കൃഷി വകുപ്പിനെ നയിക്കാന്‍ ബ്രൂക്ക് റോളിന്‍സിനെ നിര്‍ദ്ദേശിച്ച് ട്രംപ്

കൃഷി വകുപ്പിനെ നയിക്കാന്‍ ബ്രൂക്ക് റോളിന്‍സിനെ നിര്‍ദ്ദേശിച്ച് ട്രംപ്


വാഷിംഗ്ടണ്‍: വരാനിരിക്കുന്ന പുതിയ അമേരിക്കന്‍ ഭരണകൂടത്തിലെ കൃഷിവകുപ്പിന്റെ ചുമതല വഹിക്കാന്‍ അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ബ്രൂക്ക് റോളിന്‍സിനെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു.

'നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായ അമേരിക്കന്‍ കര്‍ഷകരെ സംരക്ഷിക്കാനുള്ള ശ്രമത്തിന് അടുത്ത കൃഷി സെക്രട്ടറി എന്ന നിലയില്‍ ബ്രൂക്ക് നേതൃത്വം നല്‍കും' എന്ന് ട്രംപ് പ്രസ്താവനയില്‍ അറിയിച്ചു.

റോളിന്‍സിന്റെ നാമനിര്‍ദ്ദേശത്തോടെ ട്രംപിന്റെ കാബിനറ്റ് തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
 രാജ്യത്തെ എല്ലാ കൗണ്ടികളിലും ഓഫിസുകളും, 100,000 ഉദ്യോഗസ്ഥരുമുള്ള കാര്‍ഷിക ഏജന്‍സിയുടെ നേതൃസ്ഥാനത്തേക്കാണ് റോളിന്‍സ് എത്തുന്നത്.  ഫാം, പോഷകാഹാര പരിപാടികള്‍, വനം, വീട്, കാര്‍ഷിക വായ്പകള്‍, ഭക്ഷ്യ സുരക്ഷ, ഗ്രാമീണ വികസനം, കാര്‍ഷിക ഗവേഷണം, വ്യാപാരം എന്നിവയുടെ മുഴുവന്‍ ചുമതലകളുമാണ് ഏജന്‍സി നിര്‍വഹിക്കുക.