ഒട്ടാവ: തുടര്‍ച്ചയായ ഉപരോധം നടത്താതെ ലോക ഭക്ഷ്യ പദ്ധതിയെ ഗാസയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ഗാസയിലെ അടുക്കളകളിലേക്ക് അവശേഷിക്കുന്ന അവസാന സാധനങ്ങളും എത്തിച്ചതായും വരും ദിവസങ്ങളില്‍ ഒന്നും ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നതായും വേള്‍ഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കിയിരുന്നു.
'ഇസ്രായേല്‍ സര്‍ക്കാരിന്റെ ഉപരോധം കാരണം ഗാസയിലെ ഭക്ഷ്യ സ്റ്റോക്കുകള്‍ തീര്‍ന്നുപോയതായി യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രഖ്യാപിച്ചു. ഭക്ഷണം രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുത്' കാര്‍ണി എക്‌സില്‍ പറഞ്ഞു.
പ്രധാന അതിര്‍ത്തികളെല്ലാം അടച്ചിട്ടതിനാല്‍ ഏഴ് ആഴ്ചയില്‍ കൂടുതലായി മാനുഷികമോ വാണിജ്യപരമോ ആയ ഒരു സാധനവും ഗാസയില്‍ പ്രവേശിച്ചിട്ടില്ലെന്ന് യു എന്‍ ഏജന്‍സി പറഞ്ഞു, ഗാസ മുനമ്പില്‍ ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലാണ് ഇപ്പോഴത്തേത്.
'ഹമാസിന്റെ കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങള്‍ പാലസ്തീന്‍ സിവിലിയന്മാര്‍ അനുഭവിക്കരുതെന്നും' കാര്‍ണി പറഞ്ഞു. 'ലോക ഭക്ഷ്യ പദ്ധതിയെ അവരുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസ പട്ടിണി പ്രതിസന്ധി നേരിടുന്നുണ്ടെന്ന വസ്തുത നേരത്തെ ഇസ്രായേല്‍ നിഷേധിച്ചിരുന്നു. ഗാസയിലേക്കുള്ള സഹായം ഹമാസ് ചൂഷണം ചെയ്യുന്നതായി സൈന്യം ആരോപിക്കുന്നു. എന്നാല്‍ ഹമാസ് ഇത് നിഷേധിക്കുന്നുണ്ട്.
2.3 ദശലക്ഷം ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് ക്ഷാമം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഗാസ സര്‍ക്കാര്‍ മാധ്യമ ഓഫീസ് പറഞ്ഞു.
ജനുവരിയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇല്ലാതായതോടെ ഇസ്രായേലി ആക്രമണങ്ങളില്‍ 1,900-ലധികം പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. അവരില്‍ പലരും സാധാരണക്കാരാണെന്ന് ഗാസയിലെ ആരോഗ്യ അധികാരികള്‍ പറയുന്നു.
ഗാസ മുനമ്പിലേക്ക് ഭക്ഷണവും മരുന്നും അനുവദിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
