ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം റെക്കോര്‍ഡ് ഇടിവില്‍

ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം റെക്കോര്‍ഡ് ഇടിവില്‍


മുംബൈ : ഇന്ത്യയുടെ വിദേശനാണയ ശേഖരം നാലുമാസത്തിനിടെ കഴിഞ്ഞയാഴ്ച ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടതോടെയാണ് തുടര്‍ച്ചയായ 7-ാം മാസവും ഇടിവ് നേരിട്ടത്. നവംബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ 1,780 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 65,789 ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

1998ന് ശേഷം വിദേശനാണയ ശേഖരത്തില്‍ ഒരാഴ്ച ഇത്രവലിയ ഇടിവുണ്ടാകുന്നതും ആദ്യമാണ്. യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ആഗോളതലത്തില്‍ മറ്റ് കറന്‍സികളെയെല്ലാം നിഷ്പ്രഭമാക്കി മുന്നേറുകയാണ് ഡോളര്‍. രൂപയുടെ മൂല്യം കഴിഞ്ഞദിവസം ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയായ 84.50ല്‍ എത്തിയിരുന്നു. വിദേശനാണയ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിഞ്ഞില്ലായിരുന്നെങ്കില്‍, രൂപയുടെ വീഴ്ച ഇതിലും ശക്തമാകുമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശനാണയ ശേഖരം ചരിത്രത്തില്‍ ആദ്യമായി 70,000 കോടി ഡോളര്‍ കടന്ന് 70,489 കോടി ഡോളറില്‍ എത്തിയിരുന്നു. തുടര്‍ന്ന് നേരിട്ട നഷ്ടം 4,700 കോടി ഡോളറാണ്. നവംബര്‍ 15ന് സമാപിച്ച ആഴ്ചയില്‍ ഇന്ത്യയുടെ കരുതല്‍ സ്വര്‍ണശേഖരവും 206.8 കോടി ഡോളര്‍ ഇടിഞ്ഞ് 6,574.46 കോടി ഡോളറായി.