വിക്ടോറിയയിലെ പാര്‍ക്കിംഗിന് താഴെ കോളനിവത്ക്കരണ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

വിക്ടോറിയയിലെ പാര്‍ക്കിംഗിന് താഴെ കോളനിവത്ക്കരണ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി


വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ തലസ്ഥാനമായ വിക്ടോറിയയിലെ ഒരു പാര്‍ക്കിങ് കേന്ദ്രത്തിന് താഴെ നഗരത്തിന്റെ കോളനിവല്‍ക്കരണ കാലഘട്ടവുമായി ബന്ധപ്പെട്ട വിലപ്പെട്ട ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി. വാര്‍ഫ് സ്ട്രീറ്റിന് താഴെയുള്ള 1859-ല്‍ നിര്‍മിച്ച കല്‍ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന രഹസ്യ അറ തുറന്നത്.

ഒരുകാലത്ത് ഹഡ്‌സണ്‍സ് ബേ കമ്പനിയുടെ വെയര്‍ഹൗസിന്റെ ഭാഗമായിരുന്ന ഈ ഭിത്തി വിക്ടോറിയയുടെ ആദ്യകാല വ്യാപാര ചരിത്രത്തിന്റെ സാക്ഷ്യമാണ്. തുറമുഖത്തെയും ഫോര്‍ട്ട് വിക്ടോറിയയെയും ബന്ധിപ്പിച്ചിരുന്ന പ്രധാന ചരക്കുനീക്ക കേന്ദ്രമായിരുന്നു ഈ കെട്ടിടം.

ഭിത്തിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഹെറിറ്റേജ് മേസണ്‍റി ആന്‍ഡ് കണ്‍സര്‍വേഷന്റെ സഹഉടമ ലിയാം ഹാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഞ്ഞ നിറത്തിലുള്ള ഇഷ്ടികകള്‍കൊണ്ട് ചുറ്റപ്പെട്ട ഒരു പഴയ പ്രവേശനകവാടം വീണ്ടും തുറന്നത്. 1960-കളില്‍ റോഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ കവാടം അടച്ചുപൂട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു.

അറയ്ക്കുള്ളില്‍ എന്താണ് ഉണ്ടായിരിക്കുകയെന്ന് കാര്യത്തില്‍ തങ്ങല്‍ക്ക് ധാരണയുമുണ്ടായിരുന്നില്ലെന്നും ഇഷ്ടികകള്‍ നീക്കി ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ അകത്തേക്ക് നോക്കിയപ്പോള്‍ വര്‍ഷങ്ങളായി സൂര്യപ്രകാശം കടന്നുചെല്ലാത്ത ഒരു വിചിത്രമായ അറയാണ് കണ്ടതെന്നും ഹാള്‍ പറഞ്ഞു.

അറയ്ക്കുള്ളില്‍ നിര്‍മാണാവശിഷ്ടങ്ങള്‍, സിഗരറ്റ് പാക്കറ്റുകള്‍, സോഡാ ടിന്നുകള്‍, തകര്‍ന്ന ഗ്ലാസ് കഷണങ്ങള്‍ തുടങ്ങിയ മാലിന്യങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. എന്നാല്‍ അതിനിടയില്‍ ഒരുകാലത്ത് ഹഡ്‌സണ്‍സ് ബേ കെട്ടിടത്തിനോട് ചേര്‍ന്ന് നിലനിന്നിരുന്ന ടര്‍ണര്‍ ബീറ്റണ്‍ വെയര്‍ഹൗസിന്റെ അലങ്കാര ശിലാചിത്രങ്ങളായ കല്‍റോസെറ്റുകളും കണ്ടെത്തി. ആ കെട്ടിടം പിന്നീട് പൊളിച്ചുനീക്കപ്പെട്ടെങ്കിലും തുറമുഖത്തിനരികിലെ ഒരു ഭിത്തി ഇന്നും നിലനില്‍ക്കുന്നുണ്ട്.

കണ്ടെത്തിയ റോസെറ്റുകളില്‍ രണ്ടെണ്ണം ടൈം കാപ്സ്യൂളിനൊപ്പം വീണ്ടും അതേ അറയ്ക്കുള്ളില്‍ സൂക്ഷിക്കാന്‍ പുനഃസ്ഥാപന സംഘം തീരുമാനിച്ചു. അതിനൊപ്പം നാണയങ്ങള്‍, പ്രാദേശിക പത്രത്തിന്റെ ഒരു പതിപ്പ്, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും രൂപരേഖകളും പദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ഗ്രൂപ്പ് ചിത്രവും ഉള്‍പ്പെടുത്തി.

നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നവര്‍ നിര്‍മിച്ച ഒന്നിനെ നേരിട്ട് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് വളരെ പ്രത്യേകമായ അനുഭവമാണെന്ന് ഹാള്‍ പറഞ്ഞു.

ഈ അറ വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടപ്പെടുന്നതിന് മുന്‍പ് തന്നെ പ്രാദേശിക ചരിത്രകാരനായ ജോണ്‍ ആഡംസിന്റെ കൗതുകത്തിന് വിഷയമായിരുന്നു. പതിനൊന്നാം വയസ്സില്‍ വിക്ടോറിയയിലെത്തിയ അദ്ദേഹം സുഹൃത്തുക്കളുമായി ടോര്‍ച്ചുകളുമായി രഹസ്യ തുരങ്കം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ഇവിടം പര്യവേക്ഷണം ചെയ്തിരുന്നു.

ബാസ്റ്റിയന്‍ സ്‌ക്വയറിലേക്കോ ചൈനാടൗണിലേക്കോ എത്തുന്ന രഹസ്യ തുരങ്കമാകുമെന്നാണ് തങ്ങള്‍ കരുതിയതെന്നും  പക്ഷേ അത് നടപ്പാതയ്ക്കടിയിലൂടെ വളരെ ചെറിയ ദൂരം മാത്രമാണ് നീണ്ടിരുന്നതെന്ന് മനസ്സിലായപ്പോള്‍ നിരാശയായെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

ആദ്യകാലത്ത് ഈ വെയര്‍ഹൗസിന് നാല് നിലകളുണ്ടായിരുന്നുവെന്നും കപ്പലുകളില്‍ നിന്ന് ചരക്കുകള്‍ നേരിട്ട് താഴത്തെ നിലയിലേക്ക് ഇറക്കാനാകുന്ന രീതിയിലായിരുന്നുവെന്നും ആഡംസ് വിശദീകരിച്ചു. നിര്‍മാണത്തിനായി ഉപയോഗിച്ച കല്ലുകള്‍ പ്രാദേശികമായി ലഭ്യമായവയായിരുന്നു. എന്നാല്‍ പ്രവേശനകവാടത്തിലെ മഞ്ഞ ഇഷ്ടികകള്‍ ഇംഗ്ലണ്ടില്‍ നിന്നാണ് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളോളം വാന്‍കൂവര്‍ ദ്വീപിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു ഇതെന്ന് ആഡംസ് പറഞ്ഞു.

1930-കളില്‍ ഹഡ്‌സണ്‍സ് ബേ കമ്പനിക്ക് കെട്ടിടത്തിന്റെ ആവശ്യം ഇല്ലാതായതോടെ അത് പ്രവിശ്യാ ഭരണകൂടത്തിന് കൈമാറി. പിന്നീട് വെയര്‍ഹൗസ് പൊളിച്ചുനീക്കപ്പെട്ടെങ്കിലും ഒരു ഭിത്തി മാത്രം ചരിത്രസ്മാരകമായി അവശേഷിച്ചു.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട ആഡംസ്, ഭിത്തിയും അതിനുള്ളില്‍ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കാനുള്ള നഗര ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

മിക്ക ആളുകള്‍ക്കും ഇത് ഒരു സാധാരണ ഭിത്തി മാത്രമാണെന്നും ഇതിന് പിന്നിലെ ചരിത്രം അവര്‍ക്ക് അറിയില്ലെന്നും ചരിത്രത്തെ വിലമതിക്കുന്ന ആളുകള്‍ ഇന്നും ഉണ്ടെന്നത് ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ വലിയ സംതൃപ്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ടൈം കാപ്സ്യൂളില്‍ സൂക്ഷിച്ചവ ഒഴികെയുള്ള കല്‍റോസെറ്റുകള്‍ വിക്ടോറിയ നഗര ആര്‍ക്കൈവ്‌സിന് കൈമാറാനാണ് പദ്ധതിയെന്ന് ലിയാം ഹാള്‍ അറിയിച്ചു.