മാര്‍ക്ക് കാര്‍ണിയിലും പിയറി പൊയിലീവ്രയിലേക്കും നീളുന്ന കണ്ണുകള്‍

മാര്‍ക്ക് കാര്‍ണിയിലും പിയറി പൊയിലീവ്രയിലേക്കും നീളുന്ന കണ്ണുകള്‍


ഒട്ടാവ: ഏപ്രില്‍ 28ന് കാനഡയില്‍ പോളിംഗ് നടക്കുമ്പോള്‍ എല്ലാ കണ്ണുകളും മാര്‍ക്ക് കാര്‍ണിയിലും പിയറി പൊയിലീവ്രേയിലുമായിരിക്കും. യു  എസ് താരിഫുകളും ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികളും വലുതായതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ആഭ്യന്തര കാര്യം എന്നതിനേക്കാള്‍ കൂടുതല്‍ ഗൗരവത്തിലാണ് കാണപ്പെടുന്നത്. വളര്‍ന്നുവരുന്ന അന്താരാഷ്ട്ര പ്രതിസന്ധിയിലൂടെ രാജ്യത്തെ ആര് നയിക്കണമെന്ന് വോട്ടര്‍മാരാണ് തീരുമാനിക്കുക. 

കാനഡയിലെ തെരഞ്ഞെടുപ്പില്‍ ധനകാര്യ മേഖലയിലെ പരിചയസമ്പന്നനായ ലിബറല്‍ മാര്‍ക്ക് കാര്‍ണിയും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരന്‍ കണ്‍സര്‍വേറ്റീവ് പിയറി പൊയിലീവ്രേയുമാണ് മത്സരിക്കുന്നത്. കാനഡ യു എസിനോട് ചേരണമെന്ന ട്രംപിന്റെ ഭീഷണിയുമായി ബന്ധപ്പെട്ട  ചര്‍ച്ചകള്‍ രാജ്യത്തെ അലട്ടുന്നതിനാല്‍ തെരഞ്ഞെടുപ്പ് നേതൃത്വത്തിന്റെ പരീക്ഷണമായി മാറിയിട്ടുണ്ട്. സാമ്പത്തിക അനിശ്ചിതത്വവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ ഒന്നാക്കി ഇതിനെ മാറ്റുകയും ചെയ്തു. 

കാര്‍ണിയുടെ ലിബറല്‍ പാര്‍ട്ടിയും പൊയിലീവ്രേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമാണ് മത്സര രംഗത്ത് മുന്‍നിരയിലുള്ളത്. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടി, ക്യൂബെക്കില്‍ മാത്രം ആസ്ഥാനമായുള്ള ബ്ലോക്ക് ക്യൂബെക്കോയിസ്, ജഗ്മീത് സിംഗ് നയിക്കുന്ന ഇടതുപക്ഷ ചായ്വുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) തുടങ്ങിയ മറ്റ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ബാലറ്റില്‍ രംഗത്തുണ്ടാകും. 

കൂടുതല്‍ 'വിശ്വസനീയരായ' സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും രാഷ്ട്രീയത്തില്‍ പുതുമുഖമായ മാര്‍ക്ക് കാര്‍ണി ഡൊണാള്‍ഡ് ട്രംപുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.

പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ വിദേശ യാത്ര യൂറോപ്പിലേക്ക് നടത്തിയ കാര്‍ണി ഫ്രഞ്ച്, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി സൈനിക, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചു.

പുതിയ രാഷ്ട്രീയക്കാരനാണെങ്കിലും സാമ്പത്തിക മേഖലയില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള കാര്‍ണി അന്താരാഷ്ട്ര പ്രതിസന്ധികളിലൂടെയും പ്രക്ഷുബ്ധമായ സമയങ്ങളിലൂടെയും സര്‍ക്കാരുകളെ നയിക്കാന്‍ രംഗത്തുണ്ടായിരുന്നു. 

പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ ഒന്നിക്കുകയും നിര്‍ണായകമായും ശക്തമായും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഈ മാസം ആദ്യം കാര്‍ണി പ്രസ്താവിച്ചു. യു എസ് പ്രസിഡന്റിനെ വെല്ലുവിളിക്കാന്‍ സ്ഥാനാര്‍ഥിയായി സ്വയം നിലകൊള്ളുകയും ചെയ്തു.

ദീര്‍ഘകാല സഖ്യകക്ഷിയുമായുള്ള വ്യാപാര യുദ്ധം കൈകാര്യം ചെയ്യാന്‍ കാര്‍ണി മികച്ച തെരഞ്ഞെടുപ്പായിരിക്കുമെന്ന പല കനേഡിയന്‍മാരും വിശ്വസിക്കുന്നു.

മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരില്‍ കാബിനറ്റ് അംഗമായിരുന്ന പൊയ്ലിവ്രെയുടെ ജനപ്രീതി അമേരിക്കയുമായുള്ള സംഘര്‍ഷങ്ങള്‍ മൂലം മന്ദഗതിയിലായതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പ്രചാരണത്തിലുടനീളം തൊഴിലാളിവര്‍ഗ കനേഡിയന്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിനായി അദ്ദേഹം ഒരു കുടുംബനാഥനായും 'ഒട്ടാവ എലൈറ്റിന്' പുറത്തുള്ള ഒരാളായും സ്വയം സ്ഥാപിച്ചു.

നികുതി, ഉദ്യോഗസ്ഥര്‍ എന്നിവ കുറയ്ക്കുന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ജനപ്രിയമായ 'കാനഡ ആദ്യം' എന്ന നയവും ലിബറല്‍ ഭരണത്തില്‍ മടുപ്പ് അനുഭവിക്കുന്ന പിന്തുണക്കാരെ നേടാന്‍ പൊയ്ലിവ്രെയ്ക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം കാനഡയെ യു എസിലെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണികളെ വിമര്‍ശിക്കുകയും പരസ്പര താരിഫുകളെ പിന്തുണയ്ക്കുകയും ചെയ്തു.

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പൊയ്ലിവ്രെയേക്കാള്‍ കാര്‍ണിയുടെ ലീഡ് വര്‍ധിച്ചതിന്റെ പ്രധാന കാരണം മറ്റ് രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കാനും പ്രതികാര താരിഫ് ചുമത്താനുമുള്ള കാനഡയുടെ പദ്ധതികളെക്കുറിച്ച് മുന്‍ ബാങ്കര്‍ തന്റെ എതിരാളിയേക്കാള്‍ കൂടുതല്‍ സംസാരിച്ചതാണ്.

കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈലുകള്‍, ഓട്ടോ പാര്‍ട്സ് എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനവും തടി, മരുന്നുകള്‍ എന്നിവയ്ക്ക് തീരുവ ചുമത്താനുള്ള അദ്ദേഹത്തിന്റെ ഭീഷണിയും കനേഡിയന്‍ ബിസിനസുകളെ ബാധിച്ചു.

സാമ്പത്തിക ശാസ്ത്രജ്ഞനായ മോര്‍ക്ക് കനേഡിയന്‍മാര്‍ക്കിടയിലെ അവിശ്വാസത്തിന്റെയും അമേരിക്കന്‍ വിരുദ്ധ വികാരത്തിന്റെയും അളവ് രേഖപ്പെടുത്തുകയും 'യു എസുമായുള്ള വ്യാപാര യുദ്ധത്തിന്റെ ചെലവ് കുറയ്ക്കുമെന്ന് അവര്‍ കരുതുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ പോകുകയാണെന്ന്' പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന ജീവിതച്ചെലവ് കാനഡക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. ഇതില്‍ താങ്ങാനാവുന്ന വിലയിലുള്ള ഭവനങ്ങളുടെ കുറവാണ് പ്രധാനം.  ഇത് യു എസുമായുള്ള വ്യാപാര യുദ്ധം മൂലം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്.

മാര്‍ക്ക് കാര്‍ണിയിലും പിയറി പൊയിലീവ്രയിലേക്കും നീളുന്ന കണ്ണുകള്‍