ഇറാന്റെ മിസൈല്‍ ആക്രമണം അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നെന്ന് കുവൈത്ത്

ഇറാന്റെ മിസൈല്‍ ആക്രമണം അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നെന്ന് കുവൈത്ത്


കുവൈത്ത് സിറ്റി: ഇറാന്‍ വീണ്ടും നടത്തിയ മിസൈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത് രംഗത്ത്. രാജ്യത്തെ പൗരന്മാരുടെയും വിദേശ താമസക്കാരുടെയും ജീവന് നേരിട്ടുള്ള ഭീഷണിയാണ് ഈ ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഗുരുതരമായ ലംഘനവും അപകടകരമായ സംഘര്‍ഷവ്യാപനവുമാണ് ഈ നടപടിയെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം ഫ്‌ളീറ്റിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബഹ്‌റൈനും ഇറാനെതിരെ സമാന ആരോപണവുമായി രംഗത്തെത്തി. തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണം 'പരസ്യമായ അധിനിവേശ നടപടിയും രാജ്യത്തിന്റെ പരമാധികാരത്തിന്റെ നിഷേധവുമാണെന്ന്' ബഹ്‌റൈന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇറാന്‍ കുവൈത്തിനും ബഹ്‌റൈനും നേരെ ഏഴ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനും അമേരിക്കയും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇറാനിലേക്കുള്ള കടലിടുക്കിന് സമീപത്തേക്ക് നീങ്ങിയ ഡ്രോണുകള്‍ അമേരിക്ക വെടിവെച്ചിട്ടതായും തുടര്‍ന്ന് ഇറാനിലെ റഡാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു എസ് സൈന്യം ആക്രമണം നടത്തിയതായും അമേരിക്കന്‍ സൈന്യം വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമായത്.

സിറിക്, ഖഷം ദ്വീപുകളിലെ അമേരിക്കന്‍ സൈനിക നടപടികള്‍ക്ക് മറുപടിയായാണ് മേഖലയില്‍ ശത്രുസൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ ആര്‍ ജി സി)പുലര്‍ച്ചെ അവകാശപ്പെട്ടു.

എന്നാല്‍, ബഹ്‌റൈനിലെ യു എസ് അഞ്ചാം ഫ്‌ളീറ്റിന്റെ ആസ്ഥാനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന ഇറാന്റെ അവകാശവാദം സെന്റ്‌കോം തള്ളി. യു എസ് സൈനികര്‍ക്കൊന്നും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും സെന്റ്‌കോം പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പ്രതിസന്ധിയിലാണെന്ന് ഇറാന്‍ അറിയിച്ചു. പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവായ മൊഹ്‌സെന്‍ റിസായിയുടെ അഭിപ്രായത്തില്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ആദ്യനടപടി സ്വീകരിക്കേണ്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്.

അമേരിക്ക വീണ്ടും ആക്രമണം നടത്തിയാല്‍ 'ഇരുണ്ട ഇടനാഴിയിലേക്കുള്ള പ്രവേശനമായിരിക്കും അതെന്ന്' സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ റിസായി മുന്നറിയിപ്പ് നല്‍കി.