിന് മുതിര്‍ന്ന കോര്‍പ്പറേറ്റ് ഓഫീസര്‍മാരും ഡയറക്ടര്‍മാരും ഉള്‍പ്പെടെയുള്ള വ്യക്തികളെ കമ്മീഷന്‍ ശക്തമായി പിന്തുടരുകയും പിടിക്കുകയും ചെയ്യുമെന്ന്'  ദി ഇക്കണോമിക് ടൈംസിന് നല്‍കിയ  പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. മറ്റൊരു ഇന്ത്യന്‍ വംശജനായ തേജല്‍ ഷായും വാധ്വയ്ക്കൊപ്പം അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്.

ആരാണ് സഞ്ജയ് വാധ്വ ?-അറിയേണ്ടതെല്ലാം

നിലവില്‍ എസ്ഇസിയുടെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ആക്ടിംഗ് ഡയറക്ടറാണ് സഞ്ജയ് വാധ്വ. ന്യൂയോര്‍ക്ക് റീജിയണല്‍ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് സീനിയര്‍ അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2021 ഓഗസ്റ്റില്‍ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നേടി.
2003-ലാണ് വാധ്വ എസ്ഇസിയില്‍ ഒരു സ്റ്റാഫ് അറ്റോര്‍ണിയായി ചേര്‍ന്നത്, തുടര്‍ന്ന് ന്യൂയോര്‍ക്ക് ഓഫീസിലെ എന്‍ഫോഴ്സ്മെന്റ് പ്രോഗ്രാമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് എന്‍ഫോഴ്സ്മെന്റ് കോ-ഹെഡായി ഉയര്‍ന്നു. മാര്‍ക്കറ്റ് ദുരുപയോഗ യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫ്, ന്യൂയോര്‍ക്ക് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവയുള്‍പ്പെടെ മുമ്പ് മറ്റ് ചുമതലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്


എസ്ഇസി  സ്റ്റാഫില്‍ ചേരുന്നതിന് മുമ്പ്, വാധ്വ കാഹില്‍ ഗോര്‍ഡന്‍ & റെയ്ന്‍ഡല്‍ എല്‍എല്‍പി, Skadden, Arps, Slate, Meagher & Flom LLP എന്നിവയില്‍ ടാക്‌സ് അസോസിയേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു.
വാധ്വയ്ക്ക് ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബിഎ, ഹൂസ്റ്റണിലെ സൗത്ത് ടെക്‌സസ് കോളേജ് ഓഫ് ലോയില്‍ നിന്ന് ജെഡി, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് ടാക്‌സേഷനില്‍ എല്‍എല്‍എം എന്നീ ഡിഗ്രികള്‍ ലഭിച്ചിട്ടുള്ളതായി എസ്ഇസി രേഖകള്‍ വ്യക്തമാക്കുന്നു.