മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം 11 മണിക്ക്; വിവാദവിഷയങ്ങളില്‍ പ്രതികരണമുണ്ടാകുമോ?

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം 11 മണിക്ക്; വിവാദവിഷയങ്ങളില്‍ പ്രതികരണമുണ്ടാകുമോ?


തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക്. സര്‍ക്കാരിനെതിരെയും പൊലീസ് സേനയ്‌ക്കെതിരെയും ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ആര്‍എസ്എസ് - എഡിജിപി കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് ഉറ്റുനോക്കുന്നത്. മാത്രമല്ല, തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. പൂരം കലക്കിയെന്ന ആരോപണങ്ങളില്‍ നേരത്തെ നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംഎല്‍എയെ പിന്തുണയ്ക്കുമോ? പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പരാതികളില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്താകും തുടങ്ങിയ കാര്യങ്ങളിലും ഇന്ന് വ്യക്തത വന്നേക്കും.

ഇതിനിടെ എഡിജിപി എം ആര്‍ അജിത് കുമാര്‍, മുന്‍ എസ് പി സുജിത് ദാസ് എന്നിവര്‍ക്കെതിരായുള്ള വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. അന്വേഷണ സംഘത്തില്‍ എഡിജിപിയേക്കാള്‍ ഉയര്‍ന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ്, മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം സെപ്റ്റംബര്‍ 19നാണ് ഡിജിപിയുടെ ശുപാര്‍ശയില്‍ ആഭ്യന്തര വകുപ്പ് എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്.

 ആദ്യ ഘട്ടത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് നടത്തുക. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തില്‍ എസ് പി ജോണ്‍ കുട്ടിയാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ പി വി അന്‍വ്വര്‍ എം എല്‍ എ യുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. അതേസമയം, അന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് ഒഴിവാക്കുകയോ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയോ ചെയ്യുമെന്നാണ് സൂചന.