കൊലപാതകിയോട് കൊലപാതകക്കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെടരുതെന്ന് പഹല്‍ഗാമിനെ കുറിച്ച് ശശി തരൂര്‍

കൊലപാതകിയോട് കൊലപാതകക്കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെടരുതെന്ന് പഹല്‍ഗാമിനെ കുറിച്ച് ശശി തരൂര്‍


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ അന്വേഷണത്തില്‍ പാകിസ്ഥാന്‍ പങ്കാളിയാകുന്നതില്‍ തനിക്ക് താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 'ഒരു കൊലപാതകിയോട് കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടരുത്' എ്‌നാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. 

ജമ്മു കശ്മീര്‍ ആക്രമണത്തെക്കുറിച്ച് 'നിഷ്പക്ഷ അന്വേഷണത്തിന്' തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എം പിയുടെ പരാമര്‍ശം.

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് സംസാരിക്കുകയായിരുന്നു തരൂര്‍. പാകിസ്ഥാന്‍ ഏതെങ്കിലും അന്വേഷണത്തില്‍ പങ്കെടുക്കുന്നതില്‍ തനിക്ക് വ്യക്തിപരമായി താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ആളുകളെ തിരിച്ചയക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് ദുഃഖകരമാണെന്നും മാതാപിതാക്കള്‍ക്ക് ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉള്ളപ്പോള്‍ കുട്ടിക്ക് മറ്റൊരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉള്ള സാഹചര്യങ്ങളുണ്ടെന്നും പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിച്ച തരൂര്‍ കൂട്ടിച്ചേര്‍ത്തു.

രോഗികള്‍ ചികിത്സയ്ക്കിടെ തിരിച്ചുപോകേണ്ടിവരും. അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള ഭാര്യാഭര്‍ത്താക്കന്മാരുണ്ട്. മാതാപിതാക്കള്‍ക്ക് ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉള്ളപ്പോള്‍ കുട്ടിക്ക് മറ്റൊരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉള്ള സങ്കീര്‍ണ്ണമായ കേസുകളുണ്ട്. തനിക്ക് അവരോട് സഹതാപം തോന്നുന്നു. എന്നാല്‍ സാധാരണ ബന്ധങ്ങള്‍ ഇനി സാധ്യമല്ല എന്ന ശക്തമായ സൂചന നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുമ്പോള്‍, സാധാരണ മനുഷ്യര്‍ അനിവാര്യമായും ഇരകളാവുകയാണ്. ഈ ഘട്ടത്തില്‍ സിന്ധുജല ഉടമ്പടി പ്രതീകാത്മക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. 

അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പരിശീലനം നല്‍കുകയും ആയുധങ്ങള്‍ നല്‍കുകയും വഴികാട്ടുകയും ചെയ്യുകയാണ് പാകിസ്താനെന്ന്  തരൂര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് പാകിസ്ഥാന്‍ ഉത്തരവാദിത്തം നിഷേധിക്കുകയാണെങ്കിലും അത് ഒടുവില്‍ തെളിയിക്കപ്പെടുന്നുവെന്നും തരൂര്‍ പറഞ്ഞു. ഏകദേശം കാല്‍നൂറ്റാണ്ടായി കണ്ടുകൊണ്ടിരിക്കുന്ന നീണ്ട രീതിയുടെ ഭാഗമാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തി. 

സൈനിക പ്രതികരണം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ അദ്ദേഹം നമുക്ക് നിരവധി ഓപ്ഷനുകള്‍ ഉണ്ടെങ്കിലും ദൃശ്യമായ ചില സൈനിക പ്രതികരണം ഒഴിവാക്കാനാവാത്തതാണെന്ന് വ്യക്തമാണ്. രാഷ്ട്രം അത് ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്തെങ്കിലും പ്രതികരണം ഉണ്ടാകുമെന്ന് തനിക്ക് ബോധ്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. 

പഹല്‍ഗാം ഭീകരാക്രമണം ഇന്റലിജന്‍സ് പരാജയം മൂലമാകാം സംഭവിച്ചതെന്ന് തരൂര്‍ പറഞ്ഞു. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണവുമായി അതിനെ താരതമ്യം ചെയ്തു.