കൊല്‍ക്കത്ത: രാജ്ഭവനില്‍ സ്വന്തം പ്രതിമ സ്ഥാപിച്ച് അതിന്റെ ഉദ്ഘാടനം നടത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ വിവാദം.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് ആണ് തന്റെ രണ്ട് വര്‍ഷത്തെ ഭരണത്തോടനുബന്ധിച്ച് ശനിയാഴ്ച രാജ്ഭവനില്‍ സ്വന്തം പ്രതിമ അനാച്ഛാദനം ചെയ്തത്. സംഭവംവലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷം ഈ നീക്കം സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കിയെന്നാണ് പറയുന്നത്. ഗവര്‍ണര്‍ സ്വയം താന്‍ ഒരു മഹദ് വ്യക്തിയാണെന്ന് പ്രകടിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.
രാജ്ഭവനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന പെയിന്റിംഗ് എക്‌സിബിഷന്‍, ഡ്രോയിംഗ് മത്സരം എന്നിവയുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രതിമ ഔപചാരികമായി അനാച്ഛാദനം ചെയ്തത്.
അനാച്ഛാദനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയര്‍ന്നു. സ്വന്തം പ്രതിമ സ്ഥാപിച്ചുകൊണ്ട് ഗവര്‍ണര്‍ പൊങ്ങച്ചം പ്രകടിപ്പിക്കുകയാണെന്ന് നെറ്റിസണ്‍മാര്‍ ആരോപിച്ചു.
ഗവര്‍ണറുടെ നടപടിയെ പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചത്.
'നമ്മുടെ ഗവര്‍ണര്‍ സി. വി. ആനന്ദ് ബോസ് സ്വന്തം പ്രതിമ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. പബ്ലിസിറ്റി ആഗ്രഹിച്ചതിനാലാണ് അദ്ദേഹം അത് ചെയ്തത്. അടുത്ത ഘട്ടത്തില്‍ അദ്ദേഹം സ്വന്തം പ്രതിമയില്‍ മാല ചാര്‍ത്തുന്നതും കാണേണ്ടിവരും. ഇത് സ്വയം പൊങ്ങുന്നതിന്റെ അടയാളമാണ്-തൃണമൂല്‍ വക്താവ് ജയപ്രകാശ് മജുംദര്‍ പറഞ്ഞു.
ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും രംഗത്തുവന്നു. നിര്‍ഭാഗ്യകരമായ നടപടി സംസ്ഥാനത്തെ സംബന്ധിച്ച് നാണക്കേടുണ്ടാക്കുന്നതാണെന്ന് സി. പി. എം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. ഇത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് പറഞ്ഞു. ബംഗാളിന്റെ സംസ്‌കാരം വെച്ചാണ് ഗവര്‍ണര്‍ കളിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്ടിസ്റ്റ് പാര്‍ത്ഥ സാഹയാണ് പ്രതിമ ഗവര്‍ണര്‍ക്ക് സമ്മാനിച്ചതെന്ന് രാജ്ഭവനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗവര്‍ണറെ നേരിട്ട് കാണാതെ തന്നെ അദ്ദേഹത്തിന്റെ ഫോട്ടോയെ അടിസ്ഥാനമാക്കിയാണ് സാഹ ഫൈബര്‍ പ്രതിമ നിര്‍മ്മിച്ചത്.
പ്രതിമ സ്ഥാപിച്ചത് ഗവര്‍ണര്‍ ബോസ് അല്ലെന്നും കലാകാരനും ഇന്ത്യന്‍ മ്യൂസിയവും നല്‍കിയ സമ്മാനമാണെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. എന്നിരുന്നാലും, ഈ സംഭവം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് കാരണമായി, ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഔചിത്യത്തെ പലരും ചോദ്യം ചെയ്തു.
ശനിയാഴ്ച പ്രതിമ അനാച്ഛാദന ചടങ്ങില്‍ ഗവര്‍ണര്‍ ബോസ് ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ 'വളരെ മോശം' എന്നാണ് വിശേഷിപ്പിച്ചത്.
ഈ സാഹചര്യം രാഷ്ട്രീയക്കാരെ മാത്രമേ ബാധിക്കുകയുള്ളൂ. എന്നിരുന്നാലും, ബംഗാളിലെ ജനങ്ങള്‍ ഇത് ദീര്‍ഘകാലം സഹിക്കില്ല ', ബംഗാള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ തന്റെ രണ്ട് വര്‍ഷത്തെ കാലാവധി 'കയ്പ്ും മധുരവും നിറഞ്ഞതാണെന്നും' അദ്ദേഹം പറഞ്ഞു.
രാജ്ഭവനില്‍ സ്വന്തം പ്രതിമ അനാച്ഛാദനം ചെയ്ത ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ വിമര്‍ശനം