പാകിസ്താന് സൈനികമായ തിരിച്ചടി നല്‍കണം: ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പാകിസ്താന് സൈനികമായ തിരിച്ചടി നല്‍കണം: ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്


ന്യൂഡല്‍ഹി: 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്താന് സൈനികമായ തിരിച്ചടി നല്‍കാന്‍ ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. ജനങ്ങളെ സംരക്ഷിക്കുകയാണ് രാജധര്‍മമെന്നും രാജാവ് തന്റെ കടമ നിര്‍വഹിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. അക്രമികളെ പാഠം പഠിപ്പിക്കുന്നതും നമ്മുടെ മതമാണെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു.

രാവണന്റെ ഉദാഹരണവും മോഹന്‍ ഭാഗവത് പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് രാവണനെ കൊലപ്പെടുത്തിയത്. നമ്മള്‍ ഒരിക്കലും അയല്‍ക്കാരെ ദ്രോഹിക്കുകയോ, അനാദരിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്വയം ദുഷ്ടനാകാന്‍ അവര്‍ തീരുമാനിച്ചാല്‍ എന്താണ് പ്രതിവിധി. രാജാവിന്റെ കടമ രാജ്യത്തിന്റെ നന്മയാണെന്നും അദ്ദേഹം പറഞ്ഞു

ഒരു നല്ല വ്യക്തിയാകാനുള്ള എല്ലാ ഗുണങ്ങളും രാവണന് ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം സ്വീകരിച്ച പ്രവൃത്തിയും ബുദ്ധിയും നല്ല രീതിയിലായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തെ അവസാനിപ്പിക്കുയെന്നതായിരുന്നു ഏക പോംവഴി. അതിനാല്‍ ദൈവം അവനെ കൊന്നു. ആ കൊലപാതകം ഒരു ആക്രമണമല്ല. അത് അഹിംസയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മതം ചോദിച്ച് കൊന്നൊടുക്കിയവരെ പോലും ഒരിക്കലും ഹിന്ദുക്കള്‍ അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി രംഗത്ത് എത്തി. ഇന്ത്യ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണിയുമായി എത്തിയിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിലുള്ള അങ്കലാപ്പാണ് പാക്കിസ്താന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിന്റെ നിലനില്‍പിന് സിന്ധുനദീജലം അനിവാര്യമാണ്. അത് തടഞ്ഞാല്‍ സൈനികമായി നേരിടാന്‍ മടിക്കില്ല എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

അതേസമയം, നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. പലയിടത്തും  വെടിവയ്പ്പുണ്ടായി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. 24 മണിക്കൂറിനിടെ കുല്‍ഗാം, ഷോപ്പിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലായി അഞ്ച് ഭീകരരുടെ വീടുകള്‍ ഭരണകൂടവും സേനയും ചേര്‍ന്ന് തകര്‍ത്തു. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ്. സിന്ധു നദീജലം പാക്കിസ്ഥാന്റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം.