തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ച വിരുന്നില്‍ നിന്നും ബി ജെ പി ഗവര്‍ണര്‍മാര്‍ പിന്മാറി. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് എന്നിവരെയാണ് വിരുന്നിന് ക്ഷണിച്ചത്. എ്ന്നാല്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിരുന്നില്‍ നിന്നും ഗവര്‍ണര്‍മാര്‍ പിന്‍വാങ്ങുകയായിരുന്നു.
ഏതെങ്കിലും തരത്തിലുള്ള ദേശീയ- സംസ്ഥാന വിജയാഘോഷങ്ങളിലും പ്രത്യേക നേട്ടങ്ങളിലുമാണ് ഇത്തരത്തില്‍ വിരുന്ന് സല്‍ക്കാരത്തിനു മുഖ്യമന്ത്രി മുന്‍കൈ എടുക്കുക. എന്നാല്‍ ഇത്തരമൊരു അസാധാരണ വിരുന്നിനുള്ള സാഹചര്യങ്ങളൊന്നും സംസ്ഥാനത്തു നിലവിലില്ല.
മുഖ്യമന്ത്രി കുടുംബ സമേതം ആഴ്ചകള്‍ക്ക് മുമ്പ് രാജ്ഭവനില്‍ നേരിട്ടെത്തിയായിരുന്നു രാജേന്ദ്ര ആര്‍ലേക്കറെ വിരുന്നിന് ക്ഷണിച്ചത്. പിന്നീട് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെയും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെയും മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കുകയായിരുന്നു.
നേരത്തേ, ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും വിരുന്ന് നല്‍കിയിരുന്നു.
കേരളത്തിലെയും പശ്ചിമബംഗാള്‍, ഗോവ ഗവര്‍ണര്‍മാരെയും അസാധാരണ വിരുന്നിനു വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളത്തില്‍ സി പി എം- ബി ജെ പി അന്തര്‍ധാര ശക്തമാക്കാനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. മകള്‍ ഉള്‍പ്പെട്ട അഴിമതിക്കേസിലും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടക്കുന്ന സി ബി ഐ അന്വേഷണത്തിനും തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്കും തടയിടാനും ബി ജെ പിയുമായി സന്ധിയുണ്ടാക്കി തുടര്‍ഭരണത്തിനു സാധ്യത തേടാനുമാണ് മൂന്ന് ബി ജെ പി ഗവര്‍ണര്‍മാരെ മുഖ്യമന്ത്രി നേരിട്ടു വിരുന്നിനു ക്ഷണിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ കുറേ നാളുകളായി ബി ജെ പിയുമായി സി പി എം അനുവര്‍ത്തിച്ചു പോരുന്ന അന്തര്‍ധാര ശക്തമാക്കാന്‍ മുഖ്യമന്ത്രി നടത്തിയ വിരുന്നുസല്‍ക്കാര നയതന്ത്രമാണ് പാളീസായതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെയാണ് വരുന്ന് നയതന്ത്രത്തിലൂടെ കേന്ദ്ര സര്‍ക്കാരിലേക്ക് പാലം നിര്‍മിക്കുന്നതിനു ഗവര്‍ണര്‍മാരെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നു സംശയിച്ചാല്‍ തെറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡല്‍ഹിയിലെ ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. അതേ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തന്നെയാണ് ഇപ്പോഴത്തെ വിരുന്നിലും തെളിഞ്ഞു കാണുന്നത്. ഇക്കാര്യം രഹസ്യമായി വച്ച സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു വിരുന്നെന്ന് മാധ്യമങ്ങളെപ്പോലും അറിയിച്ചിരുന്നില്ല.
ഗവര്‍ണര്‍മാര്‍ പിന്മാറിയതിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അപമാനിതനായത്. നാണംകെട്ടും ഭരണത്തില്‍ കടിച്ചുതൂങ്ങി ബി ജെ പിയുടെ സഹായത്തോടെ മൂന്നാമതും അധികാരത്തിലെത്താനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.