പഹല്‍ഗാം ഭീകരാക്രമണ കേസ് എന്‍ ഐ എ ഏറ്റെടുത്തു

പഹല്‍ഗാം ഭീകരാക്രമണ കേസ് എന്‍ ഐ എ ഏറ്റെടുത്തു


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  ഉത്തരവിനെ തുടര്‍ന്ന് പഹല്‍ഗാം ഭീകരാക്രമണ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ബുധനാഴ്ച മുതല്‍ ഭീകരാക്രമണ സ്ഥലത്ത് തമ്പടിക്കുന്ന എന്‍ ഐ എ സംഘങ്ങള്‍ തെളിവുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ഭീകരവിരുദ്ധ ഏജന്‍സിയിലെ ഒരു ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സംഘങ്ങള്‍ ശാന്തവും മനോഹരവുമായ ബൈസരന്‍ താഴ്വരയില്‍ ഭീകരാക്രമണം കണ്ട ദൃക്സാക്ഷികളുടെ മൊഴിയെടുക്കും. ഭീകരാക്രമണങ്ങളിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം കൂട്ടിച്ചേര്‍ക്കാന്‍ ദൃക്സാക്ഷികളെ വിശദമായാണ് ചോദ്യം ചെയ്യുന്നത്.

ഭീകരരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള സൂചനകള്‍ക്കായി അന്വേഷണ സംഘങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഭീകരാക്രമണത്തിനായി സംഘം വന്ന പ്രവേശന, എക്‌സിറ്റ് പോയിന്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. 

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തിലേക്ക് നയിച്ച ഭീകര ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനുള്ള തെളിവുകള്‍ക്കായി ഫോറന്‍സിക് വിദഗ്ധരുടെയും മറ്റും സഹായത്തോടെ സംഘങ്ങള്‍ മുഴുവന്‍ പ്രദേശവും വിശദമായി പരിശോധിക്കുന്നുണ്ട്.