ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാക് വ്യോമാതിർത്തി അടച്ചതോടെ വിമാനസർവിസുകളുടെ സമയദൈർഘ്യം വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിമാന കമ്പനികളോട് നിർദേശിച്ചു. വിമാനയാത്രയുടെ സമയക്രമവും ഇടക്ക് ഇന്ധനാവശ്യങ്ങൾക്ക് വിമാനം ഇറക്കേണ്ടിയും വന്നാൽ യാത്രക്കാരെ അറിയിക്കണമെന്നും ഡി.ജി.സി.എ നിർദേശിച്ചു. നിശ്ചിത സമയത്തിൽ കൂടുതൽ യാത്രക്കാവശ്യമായി വന്നാൽ ഭക്ഷണവും വിശ്രമസൗകര്യവും അടിയന്തര വൈദ്യസഹായവും ഉറപ്പാക്കണം.
പുതിയ സാഹചര്യത്തിൽ, തങ്ങളുടെ 50 അന്താരാഷ്ട്ര സർവിസുകൾ വഴിതിരിച്ചുവിടേണ്ടിവരുമെന്ന് ഇൻഡിഗോ അറിയിച്ചു. യാത്ര ദൈർഘ്യം വർധിക്കുന്നതുകൊണ്ടുതന്നെ സമയക്രമത്തിൽ കാര്യമായ മാറ്റമുണ്ടായേക്കും. കസാഖ്‌സ്താനിലെ അൽമാട്ടിയിലേക്കുള്ള വിമാനങ്ങൾ ഏപ്രിൽ 27 മുതൽ മേയ് ഏഴുവരെയും ഉസ്ബകിസ്താനിലെ താഷ്‌കന്റിലേക്കുള്ള വിമാനങ്ങൾ ഏപ്രിൽ 28 മുതൽ മേയ് ഏഴുവരെയും റദ്ദാക്കിയതായും കമ്പനി അറിയിച്ചു. എയർ ഇന്ത്യയും വിമാനങ്ങളുടെ സയക്രമത്തിലുണ്ടായേക്കാവുന്ന മാറ്റം സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മിഡിലീസ്റ്റ്, യു.കെ, യൂറോപ്, നോർത്ത് അമേരിക്ക സർവിസുകൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്നതിനാൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിൽനിന്ന് ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തുന്ന വിമാന സർവിസുകൾക്ക് പാകിസ്താൻ വ്യോമപാതയെയാണ് ആശ്രയിക്കുന്നത്. ബദൽ മാർഗം സ്വീകരിക്കുമ്പോൾ രണ്ട് മണിക്കൂറെങ്കിലും അധികം യാത്രാസമയം നീളും. എയർ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് തുടങ്ങി യു.എ.ഇയിലേക്ക് സർവിസ് നടത്തുന്ന മറ്റ് ഇന്ത്യൻ വിമാന കമ്പനികളുടെ സർവിസുകളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് വിമാനക്കമ്പനികളോട് ഡി.ജി.സി.എ
