കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നുവെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്

കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നുവെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്


ഒട്ടാവ: കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതായി കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

പ്രവാസി സമൂഹങ്ങളെ സ്വാധീനിക്കുന്നതിലൂടെയും നിയമവിരുദ്ധമായ ധനസഹായത്തിലൂടെയും തെറ്റായ വിവര പ്രചാരണങ്ങളിലൂടെയും അനുകൂല വ്യക്തികളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിലൂടെയുമാണ് വിദേശ ഇടപെടലുകളെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വിദേശ ഇടപെടലിനെക്കുറിച്ചുള്ള ഒരു പൊതു അന്വേഷണത്തില്‍ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്‌ഐഎസ്) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പഞ്ചാബില്‍ ഒരു സ്വതന്ത്ര സിഖ് രാഷ്ട്രം തേടുന്ന ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിനുള്ള പിന്തുണയെ ദുര്‍ബലപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എങ്ങനെ 'വളരെയധികം ഇടപെടുന്നു' എന്ന് ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.  

പ്രവാസ സമൂഹങ്ങളെ സ്വാധീനിച്ചും പണം നല്‍കിയും തെറ്റായ വിവരങ്ങള്‍ കൈമാറിയും തങ്ങള്‍ക്ക് അനുകൂലമായ വ്യക്തികളെ പാര്‍ലമെന്റിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം.

നേതൃത്വത്തിലും നോമിനേഷനിലും ഉള്‍പ്പെടെ ഇടപെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അവരുടെ അനുകൂലികളെ പിന്തുണച്ച് പാര്‍ലമെന്റില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ തങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നവരെ തിരഞ്ഞെടുക്കാന്‍ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അതിനായി കനേഡിയന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയുള്ള ശ്രമങ്ങളും നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തങ്ങളുടെ പ്രചാരണങ്ങള്‍ക്ക് അനധികൃതമായി പണം ലഭിച്ചതായി സ്ഥാനാര്‍ഥികള്‍ക്കുപോലും അറിവില്ലാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈനയ്ക്ക് മുകളിലും സമാന ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കുന്നതിനായി കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ആവശ്യപ്പെട്ടു. ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ കൊലപാതകവുമായ ബന്ധപ്പെട്ട ട്രൂഡോയുടെ ആരോപണങ്ങളിലും വ്യക്തമായ തെളിവുകള്‍ പുറത്തുവിടാന്‍ കാനഡയ്ക്ക് സാധിച്ചിരുന്നില്ലെന്നും വര്‍മ ചൂണ്ടിക്കാണിച്ചു.

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ, റഷ്യ, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കുമെതിരെ ആരോപണങ്ങളുണ്ട്.


കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നുവെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്