ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്


കൊളംബോ: ശ്രീലങ്കയുടെ അടുത്ത പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 2022 ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് പ്രധാന സ്ഥാനാര്‍ത്ഥി. മാസങ്ങളോളം നീണ്ട സാമ്പത്തിക അനിശ്ചിതത്തില്‍ നിന്ന് ശ്രീലങ്കയെ പതിയെ കരകയറ്റാന്‍ സാധിച്ചുവെന്ന അവകാശവാദവുമായാണ് റെനില്‍ വിക്രമസിംഗെ ജനവിധി തേടുന്നത്.

ഒന്നേമുക്കാല്‍ കോടിയോളമാണ് ശ്രീലങ്കയിലെ വോട്ടര്‍മാര്‍. 38 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2019 ല്‍ നടന്ന തിരഞ്ഞെടുപ്പിലും 38 പേരായിരുന്നു ജനവിധി തേടിയത്. ഇത്തവണ 39 പേര്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ പിന്നീട് മരിച്ചു. സ്ത്രീകളാരും മത്സരരംഗത്തില്ല. ശ്രീലങ്ക പൊതുജന പെരമുന നേതാക്കളായ മഹിന്ദ രാജപക്സെയും ഗോദാബായ രാജപക്സെയും ഇത്തവണ മത്സര രംഗത്തില്ല. മഹിന്ദയുടെ മൂത്ത മകന്‍ നമലാണ് ഇത്തവണ പൊതുജന പെരമുനയുടെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. നിലവില്‍ പാര്‍ലമെന്റ് അംഗമാണ് നമല്‍. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസയാണ് മത്സര രംഗത്തുള്ള മറ്റൊരു പ്രമുഖന്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ ഗോദാബായ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ 41.99 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയത് സജിത് പ്രേമദാസയായിരുന്നു.

2022 ലായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തിയത്. ദീര്‍ഘകാല സാമ്പത്തിക നേട്ടം പരിഗണിക്കാതെ പല മേഖലകളിലും സര്‍ക്കാരുകള്‍ സ്വീകരിച്ച തെറ്റായ തീരുമാനങ്ങളായിരുന്നു പ്രതിസന്ധിയിലേക്ക് നയിച്ചത്. രാജ്യത്തെ ജനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ അവരെ ചേര്‍ത്തുപിടിക്കാതെ രാജ്യംവിട്ടോടുകയായിരുന്നു പ്രസിഡന്റ് ഗോദാബായ രാജപക്സെ. രാജിവെയ്ക്കാന്‍ പോലും ഭയന്ന അദ്ദേഹം സിംഗപ്പൂരില്‍ എത്തി സ്പീക്കര്‍ക്ക് ഇമെയില്‍ വഴി രാജിക്കത്ത് അയച്ചു നല്‍കുകയായിരുന്നു. രാജ്യത്ത് തിരിച്ചെത്തിയെങ്കിലും ജനവിധി തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ഗോദാബായയും മഹിന്ദയും ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.