ഒട്ടാവ: ഫ്രാന്‍സിനും യുണൈറ്റഡ് കിംഗ്ഡത്തിനും പിന്നാലെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറെടുത്ത് കാനഡയും. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80ാമത് പൊതുസഭയില്‍ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചു.
പലസ്തീനിനും ഇസ്രായേലിനും ഇടയിലുള്ള സംഘര്‍ഷത്തില്‍ രാജ്യം എല്ലായ്‌പ്പോഴും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ 'ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകള്‍ ക്രമാനുഗതമായും ഗുരുതരമായും ഇല്ലാതാക്കപ്പെട്ടു' എന്നും കeനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക ദുരന്തം തടയുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ദ്വിരാഷ്ട്ര പരിഹാരം എന്നാല്‍ 'അക്രമത്തിന് പകരം സമാധാനം തിരഞ്ഞെടുക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നില്‍ക്കുക' എന്നാണെന്നും അദ്ദേഹം പറഞ്ഞു.
'സമാധാനം, സുരക്ഷ, എല്ലാ മനുഷ്യജീവിതത്തിന്റെയും അന്തസ്സ് എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള ഏകോപിത അന്താരാഷ്ട്ര നടപടികളില്‍ കാലതാമസത്തിന് ഇടം നല്‍കാത്ത തരത്തില്‍ സാധാരണക്കാരുടെ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണ്. ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുക എന്നാല്‍ അക്രമത്തിനോ ഭീകരതയ്‌ക്കോ പകരം സമാധാനം തിരഞ്ഞെടുക്കുന്ന എല്ലാ ആളുകളോടും ഒപ്പം നില്‍ക്കുക, സുരക്ഷിതവും സമൃദ്ധവുമായ ഭാവിക്കുള്ള ഏക മാര്‍ഗമായി ഇസ്രായേലി, പലസ്തീന്‍ രാജ്യങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനായുള്ള അവരുടെ സഹജമായ ആഗ്രഹത്തെ ബഹുമാനിക്കുക എന്നിവയാണെന്ന് കാര്‍ണിയുടെ പ്രസ്താവനയില്‍ പറയുന്നു.
'ഈ കാരണങ്ങളാല്‍, 2025 സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 80ാമത് സെഷനില്‍ പലസ്തീന്‍ സംസ്ഥാനത്തെ അംഗീകരിക്കാന്‍ കാനഡ ഉദ്ദേശിക്കുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഇനിയൊട്ടും വൈകരുത്; പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡയും
