പഹൽഗാം ഭീകരാക്രമണം: മോഡിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസ്‌കിയാൻ

പഹൽഗാം ഭീകരാക്രമണം: മോഡിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസ്‌കിയാൻ


ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണിൽ സംസാരിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസ്‌കിയാൻ. മനുഷ്യത്തരഹിതമായ ഇത്തരം ആക്രമണങ്ങളെ ഇറാൻ അപലപിക്കുകയാണെന്ന് മസൂദ് പറഞ്ഞു. ഭീകരവാദത്തെ പ്രതിരോധിക്കാൻ മേഖലയിൽ സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിൽ തീവ്രവാദത്തെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഇതിനായി രാജ്യങ്ങൾക്കിടയിൽ പരസ്പരസഹകരണമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഡിയുമായുള്ള സംഭാഷണത്തിൽ മഹാത്മ ഗാന്ധിയുടേയും ജവഹർലാൽ നെഹ്രുവിന്റേയും പാരമ്പര്യം ഓർമിപ്പിക്കുകയും ചെയ്തു.

സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും പാരമ്പര്യമാണ് മഹാത്മഗാന്ധിക്കും ജവഹർലാൽ നെഹ്രുവിനുമുള്ളത്. എല്ലാ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും ഈ മനോഭാവം നിലനിൽക്കുമെന്ന് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ എംബസിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

വ്യാപാരത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഇറാനും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചബഹാർ തുറമുഖത്തിന്റെ വികസനം ഇതിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയാണ് ചബഹാർ തുറമുഖത്തിന്റെ വികസനം നടപ്പിലാക്കിയത്. ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇറാനിലേക്ക് പ്രസിഡന്റ് ക്ഷണിക്കുകയും ചെയ്തു.

സമാധാനവും സുരക്ഷയും വളർത്തുന്നതിൽ ഇറാന്റെ സൃഷ്ടിപരമായ പങ്കിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാദേശിക, അന്തർദേശീയ സ്ഥിരത വർദ്ധിപ്പിക്കുന്നതിനുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ശ്രമങ്ങളെ ഇന്ത്യ പിന്തുണക്കുന്നുവെന്നും കൂട്ടിച്ചേർത്തു.