മധ്യപ്രദേശില്‍ ബി ജെ പി സര്‍ക്കാറിനെതിരെ ബി ജെ പി എം എല്‍ എമാര്‍

മധ്യപ്രദേശില്‍ ബി ജെ പി സര്‍ക്കാറിനെതിരെ ബി ജെ പി എം എല്‍ എമാര്‍


ഭോപാല്‍: മധ്യപ്രദേശില്‍ ബി ജെ പി എം എല്‍ എമാരില്‍ ചിലരും ബി ജെ പി നയിക്കുന്ന സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. നിയമസഭാംഗങ്ങള്‍ പ്രാദേശിക വിഷയങ്ങളില്‍ സംസ്ഥാന ഭരണകൂടത്തെ പരസ്യമായി വിമര്‍ശിക്കുന്നത് തുടരുകയാണ്.

ഏതാനും ദിവസങ്ങളായി എം എല്‍ എമാരായ പ്രീതം ലോധി, വിജയ്പാല്‍ സിംഗ്, പ്രദീപ് പട്ടേല്‍  എന്നിവരാണ് വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

പുതിയ ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി സംസ്ഥാന ബി ജെ പിയില്‍ ആഭ്യന്തര കലഹം നടക്കുന്ന സമയത്താണ് നിയമസഭാംഗങ്ങളുടെ പ്രതിഷേധം രൂക്ഷമാകുന്നത്. 2024 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ബുധിനിയെ നിലനിര്‍ത്തിയെങ്കിലും വിജയ്പൂരില്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ ഐക്യം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവില്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുതിര്‍ന്ന ബി ജെ പി പ്രവര്‍ത്തകന്‍ പറഞ്ഞു.  

സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായി ഉയര്‍ന്നുവന്ന ലോധി ശിവപുരി ജില്ലയിലെ പൊതുയോഗത്തില്‍ ഒരു മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. മടിയനായ മന്ത്രിയാണുള്ളതെന്നും അദ്ദേഹത്തിന്റെ നീക്കമാണ് കോണ്‍ഗ്രസുകാരുടെ വിളക്കുകള്‍ കത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് പരിഷ്‌കാരങ്ങള്‍ക്ക് പുറമേ പിച്ചോറിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ലോധി വീണ്ടും ഉന്നയിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നല്‍കിയ വാഗ്ദാനമാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. യാദവുമായി ഒന്നിലധികം തവണ നടത്തിയ കൂടിക്കാഴ്ചകള്‍ രണ്ട് ആവശ്യങ്ങളിലും ഫലമുണ്ടാക്കിയിട്ടില്ലെന്നും എം എല്‍ എ പറഞ്ഞു.

പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തിപരമായി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രാദേശിക പൊലീസ് സൂപ്രണ്ടിനെ സംബന്ധിച്ചിടത്തോളം പൊലീസും നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് താന്‍ ഇതുവരെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും ബി ജെ പി എം എല്‍ എമാരെയും തദ്ദേശ ഭരണകൂടത്തെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിലേക്ക് തങ്ങളെയെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നും ലോധി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഒബൈദുള്ളഗഞ്ചില്‍ നിന്ന് പുതുതായി നിര്‍മ്മിച്ച ബേതുല്‍ മാര്‍ഗിലേക്ക് ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് ഒരു അപ്രോച്ച് റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്പാല്‍ സിംഗ് ഏപ്രില്‍ 24ന് മണിക്കൂറുകളോളം ഗതാഗതം തടഞ്ഞിരുന്നു. അതോടെ നര്‍മ്മദാപുരത്ത് ബി ജെ പി കടുത്ത പ്രതിസന്ധിയിലായി. റോഡില്ലാത്തത് നിരവധി ഗ്രാമങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഇത് പ്രദേശവാസികളുടെ അതൃപ്തിക്ക് ആക്കം കൂട്ടിയതായും സിംഗ് പറഞ്ഞെങ്കിലും പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രതിഷേധം പിന്‍വലിച്ചിച്ചുട്ടുണ്ട്. 

പൊലീസുമായുള്ള സംഘര്‍ഷം നിഷേധിച്ച സിംഗ് മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പുനല്‍കിയതായി പറഞ്ഞു. ഭരണകൂടം ഇപ്പോള്‍ നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മൗഗഞ്ചില്‍ ഏപ്രില്‍ 25ന് നയി ഗാധിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പ്രദീപ് പട്ടേലും പൊലീസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. പ്രാദേശിക പൊലീസ് എം എല്‍ എയെ അറസ്റ്റ് ചെയ്തു. പൊലീസുമായുള്ള ദീര്‍ഘകാല സംഘര്‍ഷങ്ങളുടെ പേരില്‍ അദ്ദേഹം ആറ് മണിക്കൂര്‍ പ്രതിഷേധവും നടത്തി. വര്‍ഗീയ വിഷയങ്ങളില്‍ പട്ടേലും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. അത്തരമൊരു കേസില്‍ പൊലീസ് നടപടിയെടുത്തില്ലെന്നാണ് എം എല്‍ എയുടെ ആരോപണം.

തനിക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും താന്‍ മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കാര്യത്തിലാണ് പൊലീസുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്നാണ് എം എല്‍ എ പറയുന്നത്. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താന ഇന്‍ചാര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ നയി ഗാധി പൊലീസ് സ്റ്റേഷന്റെ താന ഇന്‍ചാര്‍ജായി നിയമിച്ചിരിക്കുന്നുവെന്നും അതിനാല്‍ അദ്ദേഹം തന്നെ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും എം എല്‍ എ പറഞ്ഞു. 

ബി ജെ പി നേതാക്കളെ സമാധാനിപ്പിക്കാന്‍ സംസ്ഥാന പൊലീസ് ഏപ്രില്‍ 24ന് സര്‍ക്കാര്‍ പരിപാടികളിലും പൊതുയോഗങ്ങളിലും എം പിമാരെയും എം എല്‍ എമാരെയും യൂണിഫോമില്‍ സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടകൊണ്ട് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 'പൊലീസ് യൂണിഫോമിനെ അപമാനിക്കുന്നതിന്' തുല്യമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ജിതു പട്വാരി അവകാശപ്പെട്ടു. പൊതുജന പ്രതിനിധികളെ ബഹുമാനിക്കുന്നത് 'പാരമ്പര്യവും ചട്ടവും' ആണെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശത്തെ ന്യായീകരിച്ചു.

പാര്‍ട്ടിയിലെ എം എല്‍ എമാരും എം പിമാരും കലാപക്കൊടി ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ഒന്നാണ് ഈ നിര്‍ദ്ദേശം. അതിനു പുറമേ വ്യക്തിപരമായ ഫോണ്‍ സംഭാഷണങ്ങളും  പാര്‍ട്ടിയിലെ പ്രമുഖരുമായുള്ള രഹസ്യ കൂടിക്കാഴ്ചകളും ഉള്‍പ്പെടുന്നുണ്ട്.

മുതിര്‍ന്ന ബി ജെ പി നേതാവിന്റെ അഭിപ്രായത്തില്‍ പാര്‍ട്ടിയിലെ ഐക്യമില്ലായ്മ മൂന്ന് എം എല്‍ എമാരില്‍ മാത്രം ഒതുങ്ങുന്നില്ല. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ നിരവധി ഭാരവാഹികള്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ രോഷത്തിന് ഇരയായിട്ടുണ്ട്. സാഗറില്‍ മേയര്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ കൗണ്‍സില്‍ രൂപീകരിക്കുകയുണ്ടായി. ഇതിനായി പാര്‍ട്ടി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. മേയര്‍-ഇന്‍-കൗണ്‍സിലില്‍ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് ദേവാസ് മേയര്‍ പാര്‍ട്ടിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. കൂടാതെ പ്രാദേശിക എം പിയുമായി അഭിപ്രായവ്യത്യാസമുണ്ടാവുകയും ചെയ്തു. ബിനയില്‍ നാഗര്‍ പാലിക ചെയര്‍പേഴ്‌സണ്‍ നിയമനത്തില്‍ കാണിച്ച അശ്രദ്ധ ബി ജെ പി നേതാക്കളില്‍ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കുകയും ചെയ്തുവെന്ന് നേതാവ് പറഞ്ഞു.

പാര്‍ട്ടിയില്‍ അച്ചടക്കമില്ലായ്മയ്ക്ക് സ്ഥാനമില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് സംസ്ഥാന ബി ജെ പി പ്രസിഡന്റ് വി ഡി ശര്‍മ്മ ഈ വിഷയം അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചു.