ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസിലേക്ക് പുറപ്പെട്ടു

ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസിലേക്ക് പുറപ്പെട്ടു


ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയിലേക്ക് പുറപ്പെട്ടു. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുക എന്നതാണ് യാത്രയിലെ പ്രധാന അജണ്ട. ഇതിന് പുറമെ ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചതായി അറിയിച്ചത്. ഈ മാസം 23 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം.

ഡെലവെയറിലെ വില്‍മിംഗ്ടണാണ് 6-ാം ക്വാഡ് ഉച്ചകോടിയുടെ വേദി. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അം?ഗരാഷ്ട്രങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജപ്പാന്‍ പ്രസിഡന്റ് ഫ്യുമിയോ കിഷിദയും പങ്കെടുക്കുന്ന അവസാന ഉച്ചകോടിയായതിനാല്‍ ക്വാഡ് രാഷ്ട്രങ്ങളുടെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനമാണിത്. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജോ ബൈഡനും വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് ഫ്യുമിയോ കിഷിദയും വ്യക്തമാക്കിയിരുന്നു.

2024-ലെ ക്വാഡ് ഉച്ചകോടിയിലെ പരാമര്‍ശങ്ങള്‍ നടപ്പാക്കിയതിലെ പുരോഗതി നേതാക്കള്‍ വിശകലനം ചെയ്യും. 2025-ല്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2021-ലെ ആദ്യ ക്വാഡ് ഉച്ചകോടി ഓണ്‍ലൈനായാണ് നടന്നത്. 2021 സെപ്റ്റംബര്‍ 24-ന്വല്‍ നടന്ന രണ്ടാം ക്വാഡ് ഉച്ചകോടിയ്ക്ക് വാഷിം?ഗ്ടണായിരുന്നു ആതിഥേയത്വം വഹിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2022 മാര്‍ച്ച് 3-ന് മൂന്നാം ഉച്ചകോടി ഓണ്‍ലൈനായും സംഘടിപ്പിച്ചു. നാലും അഞ്ചും ക്വാഡ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ചത് ജപ്പാനാണ്.

ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം 22, 23 തീയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചകോടിയില്‍ നിരവധി ലോകനേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 23-ന് യുഎന്‍ ജനറല്‍ അസംബ്ലിയെ പ്രധാനമന്ത്രി ഭാവിയുടെ ഉച്ചകോടി 'Summit of the Future'എന്ന വിഷയത്തില്‍ അഭിസംബോധന ചെയ്യും.

ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ 22-ാം തീയതി നടക്കുന്ന മെഗാ കമ്മ്യൂണിറ്റി ഇവന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 'മോഡി & യുഎസ്, പ്രോഗ്രസ് ടുഗെതര്‍' എന്നാണ് പരിപാടിയുടെ പേര്. എഐ, സെമികണ്ടക്ടേഴ്സ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ അമേരിക്ക ആസ്ഥാനമായുള്ള കമ്പനിയുടെ തലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- അമേരിക്ക ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാ?ഗമായുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനത്തിന്റെ ഭാ?ഗമാണ്. 22-ന് ന്യൂയോര്‍ക്കില്‍ വച്ച് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.