ഒന്റാരിയോ: ഇക്കണോമിക് മൊബിലിറ്റി പാത്ത്‌വേസ് പൈലറ്റിന്റെ (ഇഎംപിപി) അടിത്തറയില്‍ പുതിയ സ്ഥിരതാമസ പാത അവതരിപ്പിക്കാന്‍ കാനഡ. സാമ്പത്തിക കുടിയേറ്റ ചട്ടക്കൂട് ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടിയിറക്കപ്പെട്ടവര്‍, വിദഗ്ധരായ അഭയാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് കാനഡയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള സ്ഥിരം രീതിയാണ് സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
2025- 26ലെ ഇമിഗ്രേഷന്‍, റെഫ്യൂജി, സിറ്റിസണ്‍ഷിപ്പ് കാനഡയുടെ (ഐആര്‍സിസി) ഡിപ്പാര്‍ട്ട്മെന്റല്‍ പദ്ധതിയുടെ ഭാഗമാണ് പ്രഖ്യാപനം. യോഗ്യതാ മാനദണ്ഡങ്ങളെയും പ്രോഗ്രാം ഘടനയെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഡിസംബര്‍ 31ന് ഇഎംപിപി കാലഹരണപ്പെടുന്നതിന് മുമ്പ് പുതിയ പ്രോഗ്രാം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
2018ലാണ് ഇഎംപിപി ആരംഭിച്ചത്. സാമ്പത്തിക കുടിയേറ്റ പരിപാടികളിലൂടെ വൈദഗ്ധ്യമുള്ള അഭയാര്‍ഥികളെയും കുടിയിറക്കപ്പെട്ടവരെയും കനേഡിയന്‍ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 2019 മുതല്‍ 2025 മാര്‍ച്ച് വരെയുള്ള ഔദ്യോഗിക ഡേറ്റ പ്രകാരം 970 വ്യക്തികള്‍ കാനഡയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്.
ഫെഡറല്‍, റീജിയണല്‍ സ്ട്രീമുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ഇഎംപിപിക്ക് അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ പ്രോഗ്രാം (എഐപി), പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (പിഎന്‍പി) എന്നിങ്ങനെ രണ്ട് രീതികളുണ്ട്. ഫെഡറല്‍ സ്ട്രീമിന് ജോബ് ഓഫര്‍ സ്ട്രീം, നോ ജോബ് ഓഫര്‍ സ്ട്രീം എന്നിങ്ങനെ രണ്ട് ഘടകങ്ങളുണ്ട്.
യോഗ്യത നേടുന്നതിന് അപേക്ഷകര്‍ അംഗീകൃത ഡോക്യുമെന്റേഷന്‍ വഴിയോ ഐആര്‍സിസി അംഗീകൃത പങ്കാളികളില്‍ നിന്നുള്ള റഫറലുകള്‍ വഴിയോ അവരുടെ അഭയാര്‍ഥി- കുടിയേറ്റ പദവി തെളിയിക്കണം. അപേക്ഷകളെല്ലാം കാനഡയ്ക്ക് പുറത്ത് നിന്നാണ് സമര്‍പ്പിക്കേണ്ടത്.
കനേഡിയന്‍ തൊഴിലുടമകളുടെ മുഴുവന്‍ സമയ തൊഴില്‍ ഓഫറുകളുള്ള അപേക്ഷകര്‍ക്ക് ജോബ് ഓഫര്‍ സ്ട്രീം വഴി അപേക്ഷിക്കാനാവും. അവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും നാഷണല്‍ ഒക്യുപേഷണല്‍ ക്ലാസിഫിക്കേഷന്‍ (എന്‍ഒസി) പരിശീലനം, വിദ്യാഭ്യാസം, പരിചയം, ഉത്തരവാദിത്തങ്ങള്‍ (ടിഇഇആര്‍) വിഭാഗങ്ങളെ അടിസ്ഥാനമാക്കി ഭാഷാ പ്രാവീണ്യം ഉള്‍പ്പെടെ മതിയായ യോഗ്യതകള്‍ ഉണ്ടായിരിക്കണം.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ പരിചയവും മതിയായ വിദ്യാഭ്യാസ യോഗ്യതയുമുള്ള വ്യക്തികളെ ലക്ഷ്യമിടുന്നതാണ് നോ ജോബ് ഓഫര്‍ സ്ട്രീം. കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച്മാര്‍ക്ക് (സിഎല്‍ബി) ഏഴ് മാനദങ്ങള്‍ പാലിക്കുന്നതും നാല് ഭാഷാ വൈദഗ്ദ്യവും ഈ സ്ട്രീമിന് വേണം. നിലവില്‍ ഈ സ്ട്രീം ലഭ്യമല്ല.
അപേക്ഷകര്‍ ആദ്യം എഐപി അല്ലെങ്കില്‍ പിഎന്‍പി പ്രകാരം യോഗ്യത പാലിക്കുകയും തുടര്‍ന്ന് ഇഎംപിപി വഴി അപേക്ഷിക്കുകയും വേണം. മുഴുവന്‍ സമയ ജോലി ഓഫര്‍, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഭാഷാ പ്രാവീണ്യം, മതിയായ വിദ്യാഭ്യാസ അല്ലെങ്കില്‍ പ്രൊഫഷണല്‍ പശ്ചാത്തലം എന്നിവ ഉണ്ടായിരിക്കണം. എഐപി പ്രകാരം ക്രെഡന്‍ഷ്യല്‍ അസസ്മെന്റുകളിലും ജോലി സമയ പ്രത്യേകതകളിലും ഇളവുകളുണ്ട്.
ഇഎംപിപി അപേക്ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും അപേക്ഷ, ബയോമെട്രിക് ഫീസ് എന്നിവയില്‍ ഇളവ് ലഭിക്കും. മെഡിക്കല്‍ പരീക്ഷകള്‍ക്കുള്ള ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്ഥിര താമസ ഫീസില്‍ ഇളവ് ഉള്‍പ്പെടെയുള്ള യാത്രാ ചെലവുകളും സെറ്റില്‍മെന്റ് സേവനങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ സഹായിക്കും.
ഇഎംപിപി പോലുള്ള ഇമിഗ്രേഷന്‍ പൈലറ്റുകള്‍ സമയപരിമിതമായ പ്രോഗ്രാമുകളാണ്. സാധാരണയായി അഞ്ച് വര്‍ഷത്തേക്കാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ നയങ്ങള്‍ക്കായുള്ള പരീക്ഷണമായി അവ പ്രവര്‍ത്തിക്കുന്നു. അവ വിജയകരമായാല്‍ സ്ഥിരമായ പ്രോഗ്രാമുകളിലേക്ക് മാറിയേക്കാം.
പദ്ധതിയുടെ പൂര്‍ണ്ണ വിവരങ്ങള്‍ എപ്പോള്‍ പുറത്തുവിടുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള ഉത്തരവാദിത്തത്തിനും കുടിയേറ്റം ഉപയോഗിക്കുന്നതിനുള്ള കാനഡയുടെ തുടര്‍ച്ചയായ പ്രതിബദ്ധതയെ ഈ തീരുമാനം സൂചിപ്പിക്കുന്നു.
