ജോനാഥന്‍ ആമയ്ക്ക് 191 വയസിന്റെ ചെറുപ്പം

ജോനാഥന്‍ ആമയ്ക്ക് 191 വയസിന്റെ ചെറുപ്പം


ജോനാഥന്‍ ആമ 191 ആം വയസിലും ഉഷാര്‍. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ആമയാണ് ജോനാഥന്‍. ഈ വര്‍ഷമാണ് കക്ഷി 191-ാം പിറന്നാള്‍ ആഘോഷിച്ചത്. ടെലഫോണും, ബള്‍ബും, തപാല്‍ സ്റ്റാമ്പുമൊക്കെ കണ്ടുപിടിക്കുന്നതിന് മുന്‍പ് ജനിച്ച ഒരു ജീവി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് ഇക്കാലത്തുള്ളവര്‍ക്ക് അദ്ഭുതം തന്നെ.

1882 മുതല്‍ തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയ്ക്കടുത്തുള്ള ബ്രിട്ടീഷ് ആശ്രിത പ്രദേശമായ സെന്റ് ഹെലീന ദ്വീപിലാണ് ഈ ആമ ഭീമന്‍ താമസിക്കുന്നത്. ഹെലീന് ദ്വീപില്‍ നിന്നും നെപ്പോളിയന്റെ ഭൗതികാവശിഷ്ടം പാരിസിലേയ്ക്ക് മാറ്റി 42-മത് വര്‍ഷമാണ് ജോനാഥന്‍ ഈ ദ്വീപിലെത്തുന്നത്. സീഷെല്‍സില്‍ നിന്ന് ഈ ദ്വീപിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ ആമയ്ക്ക് 50 വയസ് പ്രായമുണ്ടായിരുന്നതായിട്ടാണ് കണക്കാക്കുന്നത്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് പ്രകാരം ജോനാഥന്‍ ജനിച്ച വര്‍ഷം 1832 ആണ്. പക്ഷേ അതല്ല അതിലും കൂടുതല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജനിച്ചതെന്നും പറയപ്പെടുന്നുണ്ട്.

ഭൂമിയുടെ ഉപരിതലത്തില്‍ ജോനാഥന് മുമ്പ് ജീവിച്ചിരുന്ന ഒരു ജീവിയും ഇല്ലെന്നുള്ളത് വലിയ അത്ഭുതമായാണ് ഗവേഷകര്‍ പോലും കണക്കാക്കുന്നത്. പ്രായാധിക്യം കൊണ്ട് ഗന്ധം മനസിലാക്കാനുളള കഴിവ് നഷ്ടപ്പെട്ടിട്ടും ഭാഗീഗമായി കാഴ്ച നഷ്ടപ്പെട്ടിട്ടും ജോനാഥന്‍ ആരോഗ്യവാനാണെന്നാണ് പരിചരിക്കുന്ന മൃഗഡോക്ടര്‍മാരുടെ അഭിപ്രായം. ആഴ്ചയിലൊരിക്കല്‍ കൈകൊണ്ട് ഭക്ഷണം നല്‍കാറുണ്ടെന്നും വൈറ്റമിനുകളും, ധാതുക്കളും ഒക്കെ അടങ്ങിയ ആഹാരമാണ് നല്‍കുന്നതെന്നുമാണ് പരിചരിക്കുന്ന ആളുകള്‍ പറയുന്നത് കാബേജ്, വെള്ളരി, ക്യാരറ്റ്, ലറ്റിയൂസ്, ആപ്പിള്‍, വാഴപ്പഴം എന്നിവയൊക്കെയാണ് ജോനാഥന്റെ പ്രിയപ്പെട്ട ഭക്ഷണം. ജോനാഥന്‍ ആമയ്ക്ക് ഏകദേശം 182 കിലോഗ്രാം ഭാരമുണ്ട്. കരയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ജീവി, ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ആമ എന്നീ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ ജോനാഥന് സ്വന്തമാണ്.

സാധാരണ ഗതിയില്‍ ഒരു ഭീമാകാരനായ ആമ 150 വര്‍ഷത്തോളം ജീവിച്ചിരിക്കുമ്പോള്‍ ഈ ആമ ഇത്രയും കാലം ജീവിച്ചിരിക്കുന്നത് വലിയ അത്ഭുതമാണ്. ജോനാഥന്റെ ജീവിത കാലയളവിനിടയില്‍ 40 പ്രസിഡന്റുമാരാണ് അമേരിക്കയില്‍ അധികാരത്തില്‍ വന്നുപോയത്. അതുപോലെ രണ്ട് ലോകമഹായുദ്ധങ്ങള്‍ അടക്കമുള്ള പല നിര്‍ണ്ണായകമായ സംഭവങ്ങള്‍ നടക്കുമ്പോഴും ഒന്നും അറിയാതെ ജോനാഥന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു എന്നത് വലിയ അത്ഭുതമാണ്. മനുഷ്യരുമായി അടുത്ത് പെരുമാറാനൊന്നും മടിയില്ലാത്തയാളാണ് ഈ മുതുമുത്തശ്ശന്‍ ആമ. മറ്റുള്ള ജീവികളെ അപേക്ഷിച്ച് ആയുസ് കൂടുതലുള്ള ജീവികളാണ് ആമകള്‍. ജോനാഥന് മുന്‍പ് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ജീവി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത് ടുയി മലില എന്ന ആമയായിരുന്നു. 1965ല്‍ ചത്ത ഈ ആമ 189 വയസ്സുവരെയാണ് ജീവിച്ചിരുന്നത്.